- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്രമോദിയുടെ ഹാട്രിക് വിജയവും ഇന്ത്യയുടെ ഭാവിയും; ഒട്ടും വിസ്മരിക്കരുതാത്ത ചില കാര്യങ്ങൾ
നരേന്ദ്ര മോദി എന്ന വാക്ക് കേരളത്തിലെ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വളരെ കരുതലോടെയാണ്. മോദിയെക്കുറിച്ച് നല്ലതു പറഞ്ഞാൽ അത് പണം വാങ്ങി എഴുതുന്നതാണെന്ന് പെട്ടെന്ന് പ്രചരിപ്പിക്കപ്പെടും. കഴിഞ്ഞ കുറേ നാളുകളായി മോദിയുടെ സവിശേഷതകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചപ്പോൾ ഒക്കെ ഈ ആരോപണങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇനി ആർക്ക
നരേന്ദ്ര മോദി എന്ന വാക്ക് കേരളത്തിലെ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വളരെ കരുതലോടെയാണ്. മോദിയെക്കുറിച്ച് നല്ലതു പറഞ്ഞാൽ അത് പണം വാങ്ങി എഴുതുന്നതാണെന്ന് പെട്ടെന്ന് പ്രചരിപ്പിക്കപ്പെടും. കഴിഞ്ഞ കുറേ നാളുകളായി മോദിയുടെ സവിശേഷതകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചപ്പോൾ ഒക്കെ ഈ ആരോപണങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇനി ആർക്കും ആ സത്യം മറച്ചു വെയ്ക്കാൻ കഴിയില്ല. ഗുജറാത്തിൽ നേടിയ ഹാട്രിക് വിജയത്തോടെ മോദി ഇന്ത്യയിൽ ഏറ്റവും തിളക്കമുള്ള നേതാവായി മാറിയിരിക്കുന്നു. ഈ വിജയത്തെ കൈയ്യടിച്ച് അഭിനന്ദിക്കാൻ ആരെങ്കിലും മടിക്കുന്നുണ്ടെങ്കിൽ അവർക്ക് സത്യത്തെ ഭയമാണെന്ന് പറയേണ്ടിയിരിക്കുന്നു.
- മോടിയോടെ മൂന്നാമതും മോദി; ഗുജറാത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ; ഹിമാചൽ കോൺഗ്രസിനൊപ്പം
- വിമർശനങ്ങൾ കരുത്തനാക്കി; ബിജെപിയിലും ദേശീയ രാഷ്ട്രീയത്തിലും ഒറ്റയാനായി നരേന്ദ്ര മോദിയുടെ കുതിപ്പ്
എന്തെല്ലാം ആരോപണങ്ങൾ നേരിട്ടാലും ശരി മോദിയും മോദിസവും ഇന്ത്യയിലെ ഒരു പ്രതിഭാസമായി വളർന്നു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രവികസനത്തോടുള്ള മോദിയുടെ സമീപനം, ജനത്തെ കയ്യിലെടുക്കാനുള്ള ശേഷി, വേഗത്തിലും കൃത്യതയിലും ഉള്ള ഭരണരീതി എന്നിവയെല്ലാം മോദി ഇന്ത്യയ്ക്ക് കൈമാറുകയാണ്. മോദി അധികാരത്തിൽ ഏറുന്നതിനു മുമ്പ് ഗുജറാത്ത് സന്ദർശിച്ചിട്ടുള്ള ഒരാൾ ഇപ്പോൾ ഗുജറാത്തിൽ പോയാൽ തീർച്ചയായും മോദി എന്ന പ്രതിഭാസത്തിന്റെ അർത്ഥം അവർ മനസ്സിലാകും. ഇതിനു ശ്രമിക്കാതെ മോദി വിരുദ്ധത അഭിനയിക്കുന്നതു കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ല. ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തിന്റെ തുടർച്ചയായി ഗുജറാത്തിൽ ഉണ്ടായ വംശീയതയിൽ നിന്നും ആർക്കും അത്രവേഗം മോദിയെ ഒഴിവാക്കാനും കഴിയില്ല. ലോകത്ത് മനസാക്ഷിയുള്ള ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത വിധമായിരുന്നു ഗർഭിണികളും കുട്ടികളും അടക്കമുള്ള മുസ്ലീം ജനവിഭാഗങ്ങൾ അവിടെ മരിച്ചു വീണത്. അന്ന് മുഖ്യമന്ത്രി ആയിരുന്ന മോദി കയ്യുംകെട്ടി നോക്കി നിന്നതേ ഉള്ളൂ എന്ന ആരോപണം ശക്തമാണ്. മോദി എന്ന പ്രതിഭാസത്തെ മറച്ചു വെയ്ക്കാൻ കഴിയാത്തതുപോലെ തന്നെ ഇതും മറച്ചു വെയ്ക്കാൻ കഴിയില്ല.
