നർക്കോട്ടിക് ജിഹാദും കത്തോലിക്കാസഭയും

നർക്കോട്ടിക് ജിഹാദാണ് പുതിയ വിവാദം. ഉപജ്ഞാതാവ് ബിഷപ് കല്ലറങ്ങാട്ടും. എന്താണ് ഈ നർക്കോട്ടിക് ജിഹാദ്? 'ജിഹാദികൾ ഐസ് ക്രീം പാർലറുകളിലൂടെയും, ശീതളപാനീയ കടകളിലൂടെയും, ഹോട്ടലുകളിലൂടെയും കത്തോലിക്കാ പെൺകുട്ടികൾക്ക് മയക്കുമരുന്ന് കൊടുക്കുന്നു, അങ്ങനെ അവരെ അതിന് അടിമകളാക്കി നശിപ്പിച്ചുകളയുന്നു.' ഇങ്ങനെ പറയുന്നത് പാലാ ബിഷപ് കല്ലറങ്ങാട്ടാണ്. 2021 സെപ്റ്റമ്പർ 8-ന് കുറവിലങ്ങാട്ട് പള്ളിയിലെ പ്രസംഗത്തിൽ.

ബിഷപ്പ് പുറത്തുവിട്ടിരിക്കുന്നത് ഏറെ മാനങ്ങളുള്ള ഗൗരവമേറിയ ഒരു ക്രിമിനൽ കുറ്റത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. മയക്കുമരുന്ന് കൈവശം വയ്ക്കുന്നതും, ഉപയോഗിക്കുന്നതും, മറ്റുള്ളവർക്ക് വിൽക്കുന്നതും ഗൗരവമുള്ള ക്രിമിനൽ കുറ്റങ്ങളാണ്. അതിനും പുറമെ, ഇത് ചെയ്യുന്നത് തീവ്രവാദസ്വഭാവമുള്ള ജിഹാദി ഗ്രൂപ്പുകളാണെങ്കിലോ? കാര്യത്തിന്റെ ഗൗരവം പിന്നെയും ഇരട്ടിക്കുന്നു. ഇത്തരം സെൻസിറ്റീവ് വിവരങ്ങൾ കൈവശമുള്ള ബിഷപ്പ് എന്താണ് ചെയ്യേണ്ടിയിരുന്നത്?

*പൗരധർമ്മം?*

ബിഷപ്പ് പ്രസ്താവിക്കുന്നത് പോലെ നർക്കോട്ടിക് ജിഹാദിന്റെ വിവരങ്ങൾ വസ്തുതാപരമാണെന്ന് തന്നെ കരുതുക. മയക്കുമരുന്നിന്റെ ഉപയോഗത്തെയും, അതുപയോഗിച്ച് ഹോട്ടലുകളും ഐസ് ക്രീം പാർലറുകളും വഴി ജിഹാദികൾ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് വിവരം കിട്ടിയപ്പോൾ ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരനെന്ന നിലയിൽ ആ വിവരം പൊലീസിനെ അറിയിക്കുകയല്ലേ ബിഷപ്പ് ആദ്യം ചെയ്യേണ്ടിയിരുന്നത്? അത്തരമൊരു നടപടി ബിഷപ്പ് കല്ലറങ്ങാട്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ?

*ക്രൈസ്തവധർമ്മം?*

ഇത്തരമൊരു സാഹചര്യത്തിൽ ഒരു ക്രിസ്തുശിഷ്യനെന്ന നിലയിൽ ബിഷപ്പ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? അദ്ദേഹം മാതൃകയാക്കേണ്ടിയിരുന്നത് ക്രിസ്തുവിനെയായിരുന്നില്ലേ? ശത്രുവിനോട് എങ്ങനെ പ്രതികരിക്കണമെന്ന് മലയിലെ പ്രസംഗത്തിൽ (മത്താ 5:43-48) ക്രിസ്തു കൃത്യമായി പറഞ്ഞുതന്നിട്ടുണ്ടല്ലോ.

