ടുവിൽ പാവങ്ങളുടെ ആലിയ ഭട്ട് പ്രതികരിച്ചു. നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയിലൂടെ സൈബർ ലോകത്തിന്റെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന നമിത പ്രമോദാണ് തനിക്കെതിരായ പ്രചാരണങ്ങളിൽ അസ്വസ്ഥതയാണെന്നു പ്രതികരിച്ചത്.

നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടി പലർക്കും പണമായും പ്രശസ്തിയായും സഹായമായി മാറിയപ്പോൾ നടി നമിത പ്രമോദിന് വിനയായി മാറിയത് മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തെക്കുറിച്ചു ചോദിച്ച ചോദ്യത്തിന് നടി തന്നെയായ നമിത തെറ്റിച്ചത് സൈബർ ലോകത്തിന് പുതിയ ഇരയെയാണ് സമ്മാനിച്ചത്.

'പാവങ്ങളുടെ ആലിയ ഭട്ട്' എന്ന വിശേഷണവും നമിതയ്ക്കു ചാർത്തിക്കൊടുക്കാൻ ഈ സംഭവം കാരണമായി. ഇക്കാര്യത്തിൽ തന്റെ നിലപാടു വിശദീകരിച്ചാണ് നമിത രംഗത്തെത്തിയത്. ചുറ്റും വിമർശനങ്ങളും കളിയാക്കലുകളും കാണുന്നത് ഒരു രസമാണെന്നും ഏവർക്കും ഏറ്റവും എളുപ്പം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇതെന്നും നമിത പറഞ്ഞു.

ലൈം ലൈറ്റിന്റെ മുന്നിൽ ഇരുന്നു ചോദ്യങ്ങൾ നേരിടുമ്പോഴേ അതിന്റെ ബുദ്ധിമുട്ടുകൾ മനസിലാകൂ എന്നും നമിത പറയുന്നു. തനിക്കെതിരെ സൈബർ ലോകം ആഞ്ഞടിക്കുന്നതിൽ വിഷമമുണ്ടെങ്കിലും ഇത്തരം പരിഹാസങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നു നമിത പറഞ്ഞു.

'ഇത്തരം ഷോകളിൽ എപ്പിസോഡ് ചിത്രീകരിക്കുന്നതിനു മുൻപു തന്നെ സെലിബ്രിറ്റികൾക്ക് ഉത്തരം പറഞ്ഞു കൊടുക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ സെലിബ്രിറ്റികൾക്കും മത്സരാർഥികൾക്കും വിവേചനമൊന്നുമില്ലെന്നതാണ് തന്റെ അനുഭവം. എന്നാൽ, അബദ്ധം പറ്റിയതിനു കാരണം ഇതൊന്നുമല്ല. വളരെ ടെൻഷനിലായിരുന്നു ഞാൻ. ഷോയുടെ അന്തരീക്ഷം, ലൈറ്റ്, മ്യൂസിക് ഇവയെല്ലാം എന്നിൽ ടെൻഷൻ ഉണ്ടാക്കി'- നമിത പറഞ്ഞു.

സമാനമായ അനുഭവം ആലിയ ഭട്ടിനും ഒരു ടിവി പരിപാടിക്കിടെ നേരിടേണ്ടി വന്നതാണ് നമിതയ്ക്ക് പാവങ്ങളുടെ ആലിയ ഭട്ടെന്ന പേരുവീഴാൻ കാരണമായത്. 'അത്തരമൊരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ മാത്രമേ എത്രത്തോളം കഠിനമായിരുന്നു അതെന്ന് മനസിലാകൂ എന്നും നമിത പറയുന്നു. പരിപാടിയുടെ ടാഗ് ലൈൻ പോലെ തന്റെ ജീവിതവും ഒരൊറ്റ ചോദ്യം കൊണ്ട് മാറിമറിഞ്ഞെന്നും നമിത പ്രമോദ് പറഞ്ഞു.

കോടീശ്വരന്റെ ഹോട്ട് സീറ്റിൽ ആദിവാസികൾക്കായി മത്സരിക്കാനെത്തിയ നമിതയോട് സുരേഷ് ഗോപിയുടെ ആദ്യചോദ്യം സിനിമയിൽ നിന്നായിരുന്നു. ആർജെ സൈറ, കൃഷ്ണൻ പി പി, മീനാക്ഷി എന്നീ പേരുകൾ ഏത് സിനിമയിലെ കഥാപാത്രമെന്നായിരുന്നു ചോദ്യം. പട്ടം പോലെ, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്‌സ്, നേരം എന്നിവയായിരുന്നു ഓപ്ഷൻ. നമിതയുടെ ഉത്തരം പട്ടം പോലെ എന്നായിരുന്നു. പക്ഷെ ഹിറ്റായി ഓടിയ ബാംഗ്ലൂർ ഡെയ്‌സിലെ കഥാപാത്രങ്ങളായിരുന്നു ഇത്. സിനിമാ നടി തന്നെ ഇത് തെറ്റിച്ചത് സഹിക്കവയ്യാതെയാണ് സൈബർ ലോകം നമിതയെ കടന്ന് ആക്രമിച്ചത്. തെറ്റ് മനസ്സിലായപ്പോൾ ചിത്രം കണ്ടിട്ടുണ്ടെന്നും പേര് കേട്ടപ്പോൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെന്നുമായിരുന്നു നമിത പരിപാടിയിൽ പറഞ്ഞിരുന്നത്. തന്നെ പരിഹസിച്ച് സൈബർ ലോകത്തു പ്രചരിക്കുന്ന ചിത്രങ്ങൾ സ്വന്തം ഫേസ്‌ബുക്ക് പേജിൽ നമിത പോസ്റ്റുചെയ്തിട്ടുമുണ്ട്.