തിരുവനന്തപുരം: പുതിയ 2000 രൂപ നോട്ടിൽ ചിപ്പില്ലെങ്കിലും മറ്റു സംവിധാനങ്ങളൊക്കെ ഉണ്ടെന്ന അവകാശവാദവുമായി വിവാദ പ്രഭാഷണങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞ ഡോ. എൻ ഗോപാലകൃഷ്ണൻ. നോട്ടിൽ ചിപ്പും ജിപിഎസും മറ്റു സംവിധാനങ്ങളും ഇല്ലെന്നു റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടും ഗോപാലകൃഷ്ണനു മനസിലായിട്ടില്ലെന്നാണു പുറത്തുവന്ന വീഡിയോ വ്യക്തമാക്കുന്നത്.

വ്യാജ പ്രചാരണങ്ങൾ റിസർവ് ബാങ്ക് അധികൃതർ തന്നെ പൊളിച്ചടുക്കിയ ശേഷമാണ് 'ആധികാരിക വിവരങ്ങളു'മായി ഗോപാലകൃഷ്ണന്റെ വരവ്. നാനോ ടെക്‌നോളജിയും ജിപിഎസ് സംവിധാനവും നോട്ടിൽ ഉണ്ടെന്നാണ് 'ആധികാരിക ചർച്ച'യ്ക്കു ശേഷം ഡോ. എൻ ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തൽ.

നോട്ടിൽ ചിപ്പുണ്ടെന്നത് വ്യാജമാണെന്നും പക്ഷെ ബാക്കിയുള്ള സംവിധാനങ്ങൾ എല്ലാം നോട്ടിലുണ്ടെന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്. 'പുതിയ നോട്ടിൽ നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്തിയ സംവിധാനം ഉണ്ട്. അത് ചിപ്പ് അല്ല. പുറത്തുനിന്ന് ഊർജ്ജം ആവശ്യമില്ല ഈ സംവിധാനത്തിന്. ഇതൊരു സിഗ്‌നൽ റിഫ്‌ളക്ടറായാണ് പ്രവർത്തിക്കുന്നത്. നോട്ട് എവിടെ ഇരിക്കുന്നു എന്നും നോട്ടിന്റെ സീരിയൽ നമ്പർ എതാണെന്നും ഉപഗ്രഹവുമായി ബന്ധപ്പെട്ട് അറിയിക്കുന്നതാണ് ഈ സംവിധാനം. എവിടെയാണ് പണമിരിക്കുന്ന ലൊക്കേഷൻ, എത്ര നോട്ടുകൾ ഉണ്ട് എന്നും കൃത്യമായ വിവരം നൽകും. ഇതിൽ ചിപ്പ് ഉണ്ടെന്നത് തെറ്റായ വിവരമാണെന്ന് ഗോപാലകൃഷ്ണൻ ആവർത്തിക്കുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന നാനോ ടെക്‌നോളജി മെറ്റീരിയൽ എന്താണെന്ന വിവരം സർക്കാർ ഇനിയും പുറത്തുവിട്ടിട്ടില്ല'- എന്നാണു ഗോപാലകൃഷ്ണൻ പറയുന്നത്.

നോട്ടുകൾ കുറേക്കാലം ഒരിടത്തിരിക്കുകയോ 'ഉദ്ദേശശുദ്ധിയില്ലാതെ' സൂക്ഷിക്കുകയോ ചെയ്താൽ ഇത് ആദായ നികുതി വകുപ്പിന് വിവരം നൽകും. അപ്പോൾ വീടും അലമാരയും ഇടിച്ചുപൊളിക്കാതെ തന്നെ പണം എവിടുണ്ടെന്ന് മനസിലാക്കി ആദായ നികുതി വകുപ്പിന് പണം കണ്ടെത്താൻ കഴിയുമെന്നും ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നു.

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ ഈ സംവിധാനത്തിലൂടെ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാകുമെന്നാണ് ഗോപാലകൃഷ്ണന്റെ അവകാശവാദം. പുതിയ നോട്ടിനെക്കുറിച്ച് നടന്ന വ്യാജ പ്രചാരണം നേരത്തെ വിദഗ്ദ്ധർ തന്നെ തെറ്റാണെന്നു തെളിയിച്ചിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ഗോപാലകൃഷ്ണനും കണ്ടെത്തലുകളുമായി എത്തിയിരിക്കുന്നത്.

ഇത്തരം ഒരു സംവിധാനം ലോകത്ത് എവിടെയും നിലവിലില്ലെന്നും റിസർവ് ബാങ്ക് വക്താവ് അൽപന കിലാവാല വ്യക്തമാക്കിയിരുന്നു. മാത്രമല്ല 2005നുശേഷം ഇറങ്ങിയ നോട്ടുകളിൽ ഉള്ളതിൽകൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നുംതന്നെ പുതിയ 2000 രൂപ നോട്ടുകളിൽ ഇല്ല എന്ന വിവരവും പുറത്തുവന്നിരുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടറാണ് ഗോപാലകൃഷ്ണൻ. സംഘപരിവാർ സംഘടനകളുടെ വേദികളിൽ സ്ഥിരം സാന്നിധ്യമായ ഗോപാലകൃഷ്ണൻ മലപ്പുറം ജില്ലയേയും മുസ്‌ളിം സമുദായത്തേയും അവഹേളിച്ച് നടത്തിയ പ്രഭാഷണം പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഇതിനെ തുടർന്ന് ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.