- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുവിനെ വി എസ്എസ്സിയിൽ നിയമിക്കാൻ ആർബി ശ്രീകുമാർ ആവശ്യപ്പെട്ടു; അതിന് തയ്യാറാകാതെ വന്നതോടെ രോഷാകുലനായി മുറിയിലേക്കു കടന്നുവന്നു; ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മുമ്പാകെ നിർണായക മൊഴിയുമായി നമ്പി നാരായണൻ
കൊച്ചി: ഐസ്ആർഒ ചാരക്കേസ് അന്വേഷിക്കുന്ന സംഘത്തിന് മുന്നിൽ നിർണായക വെളിപ്പെടുത്തലുമായി നമ്പി നാരായണൻ. വിക്രം സാരാഭായി സ്പെയ്സ് സെന്ററിൽ (വി എസ്എസ്സി) ബന്ധുവിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായിരുന്ന ആർബി ശ്രീകുമാർ തന്നെ സമീപിച്ചിരുന്നെന്നും അതു ചെയ്യാത്തതിനാൽ ശ്രീകുമാറിനു തന്നോടു ദേഷ്യം ഉണ്ടായിരുന്നെന്നും നമ്പി നാരായണൻ വെളിപ്പെടുത്തി
ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘത്തിനോടാണ് നമ്പി നാരായണൻ നിർണായകമായ ഇക്കാര്യം അറിയിച്ചത്. ആർബി ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട്, നമ്പി നാരായണന്റെ മൊഴി സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ചു. ശ്രീകുമാർ വി എസ്എസ്സിയിൽ കമാൻഡന്റ് ആയിരുന്നപ്പോഴാണ് ബന്ധുവിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് നമ്പി നാരായണൻ പറയുന്നു. നിയമനങ്ങൾ സുതാര്യമായതിനാൽ അതു നടന്നില്ല. ഇതിൽ രോഷാകുലനായി ശ്രീകുമാർ തന്റെ ഓഫിസിൽ വന്നിരുന്നതായി നമ്പി പറഞ്ഞു.
പുറത്തു പോയില്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്ന് താൻ ശ്രീകുമാറിനോടു പറഞ്ഞു. ഇതിൽ ഖേദിക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തിയാണ് അന്ന് ശ്രീകുമാർ പുറത്തു പോയത്- നമ്പി നാരായണൻ പറയുന്നു. കേസിൽ നമ്പിക്കൊപ്പം അറസ്റ്റിലായ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡി ശശികുമാരന്റെ മൊഴിയും സിബിഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദിച്ചതായി ശശികുമാരൻ പറയുന്നു. 1994 നവംബർ 22ന് തന്നെ പേരൂർക്കട പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി. യൂണിഫോമിലും അല്ലാതെയുമായി ഒരുപാടു പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
പലതും വിഡ്ഢിത്ത ചോദ്യങ്ങളായിരുന്നു. മറുപടി വൈകിയാൽ അപ്പോൾ തല്ലലും തൊഴിക്കലും തുടങ്ങും. ചോദ്യം ചെയ്യലിന്റെ സമയത്ത് സിബി മാത്യൂസൂം ആർബി ശ്രീകുമാർ മറ്റു ചിലരും ഹാജരായിരുന്നു. അവർ ഇതെല്ലാം കണ്ടു ചിരിച്ചുകൊണ്ടു നിന്നു. സിബിയോ ശ്രീകുമാറോ ശാരീരികമായ ഉപദ്രവിച്ചിട്ടില്ല. മർദിച്ച പൊലീസുകാരെ തിരിച്ചറിയാനാവുമെന്നും ശശികുമാരൻ മൊഴിയിൽ പറയുന്നു.
ചാരക്കേസ് ഗൂഢാലോചനയായിരുന്നു എന്ന സിബിഐ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് ഇവർക്കെതിരെയുള്ള മുഖ്യ സാക്ഷികളുടെ മൊഴി കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും വ്യാഴാഴ്ചത്തേയ്ക്കു മാറ്റിവയ്ക്കാൻ സിബിഐക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അഭ്യർത്ഥിക്കുകയായിരുന്നു.
ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒരാഴ്ചത്തേയ്ക്കു കോടതി അറസ്റ്റു തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ, ചാരക്കേസിൽ പ്രതികൾ അനുകൂല വിധി നേടിയത് കൈക്കൂലി നൽകിയാണെന്ന വാദമാണു പ്രതികൾ മുന്നോട്ടു വയ്ക്കുന്നത്. നമ്പി നാരായണനും സിബിഐ അന്വേഷണ ഉദ്യോഗസ്ഥനും ഇടയിലുണ്ടായ ഭൂമി കൈമാറ്റം വ്യക്തമാക്കുന്ന രേഖകൾ ഇവർ കോടതിയിൽ ഹാജരാക്കി. ഇതോടെ കേസിൽ അന്തിമ വാദം കഴിയുന്നതു വരെ അറസ്റ്റു തടയുന്ന നടപടിയാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ ഹൈക്കോടതിയിൽ ഹാജരാക്കാനാണു സിബിഐ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