ന്യൂഡൽഹി: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുമെന്നും അദേഹം ട്വീറ്റ് ചെയ്തു. ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ ട്വീറ്റ്

'ബുറേവി ചുഴലിക്കാറ്റ് മൂലം കേരളത്തിലെ സ്ഥിഗതികളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളത്തെ സഹായിക്കാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ദുരന്തമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു.'

 

അതിനിടെ, ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയിലാണ് ചുഴലിക്കാറ്റ് ശ്രീലങ്കയിലേക്ക് എത്തിയത്. നിലവിൽ മണിക്കൂറിൽ 90 കിമീ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ബുറേവി ചുഴലിക്കാറ്റിന്റെ സ്വാധീനം നാളെ ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ അനുഭവപ്പെട്ടു തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ബുറേവി ലോകത്ത് ഈ വർഷം രൂപപ്പെടുന്ന 97മത്തെ ചുഴലിക്കാറ്റാണെന്ന് ലോക കാലാവസ്ഥ സംഘടന ചൂണ്ടിക്കാട്ടുന്നു. ഈ വർഷം നംബർ 17വരെ 96 ചുഴലിക്കാറ്റുകൾ ലോകത്ത് രൂപപ്പെട്ടതായി ഡബ്യുഎംഒ വ്യക്തമാക്കി.

അതേസമയം, ബുറേവിയുടെ കേരളത്തിലെ സഞ്ചാര പാതയെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. തൂത്തുക്കുടി തീരത്ത് എത്തുന്ന ചുഴലി, രണ്ടുവഴിക്ക് സഞ്ചരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. തെക്കോട്ട് വഴിമാറി നാഗർകോവിൽ, കന്യാകുമാരി വഴിയാണ് ഇതിലൊന്ന്. ഇത് മുൻപ് ഓഖി കൊടുങ്കാറ്റ് വന്ന വഴിയാണ്. എന്നാൽ തൂത്തുക്കുടിയിൽ കരകയറുന്നതിനിടെ കടലിൽ നിന്ന് കൂടുതൽ ജലം സംഭരിച്ച് കരുത്താർജിച്ചാൽ തെങ്കാശി, കൊല്ലം ജില്ലകളുടെ മുകളിലൂടെ സഞ്ചരിക്കുമെന്നും വിലയിരുത്തലുണ്ട്. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 43 വില്ലേജുകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി കാര്യങ്ങൾ വിലയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.