ത്രുക്കളുടെ വാക്കുകൾ കൊണ്ടല്ല, തന്റെ പ്രവർത്തികൾ കൊണ്ടാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം തന്നെ വിലയിരുത്തേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ സന്ദർശിക്കാനെത്തിയ 30-അംഗ മുസ്ലിം നേതൃസംഘത്തോടാണ് മോദിയുടെ ഈ അഭ്യർത്ഥന. മുസ്ലിം പണ്ഡിതരും പ്രൊഫഷണലുകളും ഉൾപ്പെട്ട പ്രതിനിധി സംഘമാണ് മോദിയെ സന്ദർശിച്ചത്. ന്യൂനപക്ഷവകുപ്പ് സഹമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.

ഇന്ത്യയിലെ 125 കോടി ജനങ്ങളുടെയും ഉയർച്ചയാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും അവരുടെ ജീവിത നിലവാരം ഉയർത്തുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ മതസ്പർധ ഉയർത്തുന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും സാമുദായിക ഐക്യം നിലനിർത്താനായി പ്രയത്‌നിക്കണമെന്നും ബിജെപി പ്രവർത്തകരോട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്.

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം രാജ്യത്തിന് ഒട്ടേറെ നഷ്ടങ്ങളാണ് ഇതുവരെ ഉണ്ടാക്കിയിരിക്കുന്നതെന്ന് കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. ഭൂരിപക്ഷ രാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവുമല്ല, വികസനോന്മുഖ രാഷ്ട്രീയമാണ് ഇന്ത്യയ്ക്കുവേണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിച്ചുകാണുന്ന രാഷ്ട്രീയത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പ്രതിനിധി സംഘത്തോട് പറഞ്ഞു.

മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങളെ പ്രതിനിധി സംഘം പുകഴ്‌ത്തി. രാജ്യത്തിന്റെ വികസന കാര്യത്തിൽ മോദിയുമായി യോജിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് സംഘം അഭിപ്രായപ്പെട്ടു. മുൻ പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദിന്റെ മകനും പ്രശശ്ത ഹാർട്ട് സ്‌പെഷലിസ്റ്റുമായ ഡോ. പർവേസ് അഹമ്മദ്, സാക്കിർ ഹുസൈൻ കോളേജ് പ്രിൻസിപ്പൽ ഡോ. അസ്ലം പർവേസ് അഹമ്മദ്, ഇൻഡോർ ഗേൾസ് കോളേജ് ചെയർമാൻ പ്രൊഫ.അബ്ദുൾ ഹക്കീം ഖാൻ, ജാമിയ മിലിയ ഇസ്ലാമിയയിലെ പ്രൊഫ.ക്വാസി ഒബെയ്ദ് ഉർ റഹ്മാൻ തുടങ്ങി പ്രശസ്തരുടെ സംഘമാണ് മോദിയെ സന്ദർശിക്കാനെത്തിയത്.

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മുസ്ലിം നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചത് മോദി ക്യാമ്പിന് പുതിയ ഉണർവ് പകർന്നിട്ടുണ്ട്. രാജ്യത്തെ ഒരൊറ്റ മനസ്സോടെ വികസന പന്ഥാവിലേക്ക് നയിക്കാൻ മോദിക്കാവുമെന്ന് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്താൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് അവർ കരുതുന്നു.