തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാൻ വീണ്ടും ചാരക്കേസ് വരുന്നു. ഹോളിവുഡ് ചിത്രമായി ചാരക്കേസ് വെള്ളിത്തിരയിലെത്തും. തിരക്കഥ പൂർത്തിയാകുന്നത് കേസിൽ കുറ്റവാളിയായി ചിത്രികരിക്കപ്പെട്ട് ജയിലിടച്ച നമ്പി നാരായണന്റെ സഹകരണത്തോടെയാണ്. തന്റെ കഥ സിനിമയാകുമെന്ന സൂചനകൾ കുറ്റവിമുക്തനായ നമ്പീ നാരായണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ് നടൻ മാധവനാകും സിനിമയിൽ നമ്പി നാരായണനാകുക. ഹോളിവുഡ് കമ്പനിയായ 21 സെഞ്ച്വറി ഫോക്സാണ് സിനിമയുടെ നിർമ്മാതാക്കൾ.

അപസർപ്പക കഥകളെ തോൽപ്പിക്കും വിധം ഒരു കാലത്ത് ഇന്ത്യൻ പൊതുസമൂഹത്തെ വല്ലാതെ വരിഞ്ഞു മുറുക്കിയ സംഭവമായിരുന്നു ചാരക്കേസ്. കേരളത്തിൽ ഉടലെടുത്ത ചാരക്കേസ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കുതന്ത്രത്തിന് ഉദാഹരണവുമാണ്. ചാരക്കേസിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി നമ്പി നാരായണൻ വേദനിക്കുന്ന ഓർമ്മപ്പെടുത്തലായി തുടരുകയും ചെയ്യുന്നു. പലപ്പോഴായി ചാരക്കേസിന് പിന്നിലെ രാഷ്ട്രീയക്കളികളും കെണികളും കുതന്ത്രങ്ങളും പുറത്തു വന്നതുമാണ്.

എന്നാൽ കോടതി കുറ്റവിമുക്തനാക്കിയ ശേഷവും ചാരക്കേസിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ പൂർണമായി പുറത്തു വന്നിരുന്നില്ല. ഇന്ത്യൻ പൊതുസമൂഹം സത്യമറിയണമെന്ന് ഇത്രമേൽ ആഗ്രഹിക്കുന്ന മറ്റൊരു സംഭവവുമില്ല. എന്നാൽ അതിന് അവസരമൊരുങ്ങുകയാണ്. ചാരക്കേസ് ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രമായി വെള്ളിത്തിരയിലെത്തും. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായാണ് ചാരക്കേസ് സിനിമയാകുന്നത്. ഹോളിവുഡിലെ വമ്പൻ നിർമ്മാണകമ്പനിയായ 21 സെഞ്ച്വറി ഫോക്സാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ എടുത്ത സ്ലം ഡോഗ് മില്ല്യണയർ എന്ന സിനിമ ഹോളിവുഡിൽ തരംഗമായിരുന്നു. ഓസ്‌കറിൽ നിരവധി പുരസ്‌കാരവും നേടി. അതിന് ശേഷം ഇന്ത്യയിൽ നിന്നെത്തുന്ന ആദ്യ ശ്രദ്ധേയ ചിത്രമാണ് നമ്പി നാരായണന്റെ കഥ.

ടൈറ്റാനിക് പോലുള്ള കാലാതിവർത്തികളായ ചിത്രങ്ങൾ നിർമ്മിച്ച കമ്പനിയാണ് 21 സെഞ്ച്വറി ഫോക്സ്. തമിഴ് നടൻ മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മലയാളത്തിൽ നിന്നും സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഡിപ്പാർട്ട്മെന്റിൽ അംഗമമാണ്. മിക്കവാറും മലായളം ഫിലിം ഇൻഡസ്ട്രീയിൽ നിന്നും പ്രജേഷ് സെൻ മാത്രമാകും ചിത്രത്തിന്റെ ഭാഗമാകുക. റിലീസിന് തയ്യാറായിരിക്കുന്ന കാപ്റ്റൻ എന്ന ജയസൂര്യ ചിത്രത്തിന്റെ സംവിധായകനാണ് മാധ്യമ പ്രവർത്തകൻ കൂടിയായ പ്രജേഷ് സെൻ.

പ്രജേഷ് നമ്പി നാരായണന്റെ സംഭവബഹുലമായ ജീവിതം പുസ്തകരൂപത്തിലാക്കിയിരുന്നു. നമ്പി നാരായണന്റെ പൂർണ സഹകരണത്തോടെയാണ് ഈ വമ്പൻ സിനിമയുടെ തിരക്കഥ പൂർത്തിയാകുന്നത്. അതുകൊണ്ട് തന്നെ ചാരക്കേസിലെ ഇതുവരെ പുറംലോകമറിയാത്ത കാര്യങ്ങളാകും ചിത്രം പറയുക എന്ന് തീർച്ചയാണ്. നടൻ മാധവനും നമ്പി നാരായണനും പ്രജേഷ് സെന്നുമായയി ചെന്നൈയിൽ കൂടിക്കാഴ്ച നടന്നിരുന്നു.

നിരപരാധിയായ ശാസ്ത്രജ്ഞന്റെ ജീവിതം തുലാസിലാക്കിയ രാഷ്ട്രീയ കളികളിൽ തിരുവനന്തപുരം കേന്ദ്രമാക്കിയ മാധ്യമ പ്രവർത്തകർക്കും വലിയ പങ്കുണ്ടായിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത വാർത്തകളെഴുതി ചാരക്കേസിനെ അപസർപ്പക കഥകൾക്കു തുല്യമാക്കിയത് തലസ്ഥാനത്തെ പ്രമുഖരായ മാധ്യമ പ്രവർത്തകാരായിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പടെ പ്രദിപാതിച്ചാകും ചിത്രം വെള്ളിത്തിരയിലെത്തുക.

ഹോളിവുഡിൽ വമ്പൻ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഈ സിനിമ ചെയ്യുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള വെളിപ്പെടുത്തലുകൾ ചിത്രത്തിലുണ്ടാകും. തുടക്കത്തിൽ ഹിന്ദിയിലും മലയാളത്തിലുമായി ചെയ്യാനിരുന്ന സിനിമ ഇന്ത്യയിലുണ്ടായേക്കാവുന്ന രാഷ്ട്രീയ സമ്മർദ്ദങ്ങൾ മുന്നിൽക്കണ്ടാണ് ഹോളിവുഡിലേക്ക് ചുവട് മാറ്റിയത്. ഈ വാർത്ത പുറത്തു വരുന്നതോടെ പല രാഷ്ട്രീയ കേന്ദ്രങ്ങളുടെയും ഉറക്കം നഷ്ടപ്പെടുമെന്ന് ഉറപ്പ്.