കണ്ണൂർ: കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വാട്‌സ് ആപ്പിലൂടെ ഹിറ്റായ കേരളാ മോദിയെ ആരും മറന്നു കാണാൻ ഇടയില്ല. മോദിയെ പോലെ വെളുത്ത താടിയും മുടിയും അതേ രൂപവുമായി പ്രത്യക്ഷപ്പെട്ട ഈ മനുഷ്യനെ ഒറ്റനോട്ടത്തിൽ എന്നല്ല പല തവണ നോക്കിയാലും മോദി എന്നേ തോന്നൂ. ആകെ വ്യത്യാസം മോദിയുടെ കോട്ട് ഇല്ല എന്നത് മാത്രം. വാട്‌സ് അപ്പിൽ പ്രചരിച്ച ഈ തമാശ മോദി പോലും ആസ്വദിച്ചിരുന്നു.

'നരേന്ദ്ര മോദി' പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നു എന്ന് പറഞ്ഞാണ് ആ ചിത്രം പ്രചരിച്ചത്. പിന്നീട് കോട്ടയത്തും തിരുവനന്തപുരത്തും തൃശൂരും വടകരയിലും മോദി എത്തിയെന്ന രീതിയിലായി പ്രചാരണം. ഒടുവിൽ നാട്ടുകാരും വീട്ടുകാരും അറിഞ്ഞപ്പോഴാണ് ഇത് പയ്യന്നൂർക്കാരൻ രാമചന്ദ്രനാണെന്ന് അറിയുന്നത്.

മോദിയുടെ അപരനായി ഹിറ്റായതോടെ താടി വടിച്ച് രൂപം മാറ്റിയാലോ എന്ന ചിന്തയിലാണ് ഈ പയ്യന്നൂർ 'മോദി'.കണ്ണൂർ പയ്യന്നൂരിനടുത്ത് മാത്തിൽ കുറുവേലി പുതിയ റോഡിലെ പരിഞ്ഞാറെ കൊഴുമ്മൽ വീട്ടിൽ രാമചന്ദ്രനാണ് ആ മോദി. ബംഗളൂരുവിലെ മകന്റെ അടുത്തേക്ക് പോകാൻ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആരോ ഫോട്ടോ എടുത്തതും 'മോദി പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ' എന്ന അടിക്കുറിപ്പോടെ വാട്‌സാപ്പിൽ ഇട്ടതും. സംഗതി വാട്‌സ് അപ്പിലൂടെ പ്രചരിച്ചപ്പോൾ നാട്ടുകാർ ഇതു കാണുകയും രാമചന്ദ്രനെ തിരിച്ചറിയുകയുമായിരുന്നു.

മുംബൈയിൽ സ്വകാര്യ കമ്പനിയിൽ ഏറെക്കാലം ജോലി ചെയ്ത രാമചന്ദ്രൻ പിന്നീട് പത്ത വർഷത്തോളം സൗദി അറേബ്യയിൽ ആയിരുന്നു. മോദിയുമായുള്ള സാദൃശ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ രാമചന്ദ്രന്റെ മറുപടി ഇങ്ങനെയായിരുന്നു ' എന്റെ ഈ പ്രായവും നരച്ച താടിരോമവുമൊക്കെ മോദിയുമായി കൂടുതൽ ചേർച്ച തോന്നാൻ കാരണമായിട്ടുണ്ടാകും.

ഞാൻ ഹരിദ്വാർ, കാശി തുടങ്ങിയ പുണ്യസ്ഥലങ്ങളൊക്കെ സന്ദർശിക്കാൻ പോകാറുണ്ട്. അപ്പോഴൊക്കെ എന്റെ രൂപംകണ്ട് പലരും കൂടെ കൂടും, സംസാരിക്കും, സെൽഫിയെടുക്കും. എന്നാൽ, വാട്‌സ് ആപ്പിൽ വന്നപ്പോഴാണ് നാട്ടിലടക്കം സംസാരമായത്. താടി വടിച്ച് രൂപം മാറ്റിയാലോ എന്ന ചിന്തയിലാണിപ്പോൾ'. ഓമനയാണ് രാമചന്ദ്രന്റെ ഭാര്യ. മക്കൾ: രാജീവ്, രാജേഷ്.