- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലാ ബിഷപ്പിനെ നേരിട്ട് കണ്ട് പിന്തുണ അറിയിക്കാൻ കോർ കമ്മറ്റി; പി എസ് ശ്രീധരൻ പിള്ള എത്തുന്നത് ക്രൈസ്തവരെ കേന്ദ്രത്തിന് അനുകൂലമാക്കാൻ; പരിവാറിന്റെ 'ലൗ ജിഹാദിനെ' ക്രൈസ്തവ സമുദായം കത്തിക്കുമ്പോൾ പ്രതീക്ഷയിൽ ബിജെപി; ന്യൂനപക്ഷ മോർച്ചയെ മുൻനിർത്തി കളിക്കാൻ അമിത് ഷാ
കൊച്ചി: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെത്തുമ്പോൾ അവസരം മുതലെടുക്കാൻ ബിജെപിയും. ബിജെപിയുടെ കോർ കമ്മറ്റി അംഗങ്ങളെല്ലാം പാലാ ബിഷപ്പിനെ നേരിട്ട് കണ്ട് പിന്തുണ അറിയിക്കും. സംഘപരിവാർ സംഘടനകൾ ഉയർത്തിക്കൊണ്ട് വന്നിട്ടും പരാജയപ്പെട്ട സംഘടിത ജിഹാദ് വിവാദം ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി തീരുമാനം.
പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ ദുരുദ്ദേശ്യമില്ലന്നും ബിഷപ്പ് പറഞ്ഞത് അവരുടെ ആശങ്കയാണെന്നും ഈ വിഷയമടക്കം എല്ലാം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കണമെന്നും ശ്രീധരൻപിള്ള പ്രതികരിച്ചു. ബിഷപ്പിനെ നേരിട്ടു കാണാൻ ഗവർണ്ണർ എത്തുമെന്നാണ് സൂചന. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.
പാലാ ബിഷപ്പ് പരാമർശത്തിന്റെ വിവാദത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നില്ല. പരാമർശത്തിൽ എന്തെങ്കിലും ദുരുദേശ്യമുണ്ടെന്ന് കരുതുന്നില്ല. അതേ സമയം നാർക്കോട്ടിക് ജിഹാദ് പരാമർശത്തെക്കുറിച്ച് ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമാക്കുന്നതിനു പിന്നിലാണ് ദുരുദേശമുള്ളത്. ഇത്തരം പ്രശ്നങ്ങൾക്ക് അരാണ് ഉത്തരവാദികൾ എന്ന് ചോദിച്ചാൽ ഇതിനെയെല്ലാം ലാഭേച്ചയോടെ കാണുന്ന അല്ലെങ്കിൽ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണെന്നാണ് തന്റെ അഭിപ്രായം എന്നും പിഎസ് ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിനുള്ളിൽ അസംതൃപ്തിയുണ്ടായിട്ടുണ്ട്. സാമൂഹ്യസന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ് കാലങ്ങളായി ഭരണകൂടങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അത് വോട്ട് ബാങ്ക് രാഷ്ട്രീത്തിന്റെ അടിസ്ഥാനത്തിലാണ്. സാമൂഹ്യസന്തുലിതാവസ്ഥയെ മാനിക്കാൻ കേരളത്തിൽ മാറിമാറി വരുന്ന ഭരണകൂടങ്ങളും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവും തയ്യാറാകേണ്ടതായിരുന്നു. അങ്ങനെ അല്ല കേരളം പോകുന്നതെന്നത് ഒരു വസ്തുതയാണ്. ക്രിസ്ത്യൻ സമൂഹത്തിന്റെ അശങ്കകളിൽ കേന്ദ്രസർക്കാറിന് ഒരു വലിയ അനുതാപമുണ്ടെന്നും ഗോവ ഗവർണർ വ്യക്തമാക്കുന്നു.
വിഷയത്തിൽ ഇടപെടൽ കാര്യക്ഷമമാക്കാൻ ന്യൂന പക്ഷ മോർച്ചയ്ക്ക് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നൽകിയ കത്തെന്നാണ് വിലയിരുത്തൽ. പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തിൽ ബിഷപ്പിന് സംരക്ഷണം നൽകാൻ കേന്ദ്രം ഇടപെടണമെന്നുമായിരുന്നു കത്തിലെ ആവശ്യം. പാലാ ബിഷപ്പിന് ഇസഡ് കാറ്റഗറി സുരക്ഷയും നൽകിയേക്കും.
പ്രശ്നപരിഹാരത്തിന് പുതിയ ഫോർമുല ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവരുടെ പ്രതികരണങ്ങളും പാല ബിഷപ്പിന് അനുകലൂമായിരുന്നു. വിഷയം ഞായറാഴ്ച ചേർന്ന ബിജെപി കോർ കമ്മിറ്റിയും പരിഗണിച്ചു. പാലാ ബിഷപ്പിനെ നേരിൽ കണ്ട് പിന്തുണ അറിയിക്കാനും തീരുമാനിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട വലിയ പരാജയത്തിന്റെ കാരണങ്ങൾ പഠിക്കാൻ ഏൽപ്പിച്ച പാർട്ടി കമ്മിഷൻവെച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും കോർകമ്മിറ്റി ചർച്ച നടന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റും സംഘടനാ സെക്രട്ടറിയും ഏറ്റെടുക്കണമെന്ന നിലപാട് തന്നെയാണ് കൃഷ്ണദാസ് പക്ഷത്തിനുള്ളത്. ഇതേ നിലപാടിൽ ഉറച്ചായിരുന്നു ഇവർ മുന്നോട്ട് പോയത്. എന്നാൽ തിരിച്ചടിക്ക് ബിജെപിക്കൊപ്പം പരിവാർ സംഘടനകളുടെയടക്കം മൊത്തം സംഘടനാ സംവിധാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