- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജി- 20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി; മോദി-മാർപ്പാപ്പ കൂടിക്കാഴ്ച ശനിയാഴ്ച
റോം: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം ഒരു മണിയോടെ മോദി മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാൾ, എ ബി വാജ് പേയി എന്നിവർക്ക് ശേഷം വത്തിക്കാനിലെത്തി മാർപ്പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
സെന്റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. അരമണിക്കൂർ നീണ്ടു നിൽക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ദേശീയതലത്തിൽ മാത്രമല്ല,അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രധാന്യമുണ്ട്.
മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഐക്യത്തിന്റെ സന്ദേശം നൽകാൻ കൂടിയാകും മോദി ശ്രമിക്കുക. ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹം പ്രതീക്ഷയോടെയാണ് മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ കാണുന്നത്. കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപ്പാപ്പയെ മോദി ഇന്ത്യ സന്ദർശനത്തിന് ക്ഷണിക്കുമെന്ന സൂചനയുണ്ട്.
മുമ്പ് ബംഗ്ലാദേശ് സന്ദർശനത്തിനിടെ മാർപ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999 ജോൺ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിട്ടുണ്ട്. എ ബി വാജ്പേയിയുടേ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്ത് അന്ന് വലിയ സ്വീകരണമാണ് മാർപ്പാപ്പയ്ക്ക് നൽകിയത്.
അടുത്ത വർഷം ആദ്യം ഫ്രാൻസിസ് മാർപ്പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നാണ് സൂചന. ശനിയാഴ്ച മുതൽ രണ്ട് ദിവസമായാണ് റോമിൽ ജി.20 ഉച്ചകോടി നടക്കുക. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള സാമ്പത്തിക-വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.