സൂര്യൻ പൊട്ടിത്തെറിക്കാൻ ഒരുങ്ങുന്നതിന്റെ സൂചനകളാണോ നാസയുടെ പുതിയ വീഡിയോ ദൃശ്യത്തിലുള്ളത്.സൂര്യനിൽനിന്ന് വൃത്താകൃതിയിലുള്ള ഒരു ഭാഗം അടർന്നുനീങ്ങുന്ന ദൃശ്യമാണ് പുതിയ ആശങ്കകൾ വിതയ്ക്കുന്നത്.ശാസ്ത്രലോകത്തുതന്നെ ഇതുസംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്.

സൗരോപരിതലത്തിലുള്ള പ്ലാസ്മാ ശകലങ്ങൾ കാന്തിക ശക്തിയിൽ അടർന്നുനീങ്ങുന്നതാണ് ഈ പ്രതിഭാസമെന്ന് നാസ വ്യക്തമാക്കുന്നു. സൗരോപരിതലത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ട നിറത്തിലാകും ഇത്തരം ഫിലമെന്റുകൾ കാണപ്പെടുകയെന്നും അത് അതിന്റെ ചൂട് കുറവായതിനാലാണെന്നും നാസ വക്താവ് പറയുന്നു.

സൂര്യനിൽനിന്ന് അടരുന്ന പ്ലാസ്മാ പാളികൾ ഭൂമിയിലേക്ക് എത്തുമെങ്കിലും അതിനെ ഭൗമോപരിതലത്തിലുള്ള മാഗ്നറ്റോസ്ഫിയർ ഗതിതിരിച്ചുവിടും. ഇത് ശക്തിയേറിയ മിന്നലുകളായി ഭൂമിയിൽ അനുഭവപ്പെടാം. ഭൗമോപരിതലത്തിൽ ഈ കാന്തികകവചമില്ലെങ്കിൽ പ്ലാസ്മാ സ്‌ഫോടനങ്ങൾ ഭൂമിയിലെത്തുകയും അത് ആശയവിനിമയ സംവിധാനത്തെയാകെ തകർക്കുകയും ചെയ്യും. വൻതോതിൽ സ്‌കിൻ ക്യാൻസറിനും അത് കാരണമാകും.

നവംബർ 15-ന് ഇത്തരത്തിലൊരു പ്ലാസ്മാ സ്‌ഫോടനം സൂര്യനിൽ സംഭവിച്ചിരുന്നു. പിറ്റേന്നും അതാവർത്തിച്ചു. എന്നാൽ, ഇത്തരം സൗര സംഭവങ്ങൾ അപൂർവമായി മാത്രമാണ് നാസയ്ക്ക് പകർത്താൻ കഴിഞ്ഞിട്ടുള്ളത്. നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററിയാണ് ഈ അത്ഭുതകരമായ ദൃശ്യം പകർത്തിയത്.