ന്യൂഡൽഹി: ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പുണെയിലെ വസതിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. മകൻ ഗൗരവാണ് മരണ വിവരം അറിയിച്ചത്.

ബാഡ്മിന്റണിൽ 1956ൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി അന്താരാഷ്ട്ര കിരീടം നേടി ചരിത്രനേട്ടം കുറിച്ച വ്യക്തി കൂടിയാണ് നടേക്കർ. 1956-ൽ മലേഷ്യയിൽ നടന്ന സെല്ലാഞ്ചർ ഇന്റർനാഷണൽ കിരീടം നേടിയതോടെ ബാഡ്മിന്റണിൽ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം നന്ദു നടേക്കർ സ്വന്തമാക്കിയത്.

15 വർഷം നീണ്ട തന്റെ കരിയറിൽ അന്താരാഷ്ട്ര - ദേശീയ തലങ്ങളിൽ നൂറിലധികം കിരീടനേട്ടങ്ങൾ സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ കാലഘട്ടത്തിലെ പ്രമുഖരായ കായികതാരങ്ങളിൽ ഒരാൾ കൂടിയായിരുന്നു മുൻ ലോക മൂന്നാം നമ്പർ താരം.

1954-ൽ നടന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്താനും അദ്ദേഹത്തിനായി. അക്കാലത്തെ ഏറ്റവും പ്രശസ്തമായ കായികതാരങ്ങളിലൊരാളായിരുന്നു.

കരിയറിൽ നൂറോളം ദേശീയ-അന്തർ ദേശീയ കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

1951-നും 1963-നും ഇടയിൽ തോമസ് കപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന നന്ദു നടേക്കർ 16 സിംഗിൾസ് മത്സരങ്ങളിൽ 12-ലും 16 ഡബിൾസ് മത്സരങ്ങളിൽ എട്ടിലും ജയം സ്വന്തമാക്കിയിട്ടുണ്ട്. 1959, 1961, 1963 എന്നീ വർഷങ്ങളിൽ ടൂർണമെന്റിൽ രാജ്യത്തെ നയിക്കാനും അദ്ദേഹത്തിന് സാധിച്ചു.

1961-ൽ അർജുന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 1965-ൽ ജമൈക്കയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

നന്ദു നടേക്കർ അന്തരിച്ച വിവരം അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ' അങ്ങേയറ്റം ദുഃഖകരമായ വാർത്തയാണ് ഞങ്ങൾക്ക് പങ്കുവയ്ക്കാൻ ഉള്ളത്. ഞങ്ങളുടെ അച്ഛൻ നന്ദു നടേക്കർ ഞങ്ങളെ വിട്ടു പിരിഞ്ഞിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുഃഖാചരണം ഉണ്ടായിരിക്കുന്നതല്ല. അദ്ദേത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക.' നടേക്കറുടെ കുടുംബം വ്യക്തമാക്കി. അന്തരിച്ച നടേക്കർക്ക് ഒരു മകനും രണ്ട് പെണ്മക്കളുമാണുള്ളത്.

നടേക്കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി ട്വിറ്റിറിലൂടെയാണ് തന്റെ അനുശോചനമറിയിച്ചത്. ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷനും തങ്ങളുടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.