തിരുവനന്തപുരം:ഏറെ കോളിളക്കം സൃഷ്ടിച്ച ചാരക്കേസിലെ ദുരന്ത നായകനും പിന്നീട് അഗ്‌നി ശുദ്ധി വരുത്തി തിരികെ വന്നയാളുമാണ് നമ്പി നാരായണൻ. ഒർമ്മകളുടെ ഭ്രമണപഥം എന്ന പേരിൽ ഇപ്പോൾ ആത്മകഥയുമായി രംഗത്ത് വരികയാണ്. ഈ മാസം 26ന് ശശി തരൂരാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ചാരക്കേസിൽ ആരോക്കെ ഇടപെട്ടുവെന്നും എന്തൊക്കെ സംഭവിച്ചുവെന്നും എല്ലാം തന്നെ വിശദമായി പുസ്തകത്തിൽ പറയുന്നുണ്ടെന്നും. ഇപ്പോൾ തന്റെ ആവശ്യം കള്ളക്കേസാണെന്ന് തെളിഞ്ഞ ചാരക്കേസിന് പിന്നിലെ യഥാർഥ ലക്ഷ്യം എന്തായിരുന്നുവെന്ന് അറിയുക എന്നതാണ് എന്നും അദ്ദേഹം മറുനാടൻ മലയളിയോട് പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് നേതൃത്വം കെ കരുണാകരനെ സ്ഥാനത്ത് നിന്നും മാറ്റി പകരം ആന്റണിയെ അവരോധിക്കുന്നതിനാണ് ഈ സംഭവത്തെ ഉപയോഗിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഐ.എസ്.ആർ.ഒ. ചാരക്കേസ്. തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം.

അഭിമുഖത്തിന്റെ പൂർണ രൂപത്തിലേക്ക്

ഓർമ്മകളുടെ ഭ്രമണപദം എന്ന പുസ്തകം എഴുതുന്നതിലേക്ക് എത്തിയതിനെകുറിച്ചും പുസ്തകത്തെക്കുറിച്ചും?

ശരിക്കും പറഞ്ഞാൽ ഇത് എന്റെ ആത്മകഥ തന്നെയാണ്. എന്റെ കോളേജ് ജീവിതം തിരുവനന്തപുരത്ത് ഐഎസ്ആർഒയിൽ ജോലി നോക്കിയ കാലം, പിന്നെ ഡോക്ടർ സാരാഭായ്, സതീഷ് ധവാൻ അബ്ദുൽ കലാം സാർ ഇവരുമായൊക്കെ പ്രവർത്തിച്ച അനുഭവം,പിന്നെ അന്ന് 1966ൽ ഐഎസ്ആർഒയിൽ ജോലി ചെയ്യുമ്പോൾ വെറും 25 എഞ്ചിനീയർമാർ മാത്രമാണുള്ളത്. ഇന്ന് അത് ഇരുപത്തിയയ്യായിരമായി മാറിയിട്ടുണ്ട്. അപ്പോൾ ഐഎസ്ആർഒയുടെ എവല്യൂഷൻ മുഴുവൻ ലഇ പുസ്തകത്തിലുണ്ട്. പിന്നെ ഓരോ പ്രോജക്റ്റും വന്നതിനെക്കുറിച്ചും പിന്നെ പ്രധാനമായും ചാരക്കേസിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ചാരക്കേസിന്റെ യാഥാർഥ്യങ്ങളെക്കുറിച്ച് ?

ബുക്കിൽ പറയുന്നത് മുഴുവൻ ഇപ്പോൾ പറയാൻ കഴിയില്ല. ചാരക്കേസ് എങ്ങനെയാണ് ഉണ്ടായതെന്നും ആരൊക്കെയാണ് അതിന് പിന്നിലെന്നും പിന്നെ അത് എങ്ങനെ മുന്നോട്ട് പോയെന്നും എങ്ങനെ അവസാനിച്ചെന്നും ആരൊക്കെ എന്തക്കെ ഇടപെടൽ നടത്തിയെന്നും വ്യക്തമായി പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ചാരക്കേസിന്റെ ആദ്യം മുതലുള്ള കാര്യങ്ങൾ പറയുന്നുണ്ട് പുസ്തകത്തിൽ.

