രേന്ദ്ര മോദിയെ ചായക്കച്ചവടക്കാരൻ എന്നാക്ഷേപിച്ച രാഷ്ട്രീയ പ്രതിയോഗികൾ അറിയുക. മോദി ചായവിറ്റു നടന്ന റെയിൽവേ സ്‌റ്റേഷനും അദ്ദേഹം താമസിച്ച വീടും ഗുജറാത്ത് സർക്കാരിന്റെ ടൂറിസം മാപ്പിൽ ഇടം പിടിച്ചു. 600 രൂപ മുടക്കിയാൽ, മോദിയുടെ വീടും റെയിൽവേ സ്‌റ്റേഷനും ഉൾപ്പെടുന്ന ഒരുദിവസത്തെ ടൂർ പാക്കേജും സർക്കാർ ആവിഷ്‌കരിച്ചു. 

വഡനഗറിലെ മോദിയുടെ വീടും അതിനടുത്തുള്ള പ്രാദേശിക റെയിൽവേ സ്റ്റേഷനും ഉൾപ്പെടുന്നതാണ് ടൂറിസം കോർപറേഷൻ ഓഫ് ഗുജറാത്ത് ലിമിറ്റഡി(ടിസിജിഎൽ)ന്റെ ടൂർ പാക്കേജ്. മോദിയുടെ ഗ്രാമത്തിൽനിന്ന് ഉയരാം എന്നാണ് ഈ പാക്കേജിന് നൽകിയിട്ടുള്ള പേര്. സംസ്ഥാന ടൂറിസം കോർപറേഷന്റെ ഔദ്യോഗിക പങ്കാളികളിലൊന്നായ അക്ഷർ ട്രാവൽസാണ് പ്രതിദിന ടൂർ പാക്കേജിന് തുടക്കമിട്ടിരിക്കുന്നത്.

പ്രഖ്യാപിച്ചതു മുതൽ ഈ ടൂർ പാക്കേജിന് ആവശ്യക്കാരേറെയാണ്. ടൂറിസം കോർപറേഷൻ അവരുടെ വെബ്‌സൈറ്റിലൂടെ അക്ഷർ ട്രാവൽസിന്റെ ടൂറിന് പ്രചാരണവും നൽകുന്നുണ്ട്. ജനുവരിയിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കിടെയാണ് ഈ ടൂർ പാക്കേജ് പ്രഖ്യാപിക്കപ്പെട്ടത്. അന്നുതൊട്ട് ഇതിവാനശ്യക്കാരേറെയാണെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു.

അഹമ്മദാബാദിൽനിന്നും ഗാന്ധി നഗറിൽനിന്നുമാണ് ടൂർ സർവീസുകൾ ആരംഭിക്കുന്നത്. വഡ്‌നഗറിലെ മോദിയുടെ ജന്മവീട്, അദ്ദേഹം പഠിച്ച വഡ്‌നഗർ പ്രാഥമിക് കുമാർ ശാല, ഹൈസ്‌കൂൾ, അദ്ദേഹം പ്രാർത്ഥന നടത്തിയിരുന്ന ഹത്‌കേശ്വർ ക്ഷേത്രം എന്നിവയും ടൂർ പാക്കേജിന്റെ ഭാഗമാണ്. മോദിയ്‌ക്കൊപ്പം പഠിച്ചവരുമായി സംസാരിക്കാനുള്ള അവസരവും സംഘാടകർ ഒരുക്കിത്തരും.

പ്രധാനമന്ത്രി പദവിവരെയെത്തിയ മോദിയുടെ ജീവിതത്തിലെ അവിസ്മരണീയമായ പ്രവർത്തനമേഖലകളിലൊന്ന് എന്നാണ് വഡ്‌നഗർ റെയിൽവേ സ്റ്റേഷനെ പാക്കേജിൽ സൂചിപ്പിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് മോദി മുതലയെ പിടിച്ചുവെന്ന് പറയപ്പെടുന്ന ശർമിഷ്ഠ തടാകവും യാത്രക്കിടെ കാണാനാവും.