- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്ര ചെയ്ത് ചെയ്ത് മോദിയും മടുത്തോ? ഈ വർഷം നിവൃത്തിയുണ്ടെങ്കിൽ വിദേശത്തുപോകില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി; ഇനി ധൈര്യമായി സുഷമയ്ക്ക് വിദേശകാര്യ മന്ത്രിയെന്ന് പറയാം
വിമാനത്തിൽനിന്നിറങ്ങാൻ നേരമില്ലാതെ വിദേശ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മടുത്തു. അത്രയ്ക്ക് അത്യാവശ്യമില്ലെങ്കിൽ ഇക്കൊല്ലം വിദേശത്തുപോകേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ തീരുമാനം. തന്റെ യാത്രകൾ ചുരുക്കാൻ അദ്ദേഹം വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. രാജ്യത്തെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്

വിമാനത്തിൽനിന്നിറങ്ങാൻ നേരമില്ലാതെ വിദേശ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മടുത്തു. അത്രയ്ക്ക് അത്യാവശ്യമില്ലെങ്കിൽ ഇക്കൊല്ലം വിദേശത്തുപോകേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ തീരുമാനം. തന്റെ യാത്രകൾ ചുരുക്കാൻ അദ്ദേഹം വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞു.
രാജ്യത്തെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടി വിദേശ യാത്രകളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് മോദിയുടെ തീരുമാനം. 2016-ന്റെ ആദ്യപകുതിയിൽ ഏതാനും വിദേശ യാത്രകൾ മാത്രമാണ് മോദിക്ക് നിലവിലുള്ളത്. അതിനുശേഷം ചില ഉച്ചകോടികളിൽ പങ്കെടുക്കാനും പോകേണ്ടിവരും.
അധികാരത്തിലേറി ഒന്നരവർഷത്തിനുള്ളിൽ 33 രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തിയത്. ലോകത്തെ ഒട്ടുമിക്ക രാഷ്ട്രത്തലവന്മാരെയും ഇതിനിടെ കാണുകയും ചെയ്തു. വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമാകുന്നതിൽ ഈ സന്ദർശനങ്ങൾ ഫലം ചെയ്തുവെന്ന് പറയാതെ വയ്യ.
എന്നാൽ, വിദേശത്ത് ജീവിക്കുന്ന പ്രധാനമന്ത്രിയെന്ന ആരോപണം ഇതിനിടെ മോദി കേൾക്കേണ്ടിവന്നു. ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാതെ എപ്പോഴും വിദേശ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയായി മാദ്ധ്യമങ്ങളും അദ്ദേഹത്തെ ചിത്രീകരിച്ചു. ഇതോടെയാണ്, ഇക്കൊല്ലം യാത്രകൾ വെട്ടിച്ചുരുക്കാൻ മോദി തന്നെ തീരുമാനിച്ചത്.
മോദി നിരന്തരം യാത്രകൾ ചെയ്തുകൊണ്ടിരുന്നപ്പോൾ തീർത്തും അപ്രസക്തയായത് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ്. മോദി യാത്രകൾ വെട്ടിച്ചുരുക്കുന്നതോടെ, വിദേശകാര്യ മന്ത്രിയെന്ന നിലയ്ക്ക് സുഷമയുടെ പ്രസക്തി വർധിക്കും.
നേരത്തെ, ജനുവരി മധ്യത്തിൽ മോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന് കരുതപ്പെട്ടെങ്കിലും ആ സന്ദർശനം ഫെബ്രുവരിയിലേക്ക് മാറ്റാനാണ് സാധ്യത. അതിനുശേഷം മാർച്ചിൽ ഇന്ത്യയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള ചർച്ചകൾക്കായി ബ്രസ്സൽസിലേക്ക് പോകുന്ന പ്രധാനമന്ത്രി, അവിടെനിന്ന് ആണവ സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യുയോർക്കിലേക്കും പോകും. മോദിയുടെ വരവിനായി കാത്തിരിക്കുന്ന മറ്റനേകം സന്ദർശനങ്ങൾ തൽക്കാലം ഒഴിവാക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം.