സിബി മാത്യൂസിന്റെ രാജി ആരോപണങ്ങൾ ?

രാജി വെയ്ക്കാനുള്ള തീരുമാനവും ചാരക്കേസും തമ്മിൽ ഒരു ബന്ധവുമില്ല. രാജി വെയ്ക്കാൻ തീരുമാനിച്ചത് പക്ഷേ വ്യക്തിപരമായ കാര്യങ്ങളാലായിരുന്നു. കേരള പൊലീസും ഇന്റലിജൻസ് ബ്യൂറോയും പറഞ്ഞത്. രാജിവെയ്ക്കാനുള്ള തീരുമാനമാണ് നിങ്ങളെ സംശയിക്കാൻ കാരണമെന്ന്. എന്നാൽ അപ്പോൾ ഞാൻ അവർക്ക് നൽകിയ മറുപടി എന്തെങ്കിലും കുറ്റം ചെയ്തിരുന്നുവെങ്കിൽ ഞാൻ രാജിവെയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുകപോലും ഇല്ലായിരുന്നുവെന്നാണ്. എന്റെ ഈ വാദം പിന്നീട് സിബിഐക്ക് വ്യക്തമായി മനസ്സിലാവുകയും ചെയ്തു. രാജി വച്ചാൽ നോട്ടപുള്ളിയാകില്ലേ അത് തന്നെയാണ് എന്റെ ഭാഗത്ത് നിന്നുള്ള ഏറ്റവും വലിയ തെളിവ്.

ഇന്റലിജൻസ് മേതാവിയായിരുന്ന ആർ.ബി ശ്രീകുമാർ പിന്നെ സിബി മാത്യൂസ് എന്നിവരുടെ ഇടപെടലുകൾ ?

ഓരോരുത്തർക്കും ഓരോ റോൾ ഉണ്ടായിരുന്നു. ഇവരുടെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇരുവരും ചെയ്തത് എന്താണെന്നും പിന്നീട് അതിന് ശേഷം കേസിന്റെ തുടർച്ചയായി എന്തൊക്കെ ചെയ്തുവെന്നും പിന്നീട് അതിന്റെ നിയമ പോരാട്ടങ്ങളെകുറിച്ചുമ്ലെലാം തന്നെ പ്രതിപാദിക്കുന്നുണ്ട്.

എന്നാൽ ഇതെ്കകുറിച്ച് വിശദമായി പറയാൻ കഴിയില്ല അത് പുസ്തകം വായിച്ച് തന്നെ മനസ്സിലാക്കണം.പിന്നെ ഇതൊക്കെ എല്ലാവർക്കും വ്യക്തമായ് അറിയാം. പിന്നെ പുസ്തകത്തിൽ പറയുന്നത് ഓരോന്നിനെക്കുറിച്ചുമുള്ള എന്റെ അനുഭവങ്ങളെക്കുറിച്ചാണ്.

ചാരക്കേസിൽ സിഐഎയുടെ ഇടപെടലുകളെക്കുറിച്ച് ?

