- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാരദ ടേപ്പ് കേസ്: ബംഗാളിലെ മന്ത്രിമാരുടെ ഇടക്കാല ജാമ്യഹർജി പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി ബെഞ്ചിൽ ഭിന്നത; വീട്ടുതടങ്കൽ ഉചിതമെന്ന് ചീഫ് ജസ്റ്റിസ്; ജാമ്യം അനുവദിക്കണമെന്ന് മറ്റൊരു ജസ്റ്റിസ്; സിബിഐ അറസ്റ്റ് ചെയ്ത രണ്ട് മന്ത്രിമാരെ വീട്ടുതടങ്കലിൽ പാർപ്പിക്കും

കൊൽക്കത്ത: ബംഗാളിൽ നാരദാ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത രണ്ട് മന്ത്രിമാരെ വീട്ടുതടങ്കലിൽ പാർപ്പിക്കും. മന്ത്രിമാരുടെ ഇടക്കാല ജാമ്യഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ ഉൾപ്പെട്ട ബെഞ്ച് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതിനെ തുടർന്നാണ് കൊൽക്കത്ത ഹൈക്കോടതി വീട്ടുതടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യഹർജി വിശാല ബെഞ്ച് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് വീട്ടുതടങ്കലാണ് ഉചിതമെന്ന് അറിയിച്ചപ്പോൾ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അരിജിത് ബാനർജി ജാമ്യം അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ടു.
അതുവരെ കോവിഡ് സാഹചര്യം പരിഗണിച്ചത് വീട്ടുതടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് അരിജിത് ബാനർജി പറഞ്ഞു. സിബിഐയും തൃണമൂൽ കോൺഗ്രസും ഉത്തരവിനെ എതിർത്തു.
ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. അതേസമയം മന്ത്രിമാർക്കു വേണ്ടി ഹാജരായ അഭിഷേക് സിങ്വിയും സിദ്ധാർഥ് ലുത്രയും ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് വിശാലബെഞ്ച് രൂപീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വീട്ടുതടങ്കൽ അറസ്റ്റിനു തുല്യമാണെന്നും മന്ത്രിമാരെ മോചിപ്പിക്കണമെന്നും അഭിഷേക് സിങ്വി പറഞ്ഞു. അവർ മന്ത്രിമാരും എംഎൽഎമാരുമാണ്. രക്ഷപ്പെടാൻ ശ്രമിക്കുമെന്ന് ഭയപ്പെടേണ്ടതില്ല. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യമില്ലെന്നും സിങ്വി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെയാണ് തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ് പ്രകാരം വീടുകളിൽനിന്ന് സിബിഐ അറസ്റ്റ് ചെയ്തത്.
തുടർന്ന് രോഷാകുലയായ മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ഓഫിസിലെത്തി ആറു മണിക്കൂർ പ്രതിഷേധിച്ചു. തന്നെയും അറസ്റ്റ് ചെയ്യണമെന്ന് മമത ആവശ്യപ്പെട്ടു. മന്ത്രിമാർക്കു ജാമ്യം അനുവദിച്ച കീഴ്ക്കോടതി വിധി തിങ്കളാഴ്ച രാത്രി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
2014ൽ നാരദാ ന്യൂസ് പോർട്ടലിനു വേണ്ടി മാത്യു സാമുവൽ എന്ന മാധ്യമപ്രവർത്തകൻ നിക്ഷേപകനെന്ന വ്യാജേന ഏഴ് തൃണമൂൽ എംപിമാർക്കും നാല് മന്ത്രിമാർക്കും ഒരു എംഎൽഎയ്ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൈക്കൂലി നൽകുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
2017 മാർച്ചിൽ കൊൽക്കത്ത ഹൈക്കോടതി വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തവിട്ടു. അന്വേഷണം നടത്തിയ സിബിഐ 12 തൃണമൂൽ നേതാക്കൾക്കും ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ മിക്ക നേതാക്കളും ഇപ്പോൾ ബിജെപിയിലാണ്.


