തിഥികൾ ആരായാലും അവരെ കടിച്ചുകീറുന്ന സ്വഭാവമാണ് അർണബ് ഗോസ്വാമിയെന്ന വാർത്താ അവതാരകനെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖം ചെയ്യുന്നതിനായി കിട്ടിയപ്പോൾ അർണബ് മര്യാദക്കാരനായി. പ്രധാനമന്ത്രിയായശേഷം മോദി ഇന്ത്യൻ ചാനലിന് നൽകുന്ന ആദ്യ അഭിമുഖമാണെങ്കിലും അത് സൂപ്പർ പ്രൈം ടൈമിൽ കാണിക്കാതെ ടൈംസ് നൗ ചാനലും സംഗതി ഒതുക്കി.

മോദിയുമായുള്ള അർണബിന്റെ അഭിമുഖം വൈകിട്ട് ആറുമണിക്കാണ് ടൈംസ് നൗ സംപ്രേഷണം ചെയ്തത്. സ്വാഭാവികമായും ഈ അഭിമുഖം അർണബിന്റെ സൂപ്പർ പ്രൈം ടൈമിൽ നൽകേണ്ടതായിരുന്നു. എന്നാൽ, വളരെ മിതഭാഷിയായി മോദിക്കുമുന്നിൽ അർണബ് പ്രത്യക്ഷപ്പെടുന്ന അഭിമുഖത്തിന് ചാനൽ അത്ര പ്രാധാന്യം നൽകിയില്ല.

യു.എസ്. കോൺഗ്രസ്സിൽ പ്രസംഗിച്ചപ്പോഴുണ്ടായ അനുഭവം പോലുള്ള സാധാരണ ചോദ്യങ്ങളാണ് അഭിമുഖത്തിൽ ഉണ്ടായിരുന്നത്. മോദിക്ക് കാര്യങ്ങൾ തുറന്നു പറയണമെന്നുണ്ടായിരുന്നെങ്കിൽപ്പോലും അഭിമുഖകാരൻ അത്തരം വിവാദങ്ങൾക്കൊന്നും തയ്യാറായിരുന്നില്ല എന്നതാണ് കൗതുകം.

പ്രത്യേകിച്ചെന്തെങ്കിലും എടുത്തുകാണിക്കാനില്ലാത്ത സാധാരണ അഭിമുഖം മാത്രമായിരുന്നു അത്. പ്രത്യേകിച്ച് ഒരു വിവാദത്തിലേക്കും പോകാതെ നിയന്ത്രിതമായ ചോദ്യങ്ങളിലൂടെയാണ് അർണബ് അഭിമുഖം മുന്നോട്ടുകൊണ്ടുപോയതും. രാഹുലിനെയും മറ്റും കടിച്ചുകീറുന്ന അർണബിലെ പുലി മോദിക്ക് മുന്നിൽ പൂച്ചയായെന്നാണ് മാദ്ധ്യമലോകത്തെ അടക്കം പറച്ചിൽ.