റിപ്പബ്ലിക് ദിനത്തിന് അതിഥിയായെത്തുന്ന ബരാക് ഒബാമയുടെ കുടുംബത്തിന് എന്തു സമ്മാനം നൽകും? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിന്ത അതുമാത്രമായിരുന്നു. ഒടുവിൽ തീരുമാനമായി. ഒബാമയുടെ ഭാര്യ മിഷേലിന് 100 ബനാറസ് സാരികളും അതിനൊപ്പം ബനാറസ് പട്ടുവസ്ത്രങ്ങളും സമ്മാനിക്കുക.

മിഷേലിന് ഏറെ പ്രിയപ്പെട്ടതാണ് ഇന്ത്യൻ പട്ടുവസ്ത്രങ്ങൾ. പല വലിയ സദസ്സുകളിലും ബനാറസിൽനിന്നുള്ള പട്ടുപയോഗിച്ച് ലോകോത്തര ഡിസൈനർമാരായ ട്രേസീ റീസും നയീം ഖാനും അലക്‌സാണ്ടർ മക്ക്വീനുമൊക്കെ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അവർ ധരിച്ചിട്ടുണ്ട്. തന്റെ സ്വന്തം മണ്ഡലത്തിൽനിന്നുള്ള പട്ടുവസ്ത്രങ്ങളെ ഇത്രയേറെ സ്‌നേഹിക്കുന്ന മിഷേലിന് അവർ ആഗ്രഹിക്കുന്ന സമ്മാനം നൽകാനുള്ള തിരക്കിലാണ് നരേന്ദ്ര മോദി.

പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഇതിനുള്ള അറിയിപ്പ് ബനാറസിലെ നെയ്ത്തുകാർക്ക് ലഭിച്ചുകഴിഞ്ഞു. വാരണാസിയിലെ ബിജെപി നേതാക്കൾ മിഷേലിനുള്ള പട്ടുവസ്ത്രങ്ങളും സാരികളും ഷോപ്പ് ചെയ്യുന്ന തിരക്കിലാണ്. ബനാറസ് പട്ടിന്റെ മഹത്വം വിളിച്ചോതുന്ന വസ്ത്രങ്ങളാകും മിഷേലിന് സമ്മാനിക്കുകയെന്ന് വാരണാസിയിലെ ബിജെപി നേതാക്കൾ പറഞ്ഞു. വാരണാസിയിലെ പട്ടുവസ്ത്ര വ്യാപാരികളുടെ സംഘമായ വാരണസായി വസ്ത്ര ഉദ്യോഗ് സംഘിനാണ് സമ്മാനങ്ങൾ തിരഞ്ഞെടുക്കാനും അത് പാക്ക് ചെയ്യാനുമുള്ള ചുമതല.