കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ സ്‌കൂൾ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. മരിച്ച നരിക്കാട്ടേരി കറ്റാരത്ത് അബ്ദുൾ അസീസിനെ സഹോദരൻ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ ചർച്ചയാക്കുന്നത് ആ കുടുംബത്തിലെ ദുരൂഹതകൾ.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലാണ് കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നത്. ഇതോടെയാണ് കേസിൽ പുനരന്വേഷണത്തിന് റൂറൽ എസ്‌പി ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഷാജി ജോസഫിനാണ് അന്വേഷണ ചുമതല. ഈ അന്വേഷണത്തിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും കിട്ടി കഴിഞ്ഞു. അപ്രതീക്ഷിതമായിട്ടാണ് സഹോദരൻ സഫ്‌വാൻ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്.

അസീസിന്റെ കുടുംബാംഗങ്ങളിലാരോ ഒരാളാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ശ്വാസം മുട്ടി സഫ്‌വാന്റെ മടിയിൽ കിടന്ന് അസീസ് പിടയുന്നത് ആ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴുത്ത് ഞെരിക്കുന്നത് സഫ്‌വാനാണെങ്കിലും വീഡിയോ പകർത്തിയത് മറ്റൊരാളാണ്. അതുകൊണ്ട് തന്നെ വീട്ടിലെ മറ്റ് അംഗങ്ങൾക്കും അസീസിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വ്യക്തമാണ്. സഫ്‌വാൻ അസീസിന്റെ അർധസഹോദരനാണ്. പിതാവ് ഒന്നാണെങ്കിലും രണ്ട് അമ്മമാരുടെ മക്കളാണ് ഇരുവരും. കുടുംബവഴക്കാണ് മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.

കോഴിക്കോട് നാദാപുരത്ത് നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ 2020 മെയ് 17നാണ് വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുതന്നെ അസീസിന്റെ ഉമ്മയുടെ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആത്മഹത്യയെന്ന് പൊലീസ് എഴുതി തള്ളി. രണ്ടാനമ്മയ്ക്ക് എതിരെയായിരുന്നു പരാതി.

മരണവിവരമറിഞ്ഞ് നാട്ടുകാർ അസീസിന്റെ വീട്ടിലെത്തുമ്പോൾ അസീസിന്റെ ദേഹത്തുള്ള വസ്ത്രവും സഫ്‌വാൻ ധരിച്ച വസ്ത്രവും തന്നെയാണ് പുറത്തു വന്ന വീഡിയോയിലുള്ളത്. അതുകൊണ്ട് തന്നെ വീഡിയോ യഥാർത്ഥമാണെന്നും ടിക് ടോക്കിന് വേണ്ടി മുമ്പ് ചിത്രീകരിച്ചതെന്ന വാദമൊന്നും നിലനിൽക്കില്ലെന്നും പറയുന്നു. അസീസ് ജീവനൊടുക്കാനുള്ള ഒരു സാഹചര്യവുമില്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നുമായിരുന്നു ആക്ഷൻ കൗൺസിലിന്റെ തുടക്കം മുതലേ ഉള്ള ആവശ്യം.

സഹോദരൻ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ ചില സാമൂഹികമാധ്യമ ഗ്രൂപ്പുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഇതോടെ നാട്ടുകാർ കഴിഞ്ഞദിവസം രാത്രിയിൽ തന്നെ അസീസിന്റെ വീടുവളഞ്ഞു. തുടർന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കേസിൽ അസീസിന്റെ ബന്ധുക്കളെ വിശദമായി ചോദ്യംചെയ്യുന്നുണ്ട്. വിദേശത്തുള്ള സഹോദരനോട് നാട്ടിലെത്താനും ആവശ്യപ്പെടും.

ഫാനിൽ ഒരു ലുങ്കിയിൽ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. റമദാൻ കാലമായിരുന്നു അത്. പകൽ സമയത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്നതിൽ അന്നേ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. വീട്ടിൽ ആ സമയത്ത് വേറെയും ആളുകൾ ഉണ്ടായിരുന്നു.

താഴത്തെ മുറിയിലുണ്ടായിരുന്നു ടൈലറിങ് മെഷീൻ മുകളിലേക്ക് എടുത്തുകൊണ്ടുപോയി, അതിന് മുകളിൽ കയറിയാണ് കുട്ടി ഫാനിൽ തൂങ്ങിമരിച്ചത് എന്ന വീട്ടുകാരുടെ വിശദീകരണമൊന്നും നാട്ടുകാർക്ക് വിശ്വാസയോഗ്യമായി തോന്നാത്തതുകൊണ്ടും അന്ന് നാട്ടുകാർ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.

കുടുംബവഴക്കുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ സഹായത്തോടെ സഫ്‌വാനെന്ന സഹോദരൻ അസീസിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിലാണ് ആക്ഷൻ കമ്മിറ്റിയുള്ളത്.