സിഐഎ അല്ലെങ്കിൽ ഏതൊരു വിദേശ സംഘടനയുമാകട്ടെ നമ്മൾ നന്നായി നമ്മുടെ ജോലി ചെയ്യുമ്പോൾ അവർക്ക് നമ്മൾ ഒരു എതിരാളിയായി മാറുകയാണ്. നമ്മൾ അവരുടെ അതേ ക്വാളിറ്റിയിൽ ഒരു സാധനം നിർമ്മിക്കുകയും അതിലും വിലകുറച്ച് വിൽക്കുന്നുവെങ്കിൽ അവരുടെ പ്രശ്നങ്ങൾ കൂടും എന്നതാണ് സത്യം അത് തന്നെയായിരിക്കും അവർക്ക് ഈ വിഷയത്തിലുണ്ടായിരുന്ന താൽപര്യവും അപ്പോൾ അവർ നമ്മളെ പാളം തെറ്റിക്കാനും നമ്മുടെ പദ്ധതികൾ താമസിപ്പിക്കാനും ശ്രമിക്കും എന്നതാണ് വാസ്തവം.

ഐഎസ്ആർഒയുടെ വാർഷിക റിപ്പോർട് നോക്കിയാൽ ഓരോ വർഷവും ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ പറയുന്നുണ്ട്. വൈുന്നതിന്റെ കാരണം ക്രയോജനിക് വിദ്യ ചാരക്കേസ് കാരണം നമുക്ക് ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്തു. അന്ന് അത് ഉപയോഗിക്കാൻ പറ്റിയിരുന്നെങ്കിൽ വളരെ ഗുണകരമായേനെ. ഈ കേസ് കാരണം ഐഎസ്ആർഒയുടെ പദ്ധതികൾ ഒരുപാട് മാറിപ്പോയി തലപ്പത്തും മാറ്റമുണ്ടായി.

ചാരക്കേസും കോൺഗ്രസിലെ ഗ്രൂപ്പ് പോരും ?

ഗ്രൂപ് പോര് മാത്രമാണ് ഇതിന്റെ കാരണം എന്ന് പറയാൻ പറ്റില്ല. പൊലീസ് തലപ്പത്ത് നിന്ന് തന്നെയായിരുന്നു ഇതിന്റെ തുടക്കം. കോൺഗ്രസ് ഈ ചാരക്കേസിനെ അവരുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചു എന്ന് പറയുന്നതാണ് ശരി. കോൺഗ്രസ് പാർട്ടി ഇത് ഉപയോഗിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിയായ കെ കരുണാകരനെ മാറ്റി ആ സ്ഥാനത്തേക്ക് എകെ ആന്റണിയെകൊണ്ട വരിക എന്നതിനായി ഉപയോഗിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

ചാരക്കേസും മാധ്യമങ്ങളുടെ അന്നത്തെ ഇടപെടലുകളും ?

അന്നത്തെ മാധ്യമങ്ങളുടെ ഇടപെടലുകളെക്കുറിച്ച് പറയുകയാണെങ്കിൽ പ്രധാനമായിട്ടും വിവരക്കേടാണ് അന്ന് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി. സെൻസേഷണൽ ന്യൂസാണല്ലോ പ്രധാനം. പിന്നെ അന്ന് സയൻസ് റിപ്പോർട് ചെയ്യാനുള്ള യോഗ്യതയുള്ള പത്രക്കാാരൊന്നും ഇല്ലായിരുന്നു. പൊലീസ് ഡിപ്പാർട്മെന്റ് തന്നെ ഒഫിഷ്യൽ സീക്രട്ടസ് ആക്ററിലുള്ള ഈ കേസിനെ പൊലീസ് കേസായ് എടുത്തതും അത്തരമൊരു വിവരക്കേടിന്റെ ഭാഗമാണ്. പത്രക്കാർക്ക് തന്നെ അറിയില്ലായിരുന്നു എന്തൊക്കെയാണ് എഴുതി വിടുന്നത്.

മെഡിക്കൽ കോളേജിന് അടുത്ത് ഒരു വീട്ടിൽ വച്ചാണ് ഈ വാർത്ത തന്നെ നിർമ്മിച്ചത്. അന്നത്തെ പത്ര വാർത്തകൾ പരിശോധിച്ചാലറിയാം എല്ലാം ഒരുപോലെയാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല. എല്ലാവർക്കും വാർത്തകളും വിവരങ്ങളും നൽകിയിരുന്നത് ഒരേ ഉറവിടം തന്നെയായിരുന്നു എന്നതാണ്. എഴുതാൻ തുടങ്ങിയപ്പോൾ പിന്നെ അവർ എന്നെ കുറിച്ച് പരമാവധി എഴുതി.

