തൃശൂർ: പാല ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ഭൂരിപക്ഷ അഭിപ്രായം എന്താണോ അതിനൊപ്പം നിൽക്കുമെന്ന് സുരേഷ് ഗോപി എംപി. ബിഷപ് സഹായം തേടിയാൽ ഇടപെടുമെന്നും എന്നാൽ അങ്ങേട്ടുപോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കൂടുതൽ അഭിപ്രായം വരട്ടെയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയങ്ങൾ ഉപയോഗിക്കണമെന്നാണ് ബിജെപി തീരുമാനം. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കണമെന്നും ദേശീയ തലത്തിൽ ചർച്ചയാക്കണമെന്നുമാണ് ഞായറാഴ്ച കൊച്ചിയിൽ നടന്ന കോർകമ്മറ്റി യോഗത്തിൽ തീരുമാനിച്ചത്. ലൗ ജിഹാദ് വിഷയം ബിജെപി നേരത്തെ തന്നെ കേരളത്തിൽ ഉന്നയിച്ചിരുന്നു. ഇപ്പോൾ ക്രൈസ്തവ സമുദായം വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കണം എന്നാണ് കോർകമ്മറ്റി യോഗത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായം.

വിഷയത്തിൽ ഇടപെടാൻ ന്യൂനപക്ഷ മോർച്ചയ്ക്ക് സംസ്ഥാന ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പാല ബിഷപ്പിന് പിന്തുണയുമായി ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. പാലാ ബിഷപ്പ് ഭീകരവാദികൾക്ക് എതിരായ നിലപാട് ആണ് സ്വീകരിച്ചതെന്നും ഇതിന്റെ പേരിൽ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സിപിഐ.എമ്മും കോൺഗ്രസുമെന്നായിരുന്നു കെ.സുരേന്ദ്രൻ പറഞ്ഞത്.

നേരത്തെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു. കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകൾ വർഗീയ ലക്ഷ്യത്തോടെയാണെന്ന് മുൻവിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങൾ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിർത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങൾ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

എന്നാൽ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷൻ ബിഷപ് മാർ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് തുടങ്ങിയവർ രംഗത്ത് എത്തിയിരുന്നു. നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശം സംഘപരിവാർ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.