ക്രിസ്തുവിന്റെ കാലത്ത് മുസ്ലിങ്ങൾ ഉണ്ടായിരുന്നില്ല. എന്നാലിന്ന്, മുസ്ലിം തീവ്രവാദവുമായി എങ്ങനെ എൻഗേജ് ചെയ്യണമെന്ന് ഫ്രാൻസീസ് പാപ്പാ നമുക്ക് കാണിച്ചുതരുന്നുണ്ട്. സംഭാഷണമാണ് (dialogue) ക്രിസ്തീയ മാർഗ്ഗം. പാപ്പാ അബുദാബിയിലേക്ക് പോയ പോലെ, ഈജിപ്തിലെ വലിയ ഇമാമിനോട് പാപ്പാ സംസാരിച്ച പോലെ, നമ്മുടെ സഭാധ്യക്ഷന്മാർ മുസ്ലിം സമുദായത്തിലെ നേതാക്കളുമായി സംഭാഷണത്തിൽ ഏർപ്പെടണം. ഇവിടെ നിന്ന് പാണക്കാട്ടേയ്ക്കുള്ള ദൂരം, റോമിൽ നിന്ന് ഈജിപ്തിലേക്കുള്ളത്രയും വരില്ലല്ലോ? അത്തരം സംഭാഷണത്തിൽ നമുക്കുള്ള ഉത്കണ്ഠകൾ അവരുമായി പങ്കുവയ്ക്കാനാവും. പരിഹാരത്തിന് സഹകരിച്ച് പരിശ്രമിക്കാനുമാവും. മഹാ ഭൂരിപക്ഷം മുസ്ലിംങ്ങളും തീവ്രവാദികളല്ലെന്ന് ബിഷപ്പ് കല്ലറങ്ങാട്ടും സമ്മതിക്കുന്ന സാഹചര്യത്തിൽ ഇത് തന്നെയെല്ലേ ഏറ്റവും കരണീയം.

അതിനും പുറമേ, ഇരു സമുദായത്തിലെയും നേതൃത്വം നടത്തുന്ന സംഭാഷണത്തിലൂടെ (dialogue) രണ്ട് സമുദായത്തിലേയും തീവ്രവാദികളെ ഒറ്റപ്പെടുത്താനും പറ്റും. അതിന് പകരം, ഇസ്ലാമിലെ 'ഫ്രിഞ്ജ് ഗ്രൂപ്പായ' തീവ്രവാദികൾക്കെതിരെ പ്രതികരിക്കാൻ സഭാനേതാവായ ബിഷപ്പ് ആഹ്വാനം ചെയ്യുന്നത് ഇരു മതങ്ങളിലെയും തീവ്രവാദക്കാർക്ക് മേൽക്കൈ നേടാനല്ലേ ഉപകരിക്കൂ.

*സംഭാഷണം (dialogue) തടസ്സപ്പെടുത്തുന്നത് ആര്?*

ഈ വിഷയം മതാന്തരമാണ്. അതായത്, രണ്ട് മതങ്ങൾ തമ്മിലുള്ള വിഷയം. പരിഹരിക്കാനുള്ള ക്രിസ്തീയ മാർഗ്ഗം മതാന്തര സംവാദമാണ്. ഇന്ത്യയിലെ കത്തോലിക്കാസഭയിൽ മതാന്തര സംവാദത്തിന്റെ 'സ്‌പെഷ്യലിസ്റ്റ്' ഫാദർ വിൻസന്റ് കുണ്ടുകുളമാണ്. അദ്ദേഹത്തിന്റെ പ്രേരണയാൽ കഴിഞ്ഞ വർഷത്തെ കെസിബിസിയിൽ മുസ്ലിം നേതാക്കളുമായി സംസാരിക്കണെമെന്ന ഒരു നിർദ്ദേശം മതാന്തര സംവാദത്തിന് വേണ്ടിയുള്ള കമ്മീഷൻ മുമ്പോട്ട് വച്ചു.

അന്ന്, ലത്തീൻ മെത്രാന്മാരും മലങ്കര മെത്രാന്മാരും അതിനെ അനുകൂലിച്ചപ്പോൾ, ആ നിർദ്ദേശത്തെ എതിർത്ത് പരാജയപ്പെടുത്തിയത് ചില സീറോ-മലബാർ മെത്രാന്മാരായിരുന്നു. അതിന് മുൻപന്തിയിൽ നിന്നത് ബിഷപ്പ് കല്ലറങ്ങാട്ടായിരുന്നു. ആ ബിഷപ്പ് തന്നെ ഇന്ന് നർക്കോട്ടിക് ജിഹാദ് ഉന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

