ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപി.യുടെ വിജയം ഉറപ്പാണെന്നും പാർട്ടി അധികാരത്തിലെത്തുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചാണ് ബിജെപി. ദേശീയ എക്സിക്യൂട്ടീവിൽ നരേന്ദ്ര മോദി സംസാരിച്ചത്. ബിജെപി. പ്രവർത്തകർ, പാർട്ടിക്കും സാധാരണക്കാരനും ഇടയിലുള്ള വിശ്വാസത്തിന്റെ പാലമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബിജെപി. കേന്ദ്രം ഭരിക്കാൻ കാരണം, പാർട്ടി സാധാരണക്കാരനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണെന്ന് മോദി പറഞ്ഞു. ബിജെപി. ഒരു കുടുംബത്തിനു ചുറ്റും കറങ്ങുകയല്ലെന്നും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിജെപിയെ നയിക്കുന്നത് ഒരു കുടുംബമല്ല, പൊതുജന ക്ഷേമത്തിലൂന്നിയ സംസ്‌കാരമാണെന്നും മോദി കൂട്ടിച്ചേർത്തു. സേവനം, ദൃഢനിശ്ചയം, പ്രതിജ്ഞാബദ്ധത എന്നീ മൂല്യങ്ങളിലൂന്നിയാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ബിജെപിക്ക് ഒപ്പം നിൽക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവർത്തകർ മാറണമെന്നും ദേശീയ നിർവാഹക സമിതി യോഗത്തിൽ മോദി പറഞ്ഞു.

പുസ്തകങ്ങൾ വായിച്ചല്ല ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുള്ള പരിചയമാണ് തന്റെ അറിവെന്നും സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവർത്തനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഡൽഹിയിലെ എൻഡിഎംസി ഹാളിൽ ആഘോഷാരവങ്ങളോടെയായിരുന്നു നിർവ്വാഹക സമിതി യോഗം നടന്നത്. കോവിഡ് പ്രതിരോധ വാക്സിൻ വിതരണം 100 കോടി പിന്നിട്ടതിൽ പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു.

ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തവർഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ദേശീയ നിർവ്വാഹക സമിതിയിലെ പ്രധാന ചർച്ച. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപി മുഖ്യമന്ത്രിമാർ യോഗത്തെ അറിയിച്ചു.

യുപിയിൽ വലിയ മുന്നേറ്റത്തോടെ ഭരണത്തുടർച്ച എന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റിപ്പോർട്ട്. പഞ്ചാബിൽ എല്ലാ സീറ്റിലും ബിജെപി മത്സരിക്കണമെന്ന ആവശ്യവും ഉയർന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങൾ ഊർജ്ജിതമാക്കാനുള്ള തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു.

കേരളം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ തിരിച്ചടിയും യോഗത്തിൽ ചർച്ചയായി. മതതീവ്രവാദികളോടുള്ള പ്രീണന നയമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റേതെന്നായിരുന്നു ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ ആരോപണം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും നദ്ദ പറഞ്ഞു. പാർട്ടി സംഘടനാപരമായി അടിത്തട്ടിൽ കെട്ടുറുപ്പുണ്ടാക്കുന്ന നടപടികൾ കൈക്കൊള്ളുമെന്നും, ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തുവന്നിട്ടില്ലെന്നും നദ്ദ വ്യക്തമാക്കി.

ബിജെപിയുടെ വോട്ട് വിഹിതം, ഓരോ തെരഞ്ഞെടുപ്പുകൾ കഴിയുമ്പോഴും വർധിക്കുകയാണെന്നും ജമ്മു കശ്മീരിലടക്കം മികച്ച പ്രവർത്തനമാണ് പാർട്ടി കാഴ്ച വെക്കുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് കാലങ്ങൾക്ക് ശേഷം ബിജെപി ഉന്നതാധികാര യോഗം ചേർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ, മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, എൽ.കെ അദ്വാനി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ബിജെപി. അധ്യക്ഷന്മാരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേശീയ എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചെന്ന് മുതിർന്ന നേതാവ് ഭൂപീന്ദർ യാദവ് മാധ്യമങ്ങളോടു പറഞ്ഞു. പഞ്ചാബ് ബിജെപി. അധ്യക്ഷനും സമാനമായ അവതരണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ അവസാനം അവതരിപ്പിച്ച പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ചു. പ്രതിപക്ഷം അവസരവാദം കാണിക്കുകയാണെന്ന് ആരോപിച്ച പ്രമേയം, അതിതീവ്ര വെറുപ്പാണ് പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥയെന്നും ആരോപിച്ചു. സമീപഭാവിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും അതത് സർക്കാരുകളുടെ വികസന പദ്ധതികളുടെയും പാർട്ടിയുടെ സംഘടനാശക്തിയുടെയും പിൻബലത്തിൽ ബിജെപി. വൻവിജയം നേടുമെന്നും പ്രമേയം പറയുന്നു.