ന്യൂഡൽഹി: നരേല മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം റോസറി സ്‌കൂൾ അങ്കണത്തിൽ വച്ച് കൊച്ചു കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളോടെ ആഘോഷിക്കപ്പെട്ടു.

ആഘോഷപരിപാടികളിൽ ക്ഷണിതാക്കളായി എത്തിയ സോനിപത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഞ്ജലി തോമസ്, ജിൻസി കുഞ്ഞുമോൻ തുടങ്ങിയവർ ചേർന്ന് ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ എൻ.എം.എ. മുൻ പ്രസിഡന്റ് വത്സൻ അധ്യക്ഷതവഹിച്ചു. വി.വി രാജുവിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം നരേല മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോണി തോമസ് , മുൻ പ്രസിഡന്റ് വത്സൻ , ട്രഷറർ കുഞ്ഞുമോൻ, സതി ദേവരാജൻ, വി.വി.രാജു തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക് ഔപചാരികമായി ഉൽഘാടന കർമ്മം നിർവ്വഹിച്ചു.

തുടർന്നു നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ നരേല മലയാളീ സമൂഹത്തിൽ എൻ.എം.എ.യുടെ പ്രസക്തിയെ കുറിച്ച് മുൻ പ്രസിഡന്റും ഇന്നത്തെ സാഹചര്യത്തിൽ എൻ.എം.എ.യുടെ ഓരോ അംഗങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടാകേണ്ടാതായ സഹകരണത്തെ കുറിച്ച് നിലവിലെ പ്രസിഡന്റും ഊന്നി പറയുകയുണ്ടായി. എൻ.എം.എ.യുടെ നാളിതുവരെയുള്ള ആശാവഹമായ പ്രവർത്തനശൈലിയെ മുക്തഖണ്ഡം പ്രശമാസിച്ചു കൊണ്ട് ഗുരുകുൽ വിദ്യാ പീഠം സ്‌കൂൾ പ്രിൻസിപ്പലും സോനിപത് മലയാളി അസോസിയേഷൻ പ്രസിഡന്റുമായ മോഹൻ രാജ് സംസാരിക്കുകയും ഇത്തരം മാത്രകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുവാൻ തുടർന്നും നരേല മലയാളീ അസോസിയേഷൻ ഭാരവാഹികൾക്കു കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. നരേല മലയാളികളുടെ മഹിളാ പ്രതിനിധിയായി സതി ദേവരാജനും എസ് .എം.എ. സെക്രട്ടറി ഉഷാ പിള്ള തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് കേക്ക് വിതരണത്തിന് ശേഷം ആരംഭിച്ച കലാപരിപാടികളിൽ വിന്നി പ്രകാശ്, അങ്കിത കൃഷ്ണൻ തുടങ്ങിയവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും മാൻസി വാട്ട്‌സ്, ബേബി വർഷ ജെറി, അങ്കിത കൃഷ്ണൻ, ആദർഷ് തുടങ്ങിയവരുടെ ഒന്നിനൊന്നു മാറ്റുരയ്ക്കുന്ന മികച്ച പ്രസംഗങ്ങളും അരങ്ങേറി. അൻഷു രാജ് അവതരിപ്പിച്ച യോഗാ ടിപ്‌സ് കാണികളുടെ പ്രത്യേകം ശ്രദ്ധയാകർഷിച്ചു. മുതിർന്നവരുടെ വിഭാഗത്തിൽ അഞ്ജലി തോമസ്, വി.വി.രാജു , ജയചന്ദ്രൻ തുടങ്ങിയവർ സ്വതസിദ്ധമായ ശൈലിയിൽ ശ്രവണമനോഹരമായ ഗാനങ്ങൾ അവതരിപ്പിച്ചു കൊണ്ട് സദസ്സിനെ ഇളക്കി മറിച്ചു. എൻ.എം.എ.മുൻ ട്രഷറർ കുഞ്ഞുമോന്റെ മകൾ .ജിൻസി കുഞ്ഞുമോൻ മലയാളത്തിൽ എഴുതി തയ്യാറാക്കിയ ഗാനാവതരണം ഏറെ ഹൃദ്യവും പ്രശംസയനീയവും ആയിരുന്നു.

എൻ.എം.എ. യുടെ സജീവ പ്രവർത്തകൻ സി.എസ് .കെ.നായർ ചില ശാരീരിക ക്ലേശങ്ങൾ മൂലം ബുദ്ധിമുട്ടുന്നതിനാൽ അദ്ദേഹത്തെ സഹായിക്കാൻ ഏവരും മുന്നോട്ടുവരണമെന്ന് നരേല മലയാളി അസോസിയേഷനു വേണ്ടി സെക്രട്ടറി പി.ഗോപാല കൃഷ്ണൻ അഭ്യർത്ഥിച്ചു. തുടർന്ന് ട്രഷറർ കുഞ്ഞുമോൻ നന്ദിയു രേഖപ്പെടുത്തുകയും ദേശീയ ഗാനംപാടികൊണ്ട് നരേല മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൽക്ക് തിരശീല വീഴുകയും ചെയ്തു. ശേഷം ക്ഷണിതാക്കൾക്കും അംഗങ്ങൾക്കുമായി പ്രത്യേകം സദ്യയും ഭാരവാഹികൾ ഒരുക്കിയിരുന്നു.