ഴിഞ്ഞ ദിവസം സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒരുമിച്ച് വരുകയും ചന്ദ്രൻ ചുവന്ന് തുടുക്കുകയും ചെയ്തപ്പോൾ ലോകാവസാനമുണ്ടാകുന്നതിന്റെ സൂചനയാണിതെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാൽ ഇത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നായിരുന്നു ചില ശാസ്ത്രജ്ഞന്മാർ പ്രതികരിച്ചിരുന്നത്. എന്നാൽ ആ ലോകാവസാന പേടിയിൽ അൽപം ശരിയില്ലാതില്ലെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് രണ്ടു മൈൽ വിസ്തീർണമുള്ള ഒരു ഉൽക്ക മണിക്കൂറിൽ 40,000 മൈൽ വേഗതയിൽ ഭൂമിക്ക് നേരേ കുതിച്ച് വരുകയാണെന്നും അത് ഇന്നോ നാളെയോ ഭൂമിയെ തൊട്ടുരുമ്മിക്കൊണ്ട് കടന്ന് പോകുമെന്നുമാണ് നാസ കണ്ടെത്തിയിരിക്കുന്നത്.

ആസ്റ്ററോയ്ഡ് 86666 എന്നാണിതിന് പേർ നൽകിയിരിക്കുന്നത്. ആ ഉൽക്കയുടെ ഗതിവിഗതികളിൽ ചെറിയൊരു വ്യത്യാസം വന്നാൽ അത് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുകയും സർവനാശത്തിന് കളമൊരുങ്ങുകയും ചെയ്യുമെന്നുറപ്പാണ്. എന്നാൽ ഭൂമിക്ക് സമീപത്ത് കൂടെ കടന്ന് പോകുന്ന ഉൽക്ക ഭൂമിക്ക് ഭീഷണി ഉയർത്തുന്നില്ലെന്നാണ് നാസ പറയുന്നത്. ഇത്രയും വലിയൊരു ഉൽക്ക അടുത്ത കാലത്തൊന്നും നമ്മുടെ ഗ്രഹത്തിന് ഇത്രയടുത്തു കൂടി കടന്ന് പോയിട്ടില്ലെന്നും ശാസ്ത്രജ്ഞന്മാർ പറയുന്നു.

ഈ ഭീമൻ ഉൽക്കയുടെ യഥാർത്ഥ വലുപ്പത്തെക്കുറിച്ച് വ്യക്തമായ അറിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ നാസയുടെ റഡാറിൽ ദൃശ്യമായ മറ്റ് ആസ്റ്ററോയ്ഡുകളേക്കാൾ വലുപ്പമേറിയതായിരിക്കും ഇതെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതിന് എവറസ്റ്റ് കൊടുമുടിയുടെ നാലിലൊന്ന് വലുപ്പമുണ്ടാകുമെന്നാണ് സൂചന. അതായയത് ദൗർഭാഗ്യവശാൽ ഭൂമിയുമായി കൂട്ടിയിടിയുണ്ടായാൽ ഉണ്ടാകുന്ന നാശം ചെറുതായിരിക്കില്ലെന്ന് സാരം. ഈ ഉൽക്കയുടെ സഞ്ചാരപഥം ചിത്രീകരിക്കുന്നതിനായി നാസ ഒരു ആനിമേറ്റഡ് പ്രൊജക്ഷൻ പുറത്തിറക്കിയിട്ടുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തിനടുത്ത് കൂടെ കടന്ന് പോകുന്ന ആസ്റ്ററോയ്ഡ് 86666 നെ ഇതിൽ വ്യക്തമായി കാണാം. ആനിമേറ്റഡ് പ്രൊജക്ഷന്റെ സ്‌ക്രീനിന് ഇടത് ഭാഗത്ത് മുകളിൽ നിന്നാണിത് പ്രവേശിക്കുന്നത്.