വിവിധ മതസ്ഥർ ഇടകലർന്ന് ജീവിക്കുന്ന കേരളത്തിൽ ബിഷപ്പ് കല്ലറങ്ങാട്ടിന്റെ പ്രസംഗം ഉളവാക്കുന്ന പ്രത്യാക്ഷാതങ്ങൾ ഗുരുതരമല്ലേ? മഹാ ഭൂരിപക്ഷം മുസ്ലിംങ്ങളും ജിഹാദികളല്ലെന്ന് ബിഷപ്പ് സമ്മതിക്കുന്നുണ്ടെങ്കിലും, ജിഹാദി മുസ്ലിമിനെ തിരിച്ചറിയാനുള്ള അടയാളം ബിഷപ്പ് പറഞ്ഞു കൊടുത്തിട്ടില്ലല്ലോ? അതിനാൽ, സ്വാഭാവികമായും എല്ലാ മുസ്ലിമിനെയും കത്തോലിക്കർ ആദ്യം സംശയിക്കും. അതിനെത്തുടർന്ന് അവരുടെ കടകളിലും, ഐസ് ക്രീം പാർലറുകളിലും, ഹോട്ടലുകളിലും കയറാൻ അവർ ഭയക്കും, പിന്നീട് അവരെ വെറുക്കാനും തുടങ്ങും. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം കലുഷിതമാകാൻ ഇതിൽപ്പരം മറ്റെന്താണ് വേണ്ടത്?

*ക്രിസ്തീയത നഷ്ടപ്പെടുന്ന ക്രൈസ്തവർ*

ബിഷപ്പ് കല്ലറങ്ങാട്ടിന്റെ സമീപനത്തിന്റെ ഏറ്റവും വലിയ അപകടം ക്രൈസ്തവർക്ക് ക്രിസ്തീയത നഷ്ടപ്പെടുമെന്നതാണ്. അനുയായികളുടെ മുമ്പിൽ ക്രിസ്തു വച്ച മാതൃക, 'സ്വർഗ്ഗസ്ഥനായ പിതാവിനെ പോലെ ആയിത്തീരാനാണ്' (മത്താ 5:48). ആ പിതാവ് 'ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ ഒരേ പോലെ മഴ പെയ്യിക്കുന്നു; ഇരുവർക്കും ഒരേ പോലെ സൂര്യപ്രകാശം കൊടുക്കുന്നു' (മത്താ 5:45). ഇത് ക്രിസ്തു കൊണ്ടുവന്ന പുതിയ സമീപന രീതിയാണ്; ഇതാണ് 'പുതിയ നിയമം': സ്‌നേഹിക്കുക, ശത്രുക്കളെ പോലും സ്‌നേഹിക്കുക.

ബിഷപ്പ് കല്ലറങ്ങാട്ടിന്റെ പ്രസംഗം നമ്മുടെ സമൂഹത്തിൽ സ്‌നേഹം വളർത്തുകയാണോ ചെയ്തിരിക്കുന്നത്? അതോ, രണ്ട് സമുദായംഗങ്ങൾ തമ്മിൽ പരസ്പര സംശയവും, ഭയവും, വെറുപ്പുമാണോ ഇത് വളർത്തിക്കൊണ്ടു വരുന്നത്? ഇത് തിരിച്ചറിയണമെങ്കിൽ, സാമൂഹ്യമാധ്യമങ്ങൾ മാത്രം നോക്കിയാൽ മതി. കാസയും, ക്രോസും, ഷക്കീനയും മാത്രമല്ല എണ്ണിയാൽ തീരാത്ത സംഘടനകളും വ്യക്തികളുമാണ് വെറുപ്പും വിദ്വേഷവും പരത്തിക്കൊണ്ടിരിക്കുന്നത്. ഇവരെല്ലാം പടർത്തുന്ന 'ഹേറ്റ് സ്പീച്ചിന്റെ' (hate speech) യഥാർത്ഥ ഉറവിടം സഭാനേതാക്കളായ ബിഷപ്പ് കല്ലറങ്ങാട്ട് ഉൾപ്പെടെയുള്ള കുറെ മെത്രാന്മാരാണെന്ന സത്യമാണ് ഇതോടെ വെളിച്ചത്തുവന്നിരിക്കുന്നത്.

പഴയ നിയമം പുതിയ നിയമത്തിന് ഘടകവിരുദ്ധമായിരുന്നു: 'കണ്ണിനു പകരം കണ്ണ്, പല്ലിന് പകരം പല്ല്' (മത്താ 5:38). അങ്ങനെ നോക്കിയാൽ ക്രിസ്തു തിരുത്തിയ പഴയ നിയമത്തിലേക്കല്ലേ ബിഷപ്പ് കല്ലറങ്ങാട്ടും കൂട്ടരും കേരളത്തിലെ ദൈവജനത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. 'നഞ്ചെന്തിനാ നന്നാഴി!' ബിഷപ്പ് കല്ലറങ്ങാട്ട് നഞ്ച് കലക്കിക്കഴിഞ്ഞു...

*പിൻകുറിപ്പ്*
മണ്ടൻ ജിഹാദീസ്! ആൽക്കഹോൾ ജിഹാദ് നടത്തിയിരുന്നെങ്കിൽ ക്രിസ്ത്യാനികളെ ഒറ്റയടിക്ക് നശിപ്പിക്കാമായിരുന്നു!