ന്യൂഡൽഹി: അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു..കാക്ക കൊത്തി കടലിലിട്ടു.... എന്ന് പറഞ്ഞതു പോലെയാണ് നെയ്യപ്പത്തിന്റെ അവസ്ഥ. നെയ്യപ്പത്തിന് ആഗോളപ്രശസ്തി കൈവരുത്താനുള്ള നെട്ടോട്ടത്തിലാണ് സൈബർ ലോകത്തെ മല്ലൂസ്. എങ്ങനേയും ആൻഡ്രോയിഡിന്റെ പുതിയ പതിപ്പിന് നെയ്യപ്പമെന്ന പേര് നേടിയെടുക്കാനാണ് നീക്കം.

കൂടുതൽ മികച്ച ഫീച്ചറുകളുമായാണ് ആൻഡ്രോയ്ഡിന്റെ അടുത്ത പതിപ്പ് 'എൻ(N)' വരുന്നത്. ഇതിനിടെ പുതിയതായി വരാൻ പോകുന്ന ആൻഡ്രോയ്ഡ് N ന് പേരിടാൻ ഗൂഗിൾ പൊതുജനത്തിന് അവസരവും നൽകിയിട്ടുണ്ട്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ ആയതിനാൽ വരാനിരിക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിനു ഇന്ത്യൻ പേരായിരിക്കുമെന്നാണ് നേരത്തെ ചർച്ചകൾ നടന്നിരുന്നു. ആൻഡ്രോയ്ഡ് N ന് പേരിടാൻ അവസരം നൽകുന്ന പേജു തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട, മികച്ച പേരിലായിരിക്കും ആൻഡ്രോയ്ഡ് N അറിയപ്പെടുക. പേരുകളുടെ കൂട്ടത്തിൽ മലയാളികളുടെ ഇഷ്ട പലഹാരം നെയ്യപ്പവും മൽസരിക്കുന്നുണ്ട്. ഓൺലൈനിലെ മലയാളികൾ ഒത്തുപിടിച്ചാൽ അടുത്ത ആൻഡ്രോയ്ഡ് പേര് നെയ്യപ്പം എന്നാക്കാം.

നെയ്യപ്പത്തിനു പുറമെ നാരങ്ങാ മിഠായിയും പട്ടികയിലുണ്ട്. നേരത്തെ ആൻഡ്രോയ്ഡ് പുറത്തിറക്കിയ എല്ലാ പതിപ്പുകൾക്കും മധുരപേരുകളായിരുന്നു. ഈ പേരുകൾ പട്ടികയിൽ ഇടം പിടിച്ചതോടെ മലയാളികൾ ആവേശത്തിലായി. നെയ്യപ്പത്തിനൊപ്പമാണ് മലയാളിയുടെ മനസ്സ്. കാരണം അത് കേരളത്തിന്റെ കൈയൊപ്പുള്ള പലഹാരമാണ്. ഇത് ആൻഡ്രോയിഡിന്റെ പേരായാൽ മലയാളിയുടേയും കേരളത്തിന്റേയും പെരുമ കൂടുതൽ ഉയരത്തിലെത്തും. നെയ്യപ്പത്തിന് ആവശ്യക്കാരും കൂടും. പേരിന്റെ പ്രത്യേകതയാണ് നെയ്യപ്പത്തേയും മധുര നാരങ്ങാ മിഠായിയേയും ഗൂഗിൾ ഉൾപ്പെടുത്താൻ കാരണം.

ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തമാണ് ആൻഡ്രോയ്ഡ്്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെക്ക് ലോകത്തെ അടക്കി ഭരിക്കുന്നത് ആൻഡ്രോയ്ഡ് ആണ്. ലോകത്തെ ഭീമൻ കമ്പനികൾ പോലും ആൻഡ്രോയ്ഡ് വിപ്ലവത്തിൽ തകർന്നു പോയി. അവരും അവസാനം എല്ലാം ഉപേക്ഷിച്ച് ആൻഡ്രോയ്ഡിന്റെ പിന്നാലെ വരേണ്ടിവന്നു. ആപ്പിൾ മാത്രമാണ് ഈ വെല്ലുവിളി അൽപമെങ്കിലും നേരിട്ട് മുന്നേറുന്നത്.

എല്ലാ അർത്ഥത്തിലും ലോകത്തെ കീഴടക്കാനാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിന് ഗൂഗിൾ രൂപം നൽകുന്നത്. കൂടുതൽ ജനപ്രിതയതിലേക്ക് ഇത് ആൻഡ്രോയിഡിനെ എത്തിക്കുമന്നാണ് വിലയിരുത്തൽ.

ആൻഡ്രോയിഡ് എന്നിന്റെ പേരിടലിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക