മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ആരാധകരുടെ ആകാംക്ഷയേറ്റിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ എത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമത്തിലെ ഒരു നാടൻ ബാറിൽ നിന്നുള്ള മമ്മൂട്ടി പെർഫോർമൻസാണ് വിഡിയോയിൽ കാണുന്നത്.

ശിവാജി ഗണേശൻ ഇരട്ടവേഷത്തിൽ എത്തിയ ഗൗരവം എന്ന സിനിമയിലെ ഡയലോഗ് തന്റെ സഹമദ്യപാനിക്കായി അഭിനയിച്ചുകാണിക്കുകയാണ് മമ്മൂട്ടി. ഒന്നരമിനിറ്റു വരുന്ന ഒറ്റ ഷോട്ടിൽ രണ്ട് കഥാപാത്രങ്ങളെ മമ്മൂട്ടി മാറി മാറി അഭിനയിക്കുന്നത് കാണാം. അഭിനയം കണ്ട് എല്ലാവരും അവസാനം കയ്യടിക്കുന്നിടത്ത് ടീസർ അവസാനിക്കുന്നു. സിനിമയെക്കുറിച്ച് ഒരു സൂചനപോലും തരാത്ത രീതിയിലുള്ള ടീസർ ആരാധകർക്കിടയിൽ വൈറലാവുകയാണ്.

നേരത്തെ ലോക ഉറക്ക ദിനത്തോട് അനുബന്ധിച്ച് മാർച്ച് 18ന് ചിത്രത്തിന്റെ ആദ്യ ടീസർ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും ഉച്ച സമയത്ത് ഉറങ്ങുന്ന രംഗങ്ങളായിരുന്നു ആദ്യ ടീസറിൽ ഉണ്ടായത്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്‌ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.