- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഹിൻടൻ നരിമാൻ വിരമിച്ചു; നഷ്ടമായത് ജുഡീഷ്യറിയുടെ സിംഹത്തെയെന്ന് ചീഫ് ജസ്റ്റിസ് ആർ വി രമണ; ജഡ്ജിമാരുടെ നിയമനത്തിൽ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമാകേണ്ടതെന്ന് വിടവാങ്ങൽ പ്രസംഗം

ന്യൂഡൽഹി: ജസ്റ്റിസ് റോഹിൻടൻ ഫാലി നരിമാൻ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹം സേവനം പൂർത്തിയാക്കിയത്. സുപ്രീം കോടതിക്ക് നഷ്ടമായത് സിംഹങ്ങളിലൊന്നിനെയാണെന്ന് ചീഫ് ജസ്റ്റിസ് ആർ വി രമണ പറഞ്ഞു. ജുഡീഷ്യൽ സംവിധാനത്തെ സംരക്ഷിക്കുന്ന സിംഹങ്ങളിലൊന്നിനെ നഷ്ടപ്പെട്ടതുപോലെയാണ് തനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ അറിവും പാണ്ഡിത്യവും ബുദ്ധിയും നമുക്ക് നഷ്ടമാകുന്നു. ശക്തമായ നിയമസംവിധാനത്തിന്റെ തൂണായിരുന്നു അദ്ദേഹം. എപ്പോഴും ശരിക്കൊപ്പം നിന്നു-ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജഡ്ജിമാരുടെ നിയമനത്തിൽ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമാകേണ്ടതെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ ജസ്റ്റിസ് റോഹിൻടൻ നരിമാൻ പറഞ്ഞു. മികച്ച നീതി നിർവഹണമാണ് രാജ്യത്തെ ജനങ്ങൾ സുപ്രീംകോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി അങ്കണത്തിലാണ് അദ്ദേഹത്തിന് യാത്രയയപ്പ് ഒരുക്കിയത്.
സോളിസിറ്റർ ജനറലായിരുന്ന നരിമാനെ 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്. 37ാമത്തെ വയസ്സിൽ തന്നെ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. പ്രശസ്ത അഭിഭാഷകൻ ഫാലി നരിമാനാണ് പിതാവ്. ശബരിമല യുവതീപ്രവേശനം, വിവാദമായ 66എ നിയമം അസാധുവാക്കൽ, സ്വവർഗ ലൈംഗികത കുറ്റമല്ലാതക്കൽ, മുത്തലാഖ് നിരോധനം തുടങ്ങിയ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിപ്പിച്ച ബെഞ്ചിലെ അംഗമായിരുന്നു നരിമാൻ.


