- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നാലു പെണ്ണുങ്ങളും മോദിജിയുടെ മൗനവും
ഒരുമ്പെട്ടിറങ്ങിയ പെണ്ണ് പുനർജനി നേടി ഭീഷ്മ പിതാമഹനെ പോലും നിലംപതിപ്പിച്ച കഥയാണ് മഹാഭാരതത്തിലേത്. ആർഷഭാരത സംസ്‌ക്കാരത്തെ നെഞ്ചോട് ചേർത്ത കാവി രാഷ്ട്രീയം ഇന്ത്യ ഭരിക്കുമ്പോൾ ഒരുമ്പെട്ടിറങ്ങിയ പെണ്ണുങ്ങളുടെ ധീരകൃത്യങ്ങളിൽ തട്ടിത്തടഞ്ഞ്, രാജാവ് തന്നെ നിലം പതിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നതും. കഠിനവ്രതങ്ങളിലൂടെ യോഗചെയ്
ഒരുമ്പെട്ടിറങ്ങിയ പെണ്ണ് പുനർജനി നേടി ഭീഷ്മ പിതാമഹനെ പോലും നിലംപതിപ്പിച്ച കഥയാണ് മഹാഭാരതത്തിലേത്. ആർഷഭാരത സംസ്‌ക്കാരത്തെ നെഞ്ചോട് ചേർത്ത കാവി രാഷ്ട്രീയം ഇന്ത്യ ഭരിക്കുമ്പോൾ ഒരുമ്പെട്ടിറങ്ങിയ പെണ്ണുങ്ങളുടെ ധീരകൃത്യങ്ങളിൽ തട്ടിത്തടഞ്ഞ്, രാജാവ് തന്നെ നിലം പതിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നതും. കഠിനവ്രതങ്ങളിലൂടെ യോഗചെയ്തും തുളസിയിട്ട വെള്ളം മാത്രം കുടിച്ചും കഷ്ടപ്പെട്ട് നേടിയെടുത്ത പ്രധാനമന്ത്രിയുടെ പ്രതിഛായയ്ക്കാണ് കാവിപ്പടയിലെ നാലു പെൺപുലികൾ ചേർന്ന് മങ്ങലേൽപ്പിച്ചിരിക്കുന്നത്. കെട്ടിയ പെണ്ണിനെ നാലാംപക്കം വീട്ടിലേക്ക് മടക്കി അയച്ച് ബ്രഹ്മചര്യത്തെ വാരിപ്പുണർന്ന് കരുത്താർജിച്ച നരേന്ദ്ര മോദിയെ ഇപ്പോൾ ഏറെ അസ്വസ്ഥപ്പെടുത്തുന്നതും സ്വന്തം പടയിലെ മഹിളാ രത്‌നങ്ങളുടെ പേരിൽ ഉയരുന്ന ആരോപണങ്ങൾ തന്നെ.
നാലുപേരും കാവി രാഷ്ട്രീയത്തിൽ താരപരിവേഷമുള്ളവർ. സുഷമാജി ജനകീയ നേതാവെങ്കിൽ വസുന്ധര രാജെ ഇന്നും രാജസ്ഥാനിൽ രാജ്ഞി തന്നെ. വിശാല ഹൃദയത്തിന് ഉടമകളായ രണ്ടുപേരും അടക്കാൻ വയ്യാത്ത മനഷൃസ്‌നേഹം കൊണ്ടാണത്രെ പണമെടുത്ത് അമ്മാനമാടുന്ന വിവാദ നായകനെ സഹായിച്ചത്. ഞങ്ങളിത്രയൊക്കെയേ ചെയ്തുള്ളൂ; ഇതിനാണ് ഇവർ ഞങ്ങളെയിങ്ങനെ...... എന്ന പരാതിയാണ് രണ്ടുപേർക്കുമുള്ളത്. സ്മൃതിയാകട്ടെ ചെറു പ്രായത്തിൽതന്നെ കണ്ണീർ സീരിയലുകളിൽ നിന്നിറങ്ങിവന്ന് മത്സരിച്ച് തോറ്റിട്ടും മന്ത്രിസഭയിലേറി ഗ്ലാമർ പരിവേഷത്തിൽ മോദിയുടെ വിശ്വസ്ത. വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്ന ചിലരുടെ വാശിയാണ് സ്മൃതിക്ക് വിനയായത്. അഭിനയിക്കാൻ വേണ്ടാത്ത വിദ്യാഭ്യാസ യോഗ്യതയെന്തിന് അത്രത്തോളം അദ്ധ്വാനമില്ലാത്ത മന്ത്രിപണിയ്‌ക്കെന്നാകും പാവം സ്മൃതിയുടെ ചിന്ത.
മഹാരാഷ്ട്രയിൽ താമര വളർത്തിയ അച്ഛന്റെ മകളാണ് കാവിപക്ഷത്തെ മറ്റൊരു ധീര വനിത പങ്കജ് മുണ്ടെ. മുഖ്യമന്ത്രിയാകാൻ പോലും താൻ യോഗ്യയാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പങ്കജ് മുണ്ടെ പറഞ്ഞപ്പോൾ ബിജെപിക്കാർപോലും വിശ്വസിച്ചിരുന്നില്ല. മന്ത്രിണിയായി മാസങ്ങൾക്കകംതന്നെ അവരത് തെളിയിച്ചപ്പോഴാണ് എല്ലാവരും മൂക്കത്ത് വിരൽവച്ചത്. 206 കോടിയുടെ അഴിമതി ആരോപണമാണ് ഇവർക്കെതിരേ ഉയർന്നിരിക്കുന്നത്.