1908ൽ സൈബീരിയയിലെ തുംഗുസ്‌കയിൽ ഇതുപോലുള്ള ഒരു ഉൽക്ക വീണതിനെ തുടർന്ന് വൻ ദുരന്തമാണ് സംജാതമായത്. 50മീറ്റർ വിസ്തൃതിയുള്ള ഉൽക്കയായിരുന്നു ഇത്. ഇതിന്റെ ഫലമായി 80 മില്യൺ മരങ്ങൾ നാമാവശേഷമാവുകയും റഷ്യയിലുടനീളം അതിന്റെ തരംഗങ്ങൾ വ്യാപിക്കുകുകയും ചെയ്തിരുന്നു. ഇതു മൂലമുണ്ടായ ഭൂചലനം റിച്ചർ സ്‌കെയിലിൽ അഞ്ച് പോയിന്റാണ് രേഖപ്പെടുത്തിയത്. ഉൽക്കകൾ ഭൂമിയിൽ പതിക്കുമ്പോഴുണ്ടാകുന്ന ദുരന്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായാണ് ശാസ്ത്രജ്ഞന്മാർ ഇതിനെ പരിഗണിച്ചു വരുന്നത്. എന്നാൽ 86666 ആസ്റ്ററോയ്ഡ് ഭൂമിയിൽ നിന്നും മില്യൺ കണക്കിന് മൈലുകൾ അകലത്ത് കൂടിയാണ് കടന്ന് പോകുന്നതെന്നും അതിനാൽ പേടിക്കാനൊന്നുമില്ലെന്നുമാണ് ചില ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.

86666 ആസ്‌ട്രോയ്ഡ് മൂലമുള്ള അപകടസാധ്യത വളരെ കുറവാണെങ്കിലും ഇത് ഭൂമിയുമായി കൂട്ടിയിടിച്ചാൽ തുംഗുസ്‌കയിലുണ്ടായ പോലുള്ള ഒരു ദുരന്തം ആവർത്തിക്കുമെന്നാണ് ബക്കിങ്ഹാംഷെയർ യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോണമി പ്രഫസറായ ബിൽ നേപ്പിയർ പറയുന്നത്. ഭാവിയിലും ഇത്തരം ഉൽക്കകൾ ഭൂമിക്ക് ഭീഷണിയുയർത്തുമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. ഇവയിൽ പലതും ഇനിയും കണ്ടെത്തിയിട്ട് പോലുമില്ലെന്നും അദ്ദേഹം സൂചന നൽകുന്നു. 1908 മായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ജനസാന്ദ്രത കൂടിയിരിക്കുന്നതിനാൽ ഉൽക്കാദുരന്തങ്ങളുടെ തീവ്രത വർധിക്കുമെന്നും ബിൽ നേപ്പിയർ മുന്നറിയിപ്പേകുന്നു. 86666 ആസ്‌ട്രോയ്ഡ് ഭൂമിയിൽ നിന്നും 16 മില്യൺ മൈലുകൾ അകലത്ത് കൂടിയാണ് കടന്ന് പോകുന്നതെന്നാണ് നാസയുടെ നിയർ എർത്ത്‌സ് ഒബ്ജക്ട് പ്രോഗ്രാം കണ്ടെത്തിയിരിക്കുന്നത്. ആസ്‌ട്രോണമിക്കൽ ടേമുകൾ പ്രകാരം ഇത് വളരെ ചെറിയ ദൂരമാണ്. അഥവാ കൂട്ടിയിടി ഉണ്ടായാൽ അത് മില്യൺ കണക്കിന് മെഗാടൺ ടിഎൻടി പൊട്ടിത്തെറിക്കുന്നതിന് തുല്യമായ പ്രത്യാഘാതമാണുണ്ടാക്കുകയെന്നും അതിലൂടെ 1.5 ബില്യൺ ജനങ്ങൾ നാമാവശേഷരാകുമെന്നുമാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.