ന്യൂഡൽഹി: മരുന്നടിക്ക് പിടിക്കപ്പെട്ട ഇന്ത്യൻ ഗുസ്തിതാരം നർസിങ് യാദവിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുമതി. ദേശീയ ഉത്തജേകവിരുദ്ധ ഏജൻസിയാണ് നർസിങ്ങിന് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.

മനഃപൂർവമല്ല നർസിങ് മരുന്ന് ഉപയോഗിച്ചതെന്നാണു സമിതി കണ്ടെത്തിയത്. ഇതെത്തുടർന്നാണു നർസിങ്ങിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.

ശനിയാഴ്ച എട്ടുമണിക്കൂറോളം കേസിൽ വിചാരണ നടന്നിരുന്നു. തുടർന്ന് വിവിധ രേഖകൾ പരിശോധിച്ചശേഷം തിങ്കളാഴ്ച അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ഡയറക്ടർ നവീൻ അഗർവാൾ അറിയിച്ചിരുന്നു.

74 കിലോഗ്രാം ഗുസ്തി വിഭാഗത്തിൽ ഒളിമ്പിക്സിന് യോഗ്യത നേടിയ നർസിങ് യാദവ്, കഴിഞ്ഞയാഴ്ചയാണ് ഉത്തേജമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ടത്. ജൂലൈ അഞ്ചിന് നർസിങ്ങിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിരോധിതമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തകുകയായിരുന്നു.

നർസിങ്ങിനുപകരം പ്രവീൺ റാണയെ ഒളിമ്പിക് ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. താൻ നിരപരാധിയാണെന്നും സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് നർസിങ് വാദിച്ചതും. ഗുസ്തി അസോസിയേഷന്റെ പിന്തുണയും നർസിങ്ങിനുണ്ടായിരുന്നു.