ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ 'നമോ ആപ്' ഡൗൺലോഡ് ചെയ്യുന്നവരുടെ വ്യക്തിവിവരങ്ങൾ യുഎസ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെട്ടെന്ന ആരോപണത്തോട് പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. വിഷയം രാഹുൽ ഗാന്ധിയും പ്രതിപക്ഷവും ആയുധമാക്കുമ്പോഴും മൗനം പാലിക്കുകയാണ് മോദി. പ്രധാനമന്ത്രിക്കെതിരായ ആരോപണമെന്ന നിലയിൽ ഈ ആരോപണത്തെ ദേശീയ മാധ്യമങ്ങൾ അവഗണിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തുണ്ട്.

ആപ് ഡൗൺലോഡ് ചെയ്ത അരലക്ഷത്തിലേറെ പേരുടെ സ്വകാര്യവിവരങ്ങൾ 'ക്ലെവർട്രാപ്'എന്ന യുഎസ് കമ്പനിയുടെ ഡൊമൈനിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നാണ് പുറത്തുവന്ന വെളിപ്പെടുത്തൽ. 'നമോ' ആപ് നടത്തിപ്പുകാർ അറിഞ്ഞുകൊണ്ടാണ് വിവരം ചോർത്തിയതെന്ന് സ്ഥിരീകരിക്കുകയാണ് പ്രധാനമന്ത്രി കാര്യാലയത്തിന്റെ മൗനമെന്ന വിധത്തിൽ വ്യാഖ്യാനങ്ങൾ വന്നു കഴിഞ്ഞും. അതേസമയം ഫേസ്‌ബുക്ക് പോലും വിവര ചോർച്ചയുടെ പേരിൽ കടുത്ത വിചാരണ ചെയ്യപ്പെടുമ്പോൾ താൽക്കാലിക രക്ഷ തേടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മൗനവും. എന്നാൽ, ബിജെപി സൈബർ വിഭാഗവും പിആർ വിഭാഗവും ആരോപണത്തെ പ്രതിരോധിച്ച് രംഗത്തുണ്ട്.

'നമോ' ആപ് ഡൗൺലോഡ് ചെയ്തവരുടെ പേര്, ലിംഗം, ഇ മെയിലുകൾ, ചിത്രങ്ങൾ തുടങ്ങിയവ യുഎസ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെട്ടതായി ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകൻ എലിയട്ട് ആൾഡേഴ്‌സൺ ആണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. നമോ ആപ്പിൽ പ്രൊഫൈൽ സൃഷ്ടിച്ചവരുടെയെല്ലാം വിവരങ്ങൾ ചോർന്നു. ഉപയോഗിക്കുന്ന ഫോൺ, നെറ്റ്‌വർക്ക്, മറ്റ് ഫോൺ വിശദാംശം എന്നിവയും കൈമാറ്റം ചെയ്യപ്പെട്ടു. hp://in.wzrk.com എന്ന ഡൊമൈനിലേക്കാണ് വിവരങ്ങൾ ചോർന്നത്. ഇന്റർനെറ്റ് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി ബാങ്ക് തട്ടിപ്പിനും മറ്റുമായി ഉപയോഗിക്കുന്ന 'ഫിഷിങ്' സ്ഥാപനത്തിനാണ് നമോ ആപിലെ വിവരങ്ങൾ ലഭിച്ചതെന്ന ആൻഡേഴ്‌സൺ വെളിപ്പെടുത്തി. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങൾ ചോർത്തുന്നതിനോട് എന്താണ് അഭിപ്രായമെന്ന് മോദിയോട് ആൻഡേഴ്‌സൺ ട്വിറ്ററിലൂടെ ചോദിച്ചു. ഇതിനോട് മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആൻഡേഴ്‌സൺ ആരോപിക്കുംവിധമുള്ള ചോർച്ച സംഭവിച്ചിട്ടില്ലെന്ന് ആപ് നടത്തിപ്പുകാർ അവകാശപ്പെട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആപ് നടത്തിപ്പുകാർ ട്വിറ്ററിലൂടെ തന്നെ ആൻഡേഴ്‌സണുമായി ആശയവിനിമയം നടത്തി. സംഭവത്തിൽ മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. രാഹുലിന് സാങ്കേതികതയെ കുറിച്ച് ഒരു അറിവുമില്ലെന്ന് ബിജെപി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാഹുലിനും സംഘത്തിനും സാങ്കേതികവിദ്യയെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ബിജെപി വാദം.

'ഹായ്! എന്റെ പേര് നരേന്ദ്ര മോദി. ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. നിങ്ങൾ എന്റെ ഔദ്യോഗിക ആപ് ഉപയോഗിക്കുമ്പോൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം എന്റെ സുഹൃത്തുക്കളായ അമേരിക്കൻ കമ്പനികൾക്കു നൽകുന്നു'ഇതായിരുന്നു ഈ വിഷയത്തിൽ രാഹുലിന്റെ ട്വീറ്റ്. മോദി ആപ്പിനെതിരായ വാർത്ത ഒതുക്കിയെന്നു മുഖ്യധാരാ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയ രാഹുൽ, ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയും ട്വീറ്റിൽ ഉൾപ്പെടുത്തി.

കേംബ്രിജ് അനലിറ്റിക്ക വെളിപ്പെടുത്തലിൽ ഉലഞ്ഞ രാഹുൽ ഗാന്ധി ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിലാണെന്നാണു ബിജെപിയുടെ മറുപടി. രാഹുലിനും പാർട്ടിക്കും സാങ്കേതികവിദ്യയെക്കുറിച്ച് ഒരുചുക്കും അറിയില്ലെന്നാണു വ്യക്തമാകുന്നത്. സാങ്കേതികവിദ്യയെക്കുറിച്ചു ജനത്തെ ഭയപ്പെടുത്തുക മാത്രമാണ് അവർ ചെയ്യുന്നത്പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ബിജെപി തിരിച്ചടിച്ചു. എന്നാൽ, ആപ്പിന്റെ സ്വകാര്യതാനയം മാറ്റിയതോടെ, ആരോപണം ബിജെപിയെ വെട്ടിലാക്കിയെന്നു വ്യക്തമായി. വ്യക്തിവിവരങ്ങൾ സ്വകാര്യമായിരിക്കുമെന്നും ഉപയോക്താക്കളുമായുള്ള ആശയവിനിമയത്തിനു മാത്രമേ ഉപയോഗിക്കൂവെന്നുമാണ് നയത്തിൽ പറഞ്ഞിരുന്നത്.

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യൻ ശാഖയായ ഒവ്‌ലെനോ ബിസിനസ് ഇന്റലിജൻസ് (ഒബിഐ) 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബിജെപിക്കുമായി പ്രവർത്തിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കാൻ ഒബിഐ ധാരണയിലെത്തിയിരുന്നതായും സൂചനയുണ്ട്.