ന്യൂഡൽഹി: മികച്ച അഭിഭാഷകനും പ്രഗത്ഭ നിയമജ്ഞനും തത്വചിന്തകനും ഉത്തമനായ മനുഷ്യസ്‌നേഹിയുമായിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചിച്ചു ട്വിറ്റർ സന്ദേശത്തിൽ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൃഷ്ണയ്യരുമായുള്ള സൗഹൃദം പ്രത്യേകതകൾ നിറഞ്ഞതായിരുന്നെന്നും അദ്ദേഹുമായുള്ള സംഭാഷണങ്ങളും അദ്ദേഹം തനിക്ക് അയച്ച കത്തുകളും ചിന്തോദ്ദീപകമായിരുന്നുവെന്നും മോദി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു. രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടി എന്നും തുടിച്ചിരുന്ന മനസായിരുന്നു കൃഷ്ണയ്യരുടേതെന്നും മോദി പറഞ്ഞു.

കൃഷ്ണയ്യർക്കൊപ്പമുള്ള ചിത്രവും നരേന്ദ്ര മോദി ട്വിറ്ററിൽ അനുശോചന സന്ദേശത്തിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രി ശശി തരൂരും ട്വിറ്ററിൽ അനുശോചനമറിയിച്ചു. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായ്ഡു എന്നിവരും അനുശോചനം രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലും കോൺഗ്രസ് നേതൃത്വവും ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.