- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ 2004-ൽ നടത്തിയ സ്ഥലമിടപാടുകൾ അന്വേഷിക്കണം; ഒട്ടേറെ ഭൂമി നമ്പി നാരായണൻ അന്നത്തെ സിബിഐ ഡിഐജി കൗളിന്റെ പേരിലേക്കു നൽകിയെന്ന് വെളിപ്പെടുത്തൽ; ചാരക്കേസിൽ നിറയുന്നത് വെറും ചാരം മാത്രമോ? സിബിഐ അന്വേഷണത്തിനിടെ പുതിയ ട്വിസ്റ്റുകൾ
കൊച്ചി: നമ്പി നാരായണനും സിബിഐ. മുൻ ഡെപ്യൂട്ടി ഡയറക്ടറും അടക്കമുള്ളവരുമായിനടന്ന ഭൂമിയിടപാടിനെക്കുറിച്ച് അന്വേഷിക്കണമൈന്ന ആവശ്യവുമായി ചാരക്കേസ് ഗൂഢാലോചനക്കേസിലെ പ്രതികൾ ഹൈക്കോടതിയിൽ എത്തുമ്പോൾ കേസ് നിർണ്ണായക വഴിത്തിരവിലേക്ക്. പ്രതികൾ തമ്മിലെ ബന്ധം സ്ഥാപിക്കാനാണ് ഇതിലൂടെ ശ്രമം. സ്ഥലമിടപാടുമായി ബന്ധപ്പെട്ട രേഖകൾ ജാമ്യഹർജിക്ക് അനുബന്ധമായി ഹൈക്കോടതിയിൽ സമർപ്പിച്ചു.
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ 2004-ൽ നടത്തിയ സ്ഥലമിടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത് എന്നിവർക്കായി ഹാജരായ അഭിഭാഷകനാണ് ഈ ആവശ്യമുന്നയിച്ചത്. നാലാംപ്രതി സിബി മാത്യൂസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജിയിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളാണ് ഇവരും ചർച്ചയാക്കുന്നത്.
തിരുനെൽവേലി ജില്ലയിൽ ഒട്ടേറെ ഭൂമി നമ്പി നാരായണൻ അന്നത്തെ സിബിഐ. ഡി.ഐ.ജി. രാജേന്ദ്ര കൗളിന്റെ പേരിലേക്കു നൽകിയെന്നാണ് ആരോപണം. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു രാജേന്ദ്ര കൗൾ. ഈ വിവരങ്ങൾ ഇപ്പോഴാണു ലഭിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട രജിസ്ട്രാർ ഓഫീസിൽനിന്നുള്ള ബാധ്യതാ സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കി. ഏതു സാഹചര്യത്തിലാണ് ഈ ഭൂമി കൈമാറ്റം നടന്നതെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിച്ചാൽ അത് ചാരക്കേസിൽ പുതിയ വഴിത്തിരിവാകും.
മുൻകൂർ ജാമ്യഹർജിയിൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാകില്ലെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളുണ്ടെങ്കിൽ അന്വേഷണ ഏജൻസികൾക്കാണു നൽകേണ്ടത് എന്നായിരുന്നു വാദം. എന്നാൽ സിബിഐ.ക്കുമുന്നിൽ രേഖകൾ ഹാജരാക്കിയെങ്കിലും സ്വീകരിച്ചില്ലെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. റോ, ഐ.ബി. ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത സംയുക്തയോഗത്തിന്റെ തുടർച്ചയായാണ് നമ്പി നാരായണനെയടക്കം അറസ്റ്റുചെയ്യുന്നത്. നമ്പി നാരായണന്റെ അറസ്റ്റിൽ തങ്ങൾക്കു പങ്കില്ലെന്നും ഹർജിക്കാർ വാദിച്ചു.
സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ഗൂഢാലോചനക്കേസിൽ അന്വേഷണം നടത്തുന്നതെന്ന് എ.എസ്.ജി. വ്യക്തമാക്കി. ആവശ്യമെങ്കിൽ മാത്രമേ അറസ്റ്റ് ഉണ്ടാകൂ. ജെയിൻ കമ്മിഷൻ റിപ്പോർട്ട് പ്രാഥമിക രേഖയായി കണക്കാക്കിയുള്ള അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും വാദിച്ചു. കേസിൽ കക്ഷിചേരാൻ മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ഹർജിയിലെ പിഴവ് ചൂണ്ടിക്കാട്ടിയാണിത്. നമ്പി നാരായണന്റെ വാദത്തിനായി ഹർജി 19-നു പരിഗണിക്കാൻ മാറ്റി. അതുകൊണ്ട് തന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടുകളിൽ വിശദീകരണത്തിന് കോടതിയിൽ തന്നെ നമ്പി നാരായണനും അവസരമുണ്ടാകും. രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആർ ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ 18 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ന്യൂഡൽഹി സിബിഐ കേസെടുത്തിരുന്നു.
മുൻ ഡിഐജി സിബി മാത്യൂസ് , സ്പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയൻ , വഞ്ചിയൂർ എസ്. ഐ തമ്പി. എസ് ദുർഗാ ദത്ത് , സിറ്റി പൊലീസ് കമ്മീഷണർ വി. ആർ. രാജീവൻ , ഡിവൈഎസ്പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇന്റലിജന്റ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ , ഇന്റലിജന്റ്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ , അസിസ്റ്റന്റ് ഡയറക്ടർ സി.ആർ.ആർ.നായർ , ഡി സി ഐ ഒ ജി.എസ്. നായർ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐബി എ സി ഐ ഒ റ്റി. എസ്. ജയപ്രകാശ് , ക്രൈംബ്രാഞ്ച് നർക്കോട്ടിക് സെൽ എസ്പി. ജി. ബാബുരാജ് , ജോയിന്റ് ഡയറക്ടർ മാത്യു ജോൺ , ഡി സി ഐ ഒ ജോൺ പുന്നൻ , ബേബി , സ്പെഷ്യൽ ബ്രാഞ്ച് എ റ്റി ഐ ഒ ഡിന്റ മത്യാസ് , സ്റ്റേറ്റ് ഇന്റലിജന്റ്സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതിചേർത്താണ് സിബിഐ കേസെടുത്തത്. കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന പൊലീസുദ്യോസ്ഥർക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്.
മറുനാടന് മലയാളി ബ്യൂറോ