ചാരക്കേസിൽ ജയിൽവാസം എന്ന അനുഭവം എങ്ങനെയായിരുന്നു ?

ജയിൽ ജീവിതത്തെക്കുറിച്ച് വിശദമായി തന്നെ പറയുന്നുണ്ട് ഈ പുസ്തകത്തിൽ. ജയിൽ ജീവിതം എന്ന് പറയുന്നത് സാധാരണ ജീവിതം പോലെ അല്ലെന്ന് ല്ലൊവർക്കും വ്യക്തമായിട്ട് അറിയാം. ഈ പുസ്തകത്തിൽ ഒരു കാര്യവും കള്ളമല്ല. എന്റെ കൂടെ അപ്പോൾ തടവിലുണ്ടായിരുന്നത് റിപ്പർ ഉൾപ്പടെയുള്ളവരാണ്. ആ സംഭവങ്ങളൊക്കെ വിശദമായി തന്നെ പറയുന്നുണ്ട്. ഇത് ഒരു കള്ളക്കേസാണെന്ന് പിന്നീട് തെളിഞ്ഞതാണ്. അതിനെതിരെ നിരവധിപേർ അപ്പീൽ പോയി. വീണ്ടും തള്ളിപ്പോയി, കള്ളക്കേസാണെന്ന് പിന്നീട് എല്ലാവർക്കും മനസ്സിലായി. അപ്പോൾ ചെയ്യാത്ത കുറ്റത്തിനാണ് ജയിലിൽ കഴിഞ്ഞത്. അതിൽ ആദ്യത്തെ ദിവസങ്ങളിൽ വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

ചാരക്കേസ് കള്ളക്കേസാണെന്ന് എല്ലാവർക്കും അറിയാം. രാഷ്ട്രീയപരമായ കാര്യമാണോ അതോ മറ്റെന്തെങ്കിലുമോ ആണെന്നോ പരിശോധിച്ച് പറയേണ്ടതായിരുന്നു. പിന്നെ ഇപ്പോഴും എന്റെ ആവശ്യം നിസ്സാരമാണ് ഈ കേസ് കള്ളക്കേസാണെന്ന് എല്ലാവർക്കുമറിയാം അപ്പോൾ എന്തായിരുന്നു ഈ കള്ളക്കേസിന്റെ പിന്നിലെന്നാണ് ഇനി അറിയേണ്ടത്. മൂന്നാംമുറപോലുള്ള പ്രയോഗങ്ങളെക്കുറിച്ചു പറയുന്നത് ശരിയാണ്. ആദ്യത്തെ ആറ് ദിവസത്തെ ഓർമ്മകൾ വളരെ മോശമായിരുന്നു. പിന്നെ ഐസ് കട്ടയിലൊക്കെ ഇരുത്തി എന്ന് പറയുന്നത് വെറുതെ പറയുന്നകാര്യങ്ങളാണ്.

ചാരക്കേസിന് ശേഷം ഐഎസ്ആർഒ ഓഫീസിലേക്ക് പോയതിനെക്കുറിച്ചും അബ്ദുൽ കലാമിന്റെ സമീപനത്തെക്കുറിച്ചും ?

