ന്യൂഡൽഹി: സ്വദേശ വാദമുയർത്തിയാണ് നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്. പാവപ്പെട്ടവർക്ക് വേണ്ടി സുതാര്യ ഭരണമെന്ന മുദ്രാവക്യവും മുന്നോട്ട് വച്ചു. എന്നാൽ അതൊന്നും ഇതുവരെ രാജ്യത്തെ ജനങ്ങൾ അനുഭവിച്ച് തുടങ്ങിയിട്ടില്ല. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് അവർ. അതിനിടെയിലാണ് വിവാദ കണക്കുകൾ എത്തുന്നത്.

മോദി സർക്കാർ അധികവും വിദേശത്തായിരുന്നു. സർക്കാരിന്റെ വിമാനാ യാത്ര ചെലവാണ് ഇത് വ്യക്തമാക്കുന്നത്. മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഒരു വർഷം ഇനിയും പൂർത്തിയായിട്ടില്ല. പക്ഷേ ചെറിയ കാലയളവിനുള്‌ലിൽ 317 കോടി രൂപയാണ് മോദിയും മന്ത്രിമാരും വിദേശ യാത്രയ്ക്കായി ചെലവഴിച്ചത്. ഭരണത്തിന്റെ അവസാന വർഷം മന്മോഹൻ സർക്കാർ ഇതിനായി ചെലവഴിച്ചത് 258 കോടി രൂപയാണ്. അതിലും 59 കോടി രൂപ ഇപ്പോഴെ അധികമായിരിക്കുന്നു. നാല് മാസം കൂടി കഴിയുമ്പോൾ വിമാനയാത്രാക്കണക്കിൽ ഒരു വർഷം കൊണ്ട് 450 കോടി രൂപയാകുമെന്നാണ് സൂചന.

യുപിഎ സർക്കാർ അഞ്ചു കൊല്ലം കൊണ്ട് വിദേശ യാത്രയ്ക്കായി ചെലവഴിച്ചത് 1500 കോടി രൂപയാണ്. 2008ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തരം ചെലവുകളിൽ വലിയ വെട്ടിച്ചുരുക്കലുകൾ വരുത്തിയിരുന്നു. മന്ത്രിമാരുടെ വിദേശ യാത്രകളിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു. പഞ്ച നക്ഷത്ര ഹോട്ടലുകളിൽ യോഗങ്ങൾ ചേരുന്നതു പോലും വിലക്കി. അങ്ങനെയാണ് സാമ്പത്തിക പ്രതിസന്ധിയോട് മന്മോഹൻ സിങ് പ്രതികരിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മാറുമ്പോഴാണ് മോദി സർക്കാർ എത്തിയത്. അതുകൊണ്ട് തന്നെ ആവശ്യത്തിന് കാശും ചെലവാക്കുന്നത്. എന്നാൽ ഇതു കൊണ്ട് രാജ്യത്തിന് എന്ത് ഗൂണമാണെന്ന ചോദ്യവും സജീവമാണ്.

എല്ലാ വർഷവും മന്ത്രിമാരുടെ വിദേശ യാത്രാ ചെലവുകൾ കൂടുന്നതാണ് കണക്കുകളും വ്യക്തമാക്കുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രധാനമന്ത്രി തന്നെ നിരവധി യാ്ത്രകൾ നടത്തി. അമേരിക്കയിലും ഓസ്‌ട്രേലിയയിലും കിട്ടയ അംഗീകാരങ്ങളുടെ കരുത്തിൽ കൂടുതൽ യാത്രകൾ പ്ലാൻ ചെയ്യുന്നുമുണ്ട. ചൈനയടക്കുള്ള രാജ്യങ്ങളിൽ ഈ വർഷം പോകും. ഇതോടൊപ്പം മറ്റ് രാജ്യത്തലവന്മാരും മോദിയുമായി സംസാരിക്കാൻ രാജ്യത്ത് എത്തുന്നു. ഈ സാഹചര്യത്തിൽ വിദേശ കാര്യ ചെലവുകൾ ഉയരുമെന്നാണ് സൂചന.

ഇപ്പോഴത്തെ സർക്കാരിൽ വിമാനയാത്രയിൽ മുമ്പൻ പ്രധാനമന്ത്രി മോദി തന്നെയാണ്. അടുത്ത വർഷം 269 കോടി രൂപയാണ് വിദേശ യാത്രയ്ക്ക് മോദി സർക്കാർ മാറ്റി വച്ചിരിക്കുന്നത്. ഇതോടൊപ്പം മന്ത്രിമാരുടെ എണ്ണം കുറഞ്ഞെങ്കിലും ജീവനക്കാരുടെ ചെലവിലും മോദി സർക്കാർ പിന്നിലല്ല. 75 പേരുണ്ടായിരുന്ന യുപിഎ മന്ത്രിസഭ. ഇപ്പോഴുള്ളത് 65 പേരും. പ്രധാനമന്ത്രിയുടെ ഓഫീസിനായി 40കോടി രൂപയാണ് ചെലവാക്കിയത്. ഇന്നാൽ മന്മോഹൻ സിംഗിന്റെ അവസാന വർഷം ഇത് 31 കോടി രൂപ മാത്രമായിരുന്നു.