എന്നാൽ ഗുജറാത്തിലെ ജനങ്ങൾ പൂർണ്ണമായും ഈ രക്തക്കറ മറന്നിരിക്കുന്നു എന്നു തന്നെ വേണം കരുതാൻ. ഈ ശ്രദ്ധേയമായ കാര്യം ആ മഹാ ദുരന്തത്തിനു ശേഷം ഗുജറാത്തിൽ ചെറിയ വംശീയ കലാപങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. അന്ന് പരാജയപ്പെട്ട മോദിയും പൊലീസും പിന്നീട് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ശക്തമായ നിലപാട് എടുത്തു എന്നു തന്നെയാണ് ഗുജറാത്തിന്റെ ആധുനിക ചരിത്രം വ്യക്തമാക്കുന്നത്. ഇതിനുള്ള അംഗീകാരമാണ് മോദിക്ക് ജനങ്ങൾ നൽകിയിരിക്കുന്നത്.
ഈ വിജയം ബിജെപിയുടെയോ തീവ്ര ഹിന്ദുത്വവാദത്തിന്റെയോ ഒക്കെ ആക്കി മാറ്റാൻ ചിലർ ശ്രമിച്ചേക്കും. എന്നാൽ അതല്ല സത്യം. അങ്ങനെയാണെങ്കിൽ ഹിമാചലിൽ എന്തുകൊണ്ട് ബിജെപിയും ഈ ഹിന്ദുത്വവാദികളും തോറ്റു എന്നകാര്യം ചിന്തിക്കണം. ഇത് വികസനത്തിനുള്ള കൈയ്യടിയാണ്. ഇന്ത്യ ലോകത്തെ ഏറ്റവും നിർണ്ണായകമായ മൂന്നു ശക്തികളിൽ ഒന്നായി കാണണം എന്നാഗ്രഹിക്കുന്നവരാണ് ഏത് സാധാരണക്കാരനും. അമേരിക്കക്കും ചൈനയ്ക്കും ഒപ്പം ലോകത്തിന്റെ ഭാവി നിശ്ചയിച്ചിരിക്കുന്ന ലോകപൊലീസായി ഇന്ത്യ മാറണമെങ്കിൽ ദിശാബോധമുള്ള രാഷ്ട്രീയക്കാർ വേണം. അതു മനസ്സിലാക്കിയാണ് ഗുജറാത്തികൾ മോദിക്ക് വോട്ടു ചെയ്യുന്നത്.
ഈ തെരഞ്ഞെടുപ്പ് ഫലത്തിന് ഇന്ത്യയുടെ ഭാവിയുമായി വലിയ ബന്ധമാണുള്ളത്. അടുത്ത പ്രധാനമന്ത്രിയാകാൻ ബിജെപിയുടെ ഭാഗത്തു നിന്നും ചൂണ്ടിക്കാണിക്കേണ്ട ഏക നേതാവായി മോദി മാറിയിട്ട് നാളുകളായി. പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ യാത്രയുടെ ദൂരം ഈ തെരഞ്ഞെടുപ്പോടെ കുറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്ന അനേകം പേർ ബിജെപിയിൽ ഉള്ളതു കൊണ്ട് ആ തെരഞ്ഞെടുപ്പ് അത്ര അനായാസകരമായിരിക്കുമെന്ന് ചിന്തിക്കുക വയ്യ. എന്നിരുന്നാലും ബിജെപിക്ക് മറ്റൊരു വഴിയും ഇല്ല എന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ ബിജെപിക്ക് പ്രതീക്ഷിക്കാൻ ഏറെ വഴിയുണ്ട് താനും.
ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തിളങ്ങുന്ന മോദിക്ക് ഇന്ത്യയുടെ കാവൽക്കാരനാകാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും സന്ദേഹങ്ങൾ ഇല്ലാതില്ല. സങ്കുചിതമായ പ്രാദേശിക രാഷ്ട്രീയം മോദിയുടെ മുഖമുദ്രയാണ്. ഇന്ത്യ എന്നാൽ ഗുജറാത്ത് എന്ന ചിന്തയിലാണ് പലപ്പോഴും മോദിയുടെ പ്രവർത്തനം. അത്തരം സങ്കുചിതമായ ഒരു അവസ്ഥയിൽ നിന്നും മാറി ഗുജറാത്തിന് അപ്പുറവും ഇന്ത്യ ഉണ്ട് എന്ന ചിന്തയിലേക്ക് മോദി പരിവർത്തനം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി മോദി ചെയ്യേണ്ടത് ഗുജറാത്ത് എന്ന സങ്കുചിത ചിന്തയ്ക്കപ്പുറം ഇന്ത്യക്കാരൻ എന്ന പൊതുവികാരത്തിലേക്ക് വളരുകയാണ്. അങ്ങനെ ചെയ്യുകയും ഗോധ്ര സംഭവത്തിന് തുടർച്ചയായുള്ള സംഭവങ്ങൾപോലുള്ള തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്താൽ ഇന്ത്യയുടെ മുഖചിത്രം മാറ്റി വരയ്ക്കാൻ മോദിക്ക് കഴിയും. എന്തായാലും വികസനത്തിനു ലഭിച്ച ഈ വിജയത്തിന് നമുക്ക് ഒരു കൈയ്യടി നൽകാം.
ഇന്ത്യൻ പ്രധാനമന്ത്രി ആകാനുള്ള യോഗ്യത മറ്റാരെക്കാളും മോദിക്കുണ്ട് എന്ന് നിങ്ങൾ കരുതുന്നുവോ? പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.