കണ്ണൂർ: പ്രണയത്തിനും സംഗീതത്തിനും ഹാസ്യത്തിനും ഒരു പോലെ പ്രാധാന്യം നൽകി വിഷ്ണു നമ്പ്യാർ നായകനായ 'നമസ്തേ ഇന്ത്യ 'അടുത്ത മാസം റിലീസാകുന്നു. ഇന്ത്യയുടെ ദക്ഷിണ അറ്റമായ ധനുഷ് കോടിയിൽ നിന്നും ഹിമാലയം വരെയുള്ള യാത്ര ചിത്രീകരിക്കപ്പെട്ട നമസ്തേ ഇന്ത്യയാണ് വിഷ്ണുവിന്റെ ആദ്യ സിനിമ. ബി.സി. 500 മുതലുള്ള ചരിത്രത്തിലൂടെ ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. രാജ്യത്തെ വ്യത്യസ്ത കാഴ്ചകളുമായി ഒരു സംഗീത -യാത്രാ സിനിമയാണ് ഇതെന്ന് നായകൻ വിഷ്ണു തന്നെ വിശേഷിപ്പിക്കുന്നു. കേരളം, കർണ്ണാടകം, ആഗ്ര, രാജസ്ഥാൻ, ഡൽഹി, കുളു, മണാലി, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് നമസ്തേ ഇന്ത്യയുടെ ചിത്രീകരണം നിർവ്വഹിച്ചിട്ടുള്ളത്.

ഇന്ത്യയിൽ വിനോദ സഞ്ചാരത്തിനെത്തിയ ഇവാഡി ലൂയിസ് എന്ന വെനിസുലക്കാരിയും രോഹിത് എന്ന മലയാളിയും ആഗ്രയിൽ വെച്ച് കണ്ടു മുട്ടുന്നതാണ് ചിത്രത്തിന്റെ തുടക്കം. തുടർന്ന് അവരൊന്നിച്ചുള്ള യാത്രയാണ് ഇതിലെ പ്രമേയം. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലൊരുക്കിയിരിക്കുന്ന ആറ് ഗാനങ്ങൾ ഈ ചിത്രത്തെ കൂടുതൽ പ്രണയ സാന്ദ്രമാക്കുന്നു. അഖിൽ രാജിന്റെ സംഗീത നിർവ്വഹണത്തിൽ സിനോവ് രാജാണ് ഗാനം ആലപിക്കുന്നത്.

ഹോളിവുഡ് നടിയായ എലീനയാണ് ഇവാഡി ലൂയിസായി നായികവേഷം ഇടുന്നത്. കാസർഗോഡ് സ്വദേശി വിഷ്ണു നായകനായി രോഹിത് എന്ന മലയാളിയുടെ വേഷമിടുന്നു. ഒരു സംഗീതഞ്ജന്റെ വേഷമാണ് നായക നടനായ തനിക്കുള്ളതെന്ന് വിഷ്ണു മറുനാടൻ മലയാളിയോട് പറഞ്ഞു. ഷാജി കൈലാസിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അജയ് രവികുമാറിന്റെ ആദ്യ സിനിമയാണ് നമസ്തേ ഇന്ത്യ. ചിത്രത്തിന്റെ രചനയും സംവിധാനവും അദ്ദേഹം തന്നെ നിർവ്വഹിച്ചിരിക്കുന്നു.

ബി.ടെക് ബിരുദധാരിയായ വിഷ്ണു വിദേശത്ത് എഞ്ചിനീയർ ജോലിക്കു വേണ്ടി കാത്തിരിക്കവേയാണ് നമസ്തേ ഇന്ത്യയുടെ നായിക പദവിയിലെത്തുന്നത്. നമസ്തേ ഇന്ത്യക്ക് ഇനിയുമുണ്ട് കാസർഗോഡ് വിശേഷങ്ങൾ. കാസർഗോഡ് നുള്ളിപ്പാടി ചെന്നിക്കരയിലെ ഗ്രീഷ്മയാണ് ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചത്. അനുജൻ അഖിൽ രാജ് സംഗീത നിർവ്വഹണവും നടത്തി. ഈ ചിത്രത്തിലെ 'കളമൊഴിയേ കനിമലരേ....' എന്നു തുടങ്ങുന്ന ഗാനം യൂട്യൂബിലൂടെ തരംഗമായി മാറുകയാണ്. നമസ്തേ ഇന്ത്യയിലെ കാസർഗോഡൻ സാന്നിധ്യവും ഇതോടെ ശ്രദ്ധേയമാവുന്നു.