നാലുപെണ്ണുങ്ങൾക്കും നേരെ ഉയർന്ന ആരോപണങ്ങൾ ആളിക്കത്തിക്കാൻ പ്രതിപക്ഷത്ത് നേതൃത്വം നൽകുന്നതാകട്ടെ മറ്റൊരു വനിതയായ സോണിയാഗാന്ധി. മകൻ രാഹുൽ ഗാന്ധിക്ക് പട നയിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത് കോൺഗ്രസ് അദ്ധ്യക്ഷ കൂടിയായ സോണിയയാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ തകർന്ന് തരിപ്പണമായ കോൺഗ്രസിന് വീറും വാശിയും തിരികെ നൽകി ആരോപണ വിധേയരായ മറുപക്ഷത്തെ പെണ്ണുങ്ങൾക്കെതിരേ പടനയിക്കുമ്പോഴാണ് മറ്റൊരു പെണ്ണിന്റെ കുടെ പേര് വെളിപ്പെട്ടത്. അത് മറ്റാരുമല്ല, സ്വന്തം പക്ഷക്കാരിയും സർവോവരി മകളും കൂടിയായ പ്രിയങ്ക...! റസ്‌റ്റോറന്റിലിരുന്ന് ലളിത് മോദിയ്‌ക്കൊപ്പം ചായകുടിക്കുക മാത്രമാണ് പ്രിയങ്ക ചെയ്തതെന്ന് കോൺഗ്രസ് പറയുന്നുണ്ടെങ്കിലും ഒട്ടുമിക്ക ഡീലും ഉറപ്പിക്കാറ് ചായകുടിച്ചു കൊണ്ട് തന്നെയാണെന്ന് മറുപക്ഷത്തെ അനുഭവസ്ഥരും പറയുന്നു. പക്ഷേ; പ്രിയങ്കയ്‌ക്കെതിരായ ഐ.പി.എൽ കുംഭകോണക്കാരന്റെ ആരോപണ ശരം അത്രകണ്ടങ്ങ് ഏശിയില്ല.
മാന്യന്മാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ക്രിക്കറ്റിന് താരപരിവേഷം നൽകി നോട്ടുകെട്ടുകൾ വാരിയെറിഞ്ഞ് പെണ്ണുടലുകളെ കളത്തിലിറക്കി യുവത്വത്തെ ആകർഷിച്ച ലളിത് മോദി ഇനിയും വെളിപ്പെടുത്തലുകളുണ്ടാകുമെന്ന ഭീഷണി മുഴക്കികഴിഞ്ഞു. പത്രമാദ്ധ്യമങ്ങൾക്ക് കണ്ണും കാതും കൂർപ്പിച്ച് ലളിത് മോദിയുടെ തിരുമൊഴികൾ ഇനിയും കുറിച്ചെടുക്കാം. വെളിപ്പെടുത്തൽ കുരുക്കിൽ വീഴുന്നതിൽ പെണ്ണുങ്ങൾ തന്നെയാകുമോ എണ്ണത്തിൽ കൂടുതലെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.
എന്തായാലും കെട്ടിയ പെണ്ണിനെ പോലും ജീവിതത്തിൽനിന്ന് ഇറക്കിവിട്ട് പരിവ്രാജകനായി സംഘ പരിവാറിന്റെ ട്രൗസറണിഞ്ഞ് രാജ്യസേവനത്തിനിറങ്ങിയ മോദിജി, കാവിപ്പടയിലെ പെണ്ണുങ്ങൾ ചെയ്ത അബദ്ധത്തിന്റെ പേരിൽ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതിത്തിരി കടന്ന ആവശ്യമായിപോയെന്ന് തോന്നിയേക്കാം. എന്നാൽ നേപ്പാളിൽ ഭൂകമ്പമുണ്ടായാൽ പോലും ആദ്യം പ്രതികരിക്കുന്ന മോദിജി ഇതൊന്നും കേട്ട ഭാവം പോലുമില്ല. യോഗയെ കുറിച്ച് പത്ത് പേജ് ഉപന്യസിക്കാം. എന്നാൽ പെണ്ണുങ്ങൾ ചെയ്തുകൂട്ടിയതിനെകുറിച്ച് ഒരു വാക്കുപോലും മിണ്ടില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രിജി. മാത്രമല്ല, പുള്ളിക്കാരൻ ഇരുപതാമത്തെ വിദേശ യാത്രയ്ക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലുമാണ്. രക്ഷാബന്ധൻ ഔദ്യോഗിക ചടങ്ങാക്കി രാഖി ചരട് മന്ത്രിച്ചുകെട്ടി എല്ലാ വിവാദ ഭൂത പ്രേതങ്ങളേയും ഒടിച്ചുവിടാനാകും ഒരുപക്ഷേ, മോദിജിയുടെ പ്ലാൻ...!!