തിരുവനന്തപുരം: പള്ളിച്ചൽ നരുവാമൂട്ടിൽ മകൾ അമ്മയെ പിന്നിൽ നിന്ന് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. വീടിന് മുന്നിലെ തിണ്ണയിൽ ഇരിക്കുകയായിരുന്നു അന്നമ്മ (85). അപ്പോഴാണ് പിന്നീലൂടെ എത്തിയ ലീല വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടിയത്.

മുറ്റത്തേയ്ക്ക് പിടഞ്ഞുവീണ അന്നമ്മയെ ലീല വീടിന് മുന്നിൽ തന്നെയിട്ട് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. റോഡിന് സമീപമാണ് ഇവരുടെ വീട്. വീടിന് മുന്നിൽ നിന്ന് പുക ഉയർന്നപ്പോൾ ചവർ കത്തിക്കുകയാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പുക ശല്യത്തെ തുടർന്ന് അവർ പൊലീസിലറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോഴാണ് കത്തിക്കാൻ ശ്രമിച്ചത് സ്വന്തം അമ്മയെയായിരുന്നുവെന്ന് നാട്ടുകാരും മനസിലാക്കുന്നത്.

മാനസികരോഗം മൂർച്ഛിച്ചാണ് ലീല കൊല ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് വർഷം മുമ്പ് മാനസികരോഗത്തിന് ചികിൽസ തേടിയ ലീല അക്കാലം മുതൽ സ്ഥിരമായി മരുന്നുകൾ കഴിച്ചിരുന്നുവെന്ന് വാർഡ് മെമ്പർ അമ്പിളി മറുനാടനോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ലീലയുടെ രോഗം വർദ്ധിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായി അവർ അക്രമാസക്തയായിരുന്നുവെന്നുമാണ് വാർഡ് മെമ്പറുടെ വിശദീകരണം.

എന്നാൽ നാട്ടുകാരുടെ ഭാഷ്യം പൂർണമായും വിശ്വസിക്കാൻ നരുവാമൂട് പൊലീസ് തയ്യാറല്ല. കഴിഞ്ഞ മൂന്ന് ദിവസമായി അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അത് മാനസികവിഭ്രാന്തി കൊണ്ടാണെന്നുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ലീല തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നതായും നരുവാമൂട് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.

ലീലയെ വൈദ്യപരിശോധനയ്ക്കായി ശാന്തിവിള താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മെഡിക്കൽ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ മാനസികനില സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. എന്തായാലും തൊട്ടടുത്ത് റോഡരികത്ത് ക്രൂരമായ കൊലപാതകം നടന്ന ഷോക്കിലാണ് മോട്ടമൂട്ടിലെ നാട്ടുകാർ.

ഇന്നലെവരെ തൊഴിലുറപ്പ് ജോലിക്കും മറ്റും തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഒരാളാണ് കൊലപാതകി എന്നതും അവരെ കൂടുതൽ അമ്പരപ്പിക്കുന്നു. ഭർത്താവുമായി പിരിഞ്ഞ ലീല വർഷങ്ങളായി അമ്മയ്ക്കൊപ്പമാണ് താമസം. രണ്ട് പെൺമക്കളുണ്ടെങ്കിലും ഇരുവരും വിവാഹിതരാണ്.