- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിഎ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി; കേരളത്തിൽ എൻഡിഎയുടെ ഏക മുസ്ലിം വനിതാ സ്ഥാനാർത്ഥിയെ മോദി ആദരിക്കുന്ന വൈറൽ വീഡിയോ കാണാം
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിക്കുന്ന വീഡിയോ വൈറലാകുന്നു. പൊതുവേദിയിൽവച്ചാണ് മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി പി. നസീമയെ മോദി ആദരിച്ചത്. തിരഞ്ഞെടുപ്പ് ആവേശം ഉയർത്തി ചൊവ്വാഴ്ച പാലക്കാട് കോട്ടമൈതാനത്ത് നടന്ന പരിപാടിയിലാണ് നരേന്ദ്ര മോദി കേരളത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഏക മുസ്ലിം വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടിയായിരുന്നു കോട്ടമൈതാനത്ത് നടന്നത്. ഈ വേദിയിലാണ് മോദിയുടെ കാൽ നസീമ തൊട്ട് വന്ദിച്ചത്. ഈ സമയം തന്നെ നസീമയുടെ കാൽ തൊട്ട് വന്ദിക്കുന്ന മോദിയേയും കാണാം. ഈ വിഡിയോ ഇപ്പോൾ ബിജെപി സൈബർ ഗ്രൂപ്പുകളിൽ ൈവറലാവുകയാണ്. എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന ഏക മുസ്ലിം വനിതയാണ് പി.നസീമ. അണ്ണാഡിഎംകെ സ്ഥാനാർത്ഥിയായാണ് നസീമ മണ്ണാർക്കാടുനിന്ന് ജനവിധി തേടുന്നത്. പ്രാദേശിക സിപിഎം നേതാവായിരുന്ന പി. നസീമ എൻഡിഎ സ്ഥാനാർത്ഥിയായത്, എഐഡിഎംകെ വഴിയാണ്.
സംസ്ഥാനത്ത് പരസ്യമായിട്ടുള്ള രഹസ്യമാണ് എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു അഞ്ചു വർഷം ഒരു കൂട്ടർ കൊള്ളയടിക്കുന്നു. അടുത്ത അഞ്ചു വർഷം അടുത്തവർ കൊള്ളയടിക്കുന്നു. ബംഗാളിൽ ഇടതും കോൺഗ്രസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിന് നേരിടുന്നതെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ആരോപണം പരസ്പരം ഉന്നയിക്കുന്നർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരോപണത്തിൽ ഒരു നടപടിയുമില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എൽ ഡി എഫും യു ഡി എഫും പണമുണ്ടാക്കാൻ അവരവരുടേതായ മാർഗങ്ങൾ കണ്ടെത്തുന്നു. സൂര്യന്റെ രശ്മികളെ പോലും യു ഡി എഫ് വെറുതെ വിട്ടില്ല. എൽ ഡി എഫ് ആണെങ്കിൽ ഏതാനും സ്വർണനാണയങ്ങൾക്ക് വേണ്ടി കേരളത്തെ ഒറ്റു കൊടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ രാഷ്ട്രീയം അഞ്ച് രോഗങ്ങളിൽ കൂടി കടന്നു പോകുകയാണ്. അഴിമതി, ജാതീയത, വർഗീയത, സ്വജന പക്ഷപാതം, ക്രിമിനൽ വൽക്കരണം എന്നിവയാണ് അത്. അതിന് കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. എൽ ഡി എഫിനും യു ഡി എഫിനും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. അതിലൊന്ന് വോട്ട് ബാങ്ക് രാഷ്ട്രീയവും രണ്ടാമത്തേത് സ്വന്തം കീശ വീർപ്പിക്കലാണ്.
പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ഇ ശ്രീധരനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ ശ്രീധരൻ കേരളത്തിന്റെ അഭിമാന പുത്രനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികനത്തിൽ വലിയ പങ്കു വഹിച്ച വ്യക്തിത്വം. ശ്രീധരന്റെ വരവ് ബിജെപിക്ക് കരുത്ത് പകരുമെന്നും കേരളത്തിലെ പ്രൊഫഷണലുകൾ ബിജെപിയെ പിന്തുണയ്ക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ പ്രൊഫഷണലുകൾ ബിജെപിയിലേക്ക് വരും. മെട്രോമാൻ ശ്രീധരന്റെ തീരുമാനം ഇതാണ് സൂചിപ്പിക്കുന്നത്. ബിജെപി വികസനത്തോടൊപ്പം നിൽക്കുന്ന പാർട്ടിയാണ്. എല്ലാവരെയും ഒരുമിച്ച് നിർത്താനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