കോട്ടയം: നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് എൽഡിഎഫ് ഘടകക്ഷിയായി കേരള കോൺഗ്രസ് എം. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിർദ്ദേശം നൽകുകയുമാണ് ബിഷപ്പ് ചെയ്തതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. പാലാ ബിഷപ്പിന്റെ വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താൽപര്യങ്ങൾക്ക് വിപരീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ്പ് ഉയർത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ മതസാഹോദര്യം സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നും ബിഷപ്പിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചെന്നും ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു. മത സാഹോദര്യം നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും ലഹരിമാഫിയക്ക് എതിരായ ചെറുത്ത് നിൽപ്പ് രൂപപ്പെടണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്തു.

സാമൂഹ്യ തിന്മകൾക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിർവഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങൾക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനിൽപ്പ് ലഹരി മാഫിയകൾക്ക് എതിരെയും രൂപപ്പെടണം.

മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതിൽ തർക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലർത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ഇടയിലുള്ള സാഹോദര്യം നിലനിർത്താൻ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.

ജോസ് കെ മാണിയുടെ പ്രസ്താവന -

മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിർദ്ദേശം നൽകുകയുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യതിന്മകൾക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിർവഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങൾക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനിൽപ്പ് ലഹരിമാഫിയകൾക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരിൽ അദ്ദേഹത്തെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകർക്കാൻ ശ്രമിക്കുന്നത്.

അത് എതിർക്കപ്പെടേണ്ടതുണ്ട്. പിതാവിന്റെ വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താൽപര്യങ്ങൾക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതിൽ തർക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലർത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ഇടയിലുള്ള സാഹോദര്യം നിലനിർത്താൻ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.