ന്യൂഡൽഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന് ഇടുങ്ങിയ ചിന്താഗതിയാണുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അത്തരത്തിൽ ഇടുങ്ങിയ ചിന്താഗതിയുള്ളവർക്കു മറുപടി നൽകേണ്ട കാര്യമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

സോണിയ ഗാന്ധിയുടെ നേതൃത്വം കോൺഗ്രസ് അംഗീകരിച്ചത് അവർക്കു വെളുത്ത നിറമുള്ളതുകൊണ്ടാണെന്നാണ് കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. രാജീവ് ഗാന്ധി ഒരു നൈജീരിയൻ വനിതയെയോ വെളുത്തവർഗക്കാരിയല്ലാത്ത സ്ത്രീയെയോ ആണ് വിവാഹം ചെയ്തിരുന്നതെങ്കിൽ കോൺഗ്രസ് അവരുടെ നേതൃത്വം അംഗീകരിക്കുമായിരുന്നോ എന്നും ഹാജിപൂരിൽ ചൊവ്വാഴ്ച നടന്ന പരിപാടിക്കിടെ സിങ് ചോദിച്ചിരുന്നു.

അത്തരം ഇടുങ്ങിയ ചിന്താഗതികളുള്ളവർ നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് മധ്യപ്രദേശിൽ എത്തിയ സോണിയ ഗാന്ധി മാദ്ധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉടൻ തന്നെ പാർട്ടി പ്രവർത്തനത്തിലേക്ക് മടങ്ങി വരുമെന്നും സോണിയ പറഞ്ഞു. ജനങ്ങൾക്കൊപ്പം രാഹുൽ എന്നും ഉണ്ടാവുമെന്നും സോണിയ പറഞ്ഞു.

മന്ത്രി ഗിരിരാജ് സിങ്ങിനെ ഉടൻതന്നെ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്ന് കോൺഗ്രസ് എംപി രാജ് ബബ്ബാർ ആവശ്യപ്പെട്ടു. അദേഹത്തെ ഏത് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചാലും ചികിത്സയുടെ മുഴുവൻ ചെലവും വഹിക്കാൻ താൻ തയ്യാറാണെന്നും അദേഹം പറഞ്ഞു. സംസ്‌കാരമില്ലാത്ത വാക്കുകളാണ് ഗിരിരാജ് സിങ്ങിൽ നിന്നുണ്ടായതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചു. സംസ്‌കാരമില്ലാതെ പെരുമാറുന്നവർക്ക് പ്രാധാന്യം നൽകുന്ന രീതിയാണ് ബിജെപി നേതൃത്വത്തിന്റേതെന്നും അദേഹം ആരോപിച്ചു.

സോണിയയെ അധിക്ഷേപിച്ച് ഗിരിരാജ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി തള്ളിപ്പറിഞ്ഞിരുന്നു. മാത്രമല്ല, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഗിരിരാജിനെ ശാസിക്കുകയും ചെയ്തു. പാർട്ടിയെ നാണം കെടുത്തുന്ന പ്രസ്താവനകൾ നടത്തരുതെന്നും ഷാ നിർദ്ദേശിച്ചു. ഇതിന് പിന്നാലെ ഗിരിരാജ് സിങ് ഖേദം പ്രകടിപ്പിച്ചിരുന്നു. ആളുകൾ സ്വകാര്യമായി പലതും പറയുമെന്നും തന്റെ പ്രസ്താവന സോണിയയെയും രാഹുലിനെയും വിഷമിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇനിയും കണ്ടെത്താനാകാത്ത മലേഷ്യൻ വിമാനത്തിന്റെ അവസ്ഥ പോലെയാണ് രാഹുൽ ഗാന്ധിയുടെ കാര്യമെന്നും ഗിരിരാജ് സിങ് പരിഹസിച്ചിരുന്നു. കഴിഞ്ഞ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുന്നവരെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞു ഗിരിരാജ് സിങ്ങ് വിവാദമുയർത്തിയിരുന്നു.

സോണിയ ഗാന്ധിയെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ് പ്രസ്താവന പുറപ്പെടുവിച്ചതിനു തൊട്ടു പിന്നാലെ തന്നെ പ്രതിഷേധവും ഉയർന്നു. പ്രസ്താവന വിവാദമായതോടെ വാർത്താസമ്മേളനത്തിനു ശേഷമുള്ള തന്റെ അനൗദ്യോഗിക സംഭാഷണമായിരുന്നു അതെന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്. ബിജെപി നേതാക്കളുടെ സദാചാര ബോധമില്ലായ്മയെയയാണ് സിങ്ങിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. ലൈംഗികവും വർഗീയവുമായ അതിഗുരുതര അധിക്ഷേപമാണ് ഗിരിരാജ് സിങ് നടത്തിയിരിക്കുന്നതെന്നും ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഗിരിരാജ് സിങ്ങിന്റെ വർഗീയ അധിക്ഷേപത്തെ സിപിഐ(എം) നേതാവ് ബൃന്ദാ കാരാട്ടും അപലപിച്ചു.

ഗിരിരാജ് സിങ്ങിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിൽ മന്ത്രിയുടെ ബോധം തന്നെ പോയെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല പറഞ്ഞത്. അതേസമയം, സോണിയക്കെതിരായ പരാമർശത്തിന്റെ പേരിൽ ഗിരിരാജ് സിങ്ങിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. മുസഫർപുർ സിജെഎം കോടതിയാണ് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. 

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