ന്യൂഡൽഹി: അസാധുവാക്കപ്പെട്ട നോട്ടുകൾ മാറ്റിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയെ ബാങ്കിലെത്തിച്ചതിനെതിരെ വിമർശനമുയരുന്നു. നോട്ടുനിരോധനത്തെ തുടർന്ന രാജ്യത്ത് ജനകോടികൾ ബാങ്കുകളിൽ പണം മാറ്റിക്കിട്ടാൻ കാത്തുകെട്ടിക്കിടക്കുകയാണ്.

രാജ്യത്തെങ്ങും ഈ നടപടിയ്‌ക്കെതിരെ ജനരോഷം ശക്തമാകുകയും ചെയ്യുന്നുണ്ട്. ഇതിനെ തണുപ്പിക്കാൻ ബിജെപിയും മോദിയും സ്വീകരിച്ച തന്ത്രമാണ് ഹീരാബെന്നിനെ ബാങ്കിലെത്തിച്ച് നടത്തിയ നാടകമെന്ന വിമർശനമാണ് സോഷ്യൽ മീഡയിൽ ഉയരുന്നത്. സംഭവത്തെ മോദിയുടെ പുതിയ നാടകമാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

അസാധു നോട്ടുകൾ മാറിയെടുക്കാൻ സ്വന്തം അമ്മയെ പോലും ക്യൂവിൽ നിർത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തി. എന്റെ വീട്ടിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെങ്കിൽ ഞാൻ ക്യൂവിൽ നിൽക്കുമായിരുന്നുവെന്നും ഒരിക്കലും അമ്മയെ ക്യൂവിൽ നിർത്തില്ലായിരുന്നെന്നും ആണ് കെജ്രിവാൾ അഭിപ്രായപ്പെട്ടത്. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിൽ എത്തിയാണ് ഇന്ന് മോദിയുടെ അമ്മ ഹീരാബെൻ മോദി അസാധു നോട്ടുകൾ മാറിയത്.

സഹായികൾക്കൊപ്പമാണ് ഹീരാബെൻ ബാങ്കിലെത്തിയത് 4500 രൂപയുടെ നിരോധിത കറൻസി മാറ്റി വാങ്ങുകയും ചെയ്തു. രണ്ടായിരം രൂപയുടെ ഒരു നോട്ടും പത്തുരൂപയുടെ രണ്ടു ബണ്ടിലുകളുമുൾപ്പെടെയുള്ള നോട്ടുകളുമായാണ് ഹീരാബെൻ മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ ദേശീയ ചാനലുകളിൽ ഉൾപ്പെടെ പ്ര്േക്ഷപണം ചെയ്തതോടെയാണ് ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിലും അഭിപ്രായ പ്രകടനങ്ങൾ ഉയർന്നത്. കഴിഞ്ഞദിവസം നോട്ടുകൾ മാറ്റിവാങ്ങാൻ ജനങ്ങൾ കഷ്ടപ്പെടുന്നത് അറിയാനെന്ന് വ്യക്തമാക്കി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിലെ ബാങ്കിലെത്തി ്ക്യൂനിന്ന് പണം മാറ്റിവാങ്ങിയതിനെ ബിജെപി നേതാക്കൾ ഫോട്ടോ നാടകമെന്ന് കളിയാക്കിയിരുന്നു.

ഇതിനു പിന്നാലെ ജനങ്ങളുടെ തിരിച്ചടി ശക്തമാകുമെന്ന് കണ്ടപ്പോൾ ബിജെപി മോദിയുടെ അമ്മയെയെ ബാങ്കിലെത്തിച്ച് സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്. അവരെ എത്തിക്കാൻ തന്നെ സഹായികളെ ഉപയോഗിച്ച സാഹചര്യത്തിൽ ഇവരുടെ പക്കൽ നൽകി പണം മാറ്റാമായിരുന്നില്ലേ എന്നും ഇതു ചെയ്യാതിരുന്നത് മോദിയുടെ അമ്മയ്ക്കുവരെ ബാങ്കിലെത്തി പണം മാറ്റേണ്ടിവന്നുവെന്ന് പ്രചരിപ്പിക്കാനുള്ള തന്ത്രമല്ലേ എന്നും വിമർശകർ ചോദിക്കുന്നു.

അതേസമയം, നോട്ടുകൾ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ജനങ്ങളെ യാചകരാക്കി മാറ്റിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയേ മതിയാവൂ.  സാഹചര്യം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. രാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും മമത പറഞ്ഞു.