കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ വർഗീയവാദികളുടെ കുത്തേറ്റ് രക്ഷസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. റെഡ് സ്റ്റാർ മൂവീസിന്റെ ബാനറിൽ സജി എസ് പാലമേൽ രചനയും സംവിധാനവും നിർവഹിക്കുന്നു. 'നൂറ്റൊന്ന് ചോദ്യങ്ങൾ' എന്ന സിനിമയിലൂടെ 2012ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മിനോൺ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ കരുത്തുറ്റ നിരവധി അഭിനേതാക്കളും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും.

ചിത്രത്തിന്റെ ലോഞ്ചിങ് അഭിമന്യുവിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. നവംബറിൽ ചിത്രം തീയേറ്ററിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകൻ സജി പാലമേൽ അറിയിച്ചു. മഹാരാജാസിലും വട്ടവടയിലുമായിട്ടാണ് സിനിമ ചിത്രീകരിക്കാനൊരുങ്ങുന്നത്. സിനിമയുടെ ലോഞ്ചിങ് അഭിമന്യവിന്റെ മാതാപിതാക്കൾ നിർവഹിച്ചു .ഇന്ദ്രൻസ്, പന്ന്യൻ രവീന്ദ്രൻ, ലെനിൻ രാജേന്ദ്രൻ, നടി സരയു, സീനാ ഭാസ്‌ക്കർ, വട്ടവടയിലെ ഗ്രാമവാസികൾ, മഹാരാജാസിലെ അഭിമന്യുവിന്റെ സഹപാഠികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഞ്ചിങ് നടന്നത്.