1994ൽ ആണ് ചാരക്കേസ് 1996ൽ കുറ്റവിമുക്തനാക്കി. 1998ലാണ് സുപ്രീം കോടതിയുടെ വിധി വന്നത്. പിന്നെ മൂന്ന് വർഷം കൂടി അവിടെ തിരികെ ജോലിയിലേക്ക് പോയി. അപ്പോൾ ആരും എന്നോട് മോശമായി പെരുമാറിയിരുന്നില്ല. പിന്നെ പഴയപോലെ ഒരു ലീഡർഷിപ്പ് ജോലിയിലേക്ക് ആയിരുന്നില്ല തിരിച്ച് പോക്ക്. തിരിച്ച് ജോലിയിൽ പ്രവേശിച്ച ശേഷം നിരവധി തവണ മുൻ രാഷ്ട്രപതി കലാം സാറിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന കാര്യം അദ്ദേഹത്തിന് വളരെ വ്യക്തമായി തന്നെ അറിയാമായിരുന്നു. കള്ളക്കേസാണ് വെറുതെ എന്തിനാ കേസിനൊക്കെ പോകുന്നത്. ഇവർക്കുള്ള ശിക്ഷ ദൈവം നൽകും എന്നാണ് അദ്ദേഹം പറഞ്ഞത്.

ചാരക്കേസിനെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കുന്നതിനെക്കുറിച്ച്?

സംഭവത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കുന്നുവെന്ന് പലപ്പോഴും കേട്ടതാണ് പലപ്പോഴും ഇതേ കാര്യവുമായി വന്നിട്ടുണ്ട് പലരും എന്നാൽ അതിനൊപ്പം തന്നെ സിനിമ സാമ്പത്തികമായി വിജയിക്കുമോ എന്ന ആശങ്ക പലർക്കും ഉണ്ടായിരുന്നുവെന്നതാണ് സത്യം. ഒരു പ്രപോസൽ വന്നിട്ടുണ്ട്. പിന്നീട് ഇപ്പോൾ വേറെയും പ്രപ്പോസൽ വന്നിട്ടുണ്ട്. പക്ഷേ എന്താകുമെന്ന് അറിയില്ല. രാഷ്ട്രീയക്കാരുടെ ഇടപെടലുകളും ഉണ്ടായേക്കാം എനിക്ക് ചെയ്യാൻ പറ്റുന്നത് കഥ പറഞ്ഞ് കൊടുക്കുക എന്നത് മാത്രമാണ്.

ഈ സംഭവങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ എന്തിനായിരിക്കാം ചാരക്കേസിൽ താങ്കളെ പിടിച്ചിട്ടത്?

എന്റെ ബലമായ വിശ്വാസം ഇപ്പോഴും ചാരക്കേസിന് പിന്നിൽ ഒരു വിദേശ ശക്തിയാണെന്ന് തന്നെയാണ്. വിദേശ ശക്തികളുടെ ഇടപെടൽ ഇവിടെ ഉണ്ടായത്. ഇതിനകത്ത് കളിച്ചത് കുറച്ച് ധൈര്യമുള്ളവർ തന്നെയാണ്. ഉദ്യോഗസ്ഥരും വിദേശ സംഘടനകളും തന്നെയാണ് ഇതിന് പിന്നിൽ. അതിന്റെ പിന്നിലെ കാരണം മാത്രമാണ് എനിക്കും അറിയേണ്ടത്.

പുസ്തകത്തെകുറിച്ചുള്ള പ്രതീക്ഷകൾ?

എല്ലാ എഴുത്തുകാരെയും പോലെ വലിയ പ്രതീക്ഷകളാണുള്ളത്. എല്ലാവരും പുസ്തകം വായിക്കണം. ഇതിൽ പറഞ്ഞിട്ടുള്ളതെല്ലാം സത്യമായ കാരയങ്ങൾ മാത്രമാണ്. ചില സംശയങ്ങൾ ബാക്കി വന്നേക്കാം. ചിലപ്പോൾ ഇത് പുറത്ത് വരുമ്പോൾ ശത്രുതയോ വൈരാഗ്യമോ വിവാദമോ ഒക്കെ തന്നെ ഉണ്ടായേക്കാം. പിന്നെ അതൊക്കെ മനുഷ്യ സഹജമാണെന്ന് മാത്രമെ കരുതേണ്ടതുള്ളു.