വാഷിങ്ടൺ: പുതിയ ലോകം തേടിയുള്ള ശാസ്ത്രലോകത്തിന്റെ യാത്രയിൽ നിർണായക വഴിത്തിരിവായി ചൊവ്വയിൽനിന്ന് ജലപ്രവാഹമുണ്ടായിരുന്നതിന്റെ വ്യക്തമായ സൂചനകൾ. ചൊവ്വയുടെ ഉപരിതരലത്തിൽ കണ്ടെത്തിയ വിരലടയാളത്തോട് സാമ്യമുള്ള ചിഹ്നങ്ങൾ ജലപ്രവാഹമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളാണെന്ന് നാസ സ്ഥിരീകരിച്ചു. 2011-ലാണ് നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യത്തിനിടെ വിരലടയാളങ്ങൾ കണ്ടെത്തിയത്.

മറ്റൊരു ഗ്രഹത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിൽ ലഭിച്ച ഏറ്റവും വലിയ തെളിവാണ് ഈ വിരലടയാളങ്ങളെന്ന് നാസ വ്യക്തമാക്കി. അന്യഗ്രഹ ജീവികൾ ഉണ്ടാകാം എന്നതിന് വിശ്വസനീയമായി ലഭിച്ച ആദ്യ തെളിവുകൂടിയാണിത്. താപനില മൈനസ് 23 ഡിഗ്രിക്കുമേൽ ഉയർന്നുകഴിഞ്ഞാൽ ചൊവ്വയുടെ ഉപരിതലത്തിൽ പലയിടത്തും ഈ വിരലടയാളങ്ങൾ ദൃശ്യമാകുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. തണുപ്പേറുന്നതോടെ ഇത് അപ്രത്യക്ഷമാവുകയും ചെയ്യും.

നാസ ആസ്ഥാനത്ത് ഈ കണ്ടെത്തലുകളെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. നേച്ചർ ജിയോസയൻസിലും ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വയിൽ ജലം ഒഴുകിയിരുന്നു എന്നതിന് ലഭിച്ച ഏറ്റവും വലിയ തെളിവുകളാണ് ഈ പാടുകളെന്ന് നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റിലെ ജോൺ ഗ്രൺസ്‌ഫെൽഡ് പറഞ്ഞു. അവിടെ ജലമുണ്ട് എന്ന് ഈ തെളിവുകളോടെ നമുക്ക് സ്ഥാപിക്കാനായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൊവ്വയുടെ ഉപരിതലത്തിൽ കുഴിച്ചാൽ ചിലപ്പോൾ കടലുകൾ പോലെ ജലസ്രോതസ് കണ്ടെത്താനാകുമെന്നും ശാസ്ത്രജ്ഞർ കരുതുന്നു. വിരലടയാളങ്ങൾ പോലുള്ള പാടുകൾ ഒരുപക്ഷേ, ഒരു സമുദ്രത്തിന്റെയോ മറ്റോ സൂചനയാകാം. ചിലപ്പോൾ ഏതെങ്കിലും തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനം സംഭവിച്ച് ഉപരിതലത്തിലുള്ള ജലസാന്നിധ്യം മുഴുവൻ അപ്രത്യക്ഷമായതാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വ ഒരു വരണ്ട ഗ്രഹമല്ലെന്ന വിശ്വാസത്തെ ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ഏതായാലും ഈ കണ്ടത്തൽ.

ഗ്രഹത്തിലെ പർവതഗർത്തങ്ങൾക്കിടയിലൂടെ വളരെദൂരം താഴ്‌വാരത്തിലേക്കു വേനൽക്കാലത്തൊഴുകുന്ന അരുവികൾ ശിശിരത്തിൽ അന്തരീക്ഷ താപം താഴുന്നതോടെ ഉറഞ്ഞുപോകുന്നതിന്റെ അടയാളങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. ചൊവ്വയിൽനിന്നുള്ള പുതിയ ചിത്രങ്ങളിൽ പർവതങ്ങളും അഗാധ ഗർത്തങ്ങളും മലയിടുക്കുകളും കാണാം. ഈ പ്രതലത്തിലാണ് അരുവികളുടെ അടയാളങ്ങളുള്ളത്. അരുവികൾ ഉണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണ് ഇവ ഉറവെടുക്കുന്നതെന്നു വ്യക്തമായിട്ടില്ല.

ചൊവ്വയുടെ ഉപരിതലത്തിനു താഴെ ഘനീഭവിച്ച മഞ്ഞുപാളികളോ ഉപ്പുവെള്ളമോ അന്തരീഷതാപം ഉയരുമ്പോൾ ഉരുകിയൊലിക്കുന്നതാകാമെന്നാണ് അനുമാനം. ഒഴുകുന്ന ജലമുണ്ടെന്നു കണ്ടെത്തിയ നിലയ്ക്ക് ചൊവ്വയിൽ വാസയോഗ്യമായ അന്തരീഷത്തിനു സാധ്യതയുണ്ടാകാമെന്ന് നാസയിലെ ഗവേഷകർ പറയുന്നു. അരുവികളുടെ ഉറവിടം കണ്ടെത്തലാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം.

ചൊവ്വയിൽ ഒരു കാലത്ത് ജലമുണ്ടായിരുന്നു എന്നതിന് മുൻപുതന്നെ തെളിവുകൾ ലഭിച്ചിരുന്നു. 1970കളിൽ ലഭിച്ച ചില ചൊവ്വാ ചിത്രങ്ങളിൽ വരണ്ട നദീതടങ്ങൾ കണ്ടെത്തിയിരുന്നു. ചൊവ്വയിൽ പണ്ടെങ്ങോ സമുദ്രമുണ്ടായിരുന്നതിന്റെ തെളിവുകളും ഈ വർഷം ആദ്യം നാസ പുറത്തുവിട്ടിരുന്നു.

ഒരു ദശകം മുൻപ് നാസയുടെ മാർസ് ഗ്ലോബൽ സർവേയർ എടുത്ത ചില ചിത്രങ്ങളിലും പർവതപ്രദേശങ്ങളിലെ ജലസാന്നിധ്യം സംബന്ധിച്ച സൂചനകളുണ്ടായിരുന്നു.ഒഴുകുന്ന ജലം കണ്ടെത്തിയ സ്ഥിതിക്ക് ചൊവ്വയുടെ പ്രതലത്തിൽ ഇപ്പോഴും ഈർപ്പമുണ്ടെന്നാണ് നിഗമനം.