ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗ പോലെ പവിത്രമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാഹുൽ ഗാന്ധിയുടെ ഉത്തരവാദിത്തമില്ലാത്തതും നാണംകെട്ടതുമായ ആരോപണങ്ങളിൽ ഞാൻ അപലപിക്കുന്നു. ജനം ഒരിക്കലും ഇതു വിശ്വസിക്കുകയില്ല. രാഹുലിൽനിന്ന് മറ്റൊന്നും രാജ്യം പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസ് നേതാവായ അദ്ദേഹം അഴിമതിയുടെ കാവൽക്കാരനാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതാക്കളും അവരുടെ കുടുംബവും പോലും അഗസ്റ്റാ വെസ്റ്റ്‌ലൻഡ് അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ അവർ വിഷമസന്ധിയിലാണെന്ന് വരുത്തിതീർക്കുകയാണ്. 5000 കോടിയുടെ നാഷനൽ ഹെറാൾഡ് കേസിൽ ജാമ്യത്തിലാണ് രാഹുൽ ഗാന്ധിയെന്നും പ്രസാദ് പറഞ്ഞു.

ഗുജറാത്തിലെ മെഹ്‌സാനയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് മോദി അഴിമതിക്കാരനാണെന്ന് രാഹുൽ ആരോപിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ ആറു മാസത്തിനിടയിൽ ഒമ്പതു തവണ സഹാറ ഗ്രൂപ്പിന്റെ കൈയിൽനിന്ന് കോടികൾ കോഴ വാങ്ങി. ആദായനികുതി വകുപ്പിന് ഇതു സംബന്ധിച്ച എല്ലാ രേഖകളുമുണ്ട്. ഇത് അന്വേഷിക്കുമോ എന്ന് മെഹ്‌സാനയിലെ റാലിയിൽ രാഹുൽ ചോദിച്ചു. അഴിമതിക്കെതിരെ ചെറുവിരലനക്കാൻ മോദി സർക്കാർ തയാറായാൽ, കോൺഗ്രസ് അവർക്ക് സമ്പൂർണ പിന്തുണ നൽകുമെന്നും രാഹുൽ പറഞ്ഞിരുന്നു.