വാഷിങ്ടൺ: ചൊവ്വയിൽ ജീവനുണ്ടായിരുന്നുവെന്നു വാദിക്കുന്നവർക്ക് ഏറെ ആഹഌദം പകർന്ന് ചുവപ്പു ഗ്രഹത്തിൽനിന്ന് സ്പൂൺ ആകൃതിയിലുള്ള വസ്തുവിന്റെ ചിത്രം ലഭിച്ചു. ചൊവ്വാ ഗ്രഹത്തിൽ പര്യവേക്ഷണം നടത്തുന്ന നാസയുടെ ക്യൂരിയോസിറ്റി റോവറാണ് ചിത്രം പകർത്തിയത്.

കൂറ്റൻ സ്പൂണിന്റെ ആകൃതിയിലുള്ള വസ്തു മണ്ണിൽമൂടപ്പെട്ടു കിടക്കുന്നതിന്റെ ചിത്രമാണു ലഭിച്ചിരിക്കുന്നത്. പോയ വർഷങ്ങളിലും സമാന വസ്തുവിന്റെ ചിത്രം ചൊവ്വയിൽനിന്നു ലഭിച്ചിരുന്നു. മോതിരത്തിന്റെയും ഗ്ലൗസിന്റെയും ആകൃതിയിലുള്ള വസ്തുക്കളുടെ ചിത്രവും മുമ്പു ലഭിച്ചിട്ടുണ്ട്.

പുതുതായി ലഭിച്ച സ്പൂണിന്റെ ചിത്രം സംബന്ധിച്ച വീഡിയോ അന്യഗ്രഹജീവികൾ ഉണ്ടെന്നു വാദിക്കുന്ന ഒരു സംഘം യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബുദ്ധിയുള്ള ജീവികൾ മുമ്പ് ചൊവ്വയിൽ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് ഇവർ വാദിക്കുന്നു.

അതേസമയം ഇതു വെറും മായക്കാഴ്ചയാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.