ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്സിനുകൾക്ക് ബദലായി ആന്റിബോഡി നേസൽ സ്പ്രേ വികസിപ്പിച്ചെടുത്ത് ഗവേഷകർ. ശരീരത്തിൽ കോറോണ വൈറസ് വകഭേദങ്ങളുടെ വ്യാപനം ചെറുക്കാൻ ആന്റിബോഡി നേസൽ സ്പ്രേയ്ക്ക് കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഈ ആന്റിബോഡി നേരിട്ട് മൂക്കിലൂടെ നൽകാനാവും.

ആന്റിബോഡി എൻജിനീയറായ ഷിക്വിയാൻ കുവിന്റെ നേതൃത്വത്തിൽ യൂണിവേഴ്സ്റ്റി ഓഫ് ടെക്സാസ് ഹെൽത്ത് കെയർ സെന്ററിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്.

അണുബാധയുള്ള എലിയുടെ ശ്വാസകോശത്തിലെ സാർസ് കോവ് 2 വൈറസിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ ശാസ്ത്രജ്ഞർ നിർമ്മിച്ചിരിക്കുന്ന ഹൈബ്രിഡ് ആന്റിബോഡിക്ക് സാധിച്ചതായി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. വൈറസ് വകഭേദങ്ങളിൽ നിന്ന് ഇത് എലിക്ക് പരിരക്ഷ നൽകിയതായും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

അണുബാധയുണ്ടാകുന്നതിന് ആറുമണിക്കൂർ മുമ്പാണ് എലിയിൽ ഈ സ്പ്രേ ആദ്യം പ്രയോഗിച്ചത്. തുടർന്ന് ആറുമണിക്കൂർ പിന്നിട്ടപ്പോഴും സ്‌പ്രേ നൽകി. നിർമ്മിക്കപ്പെട്ട ആന്റിബോഡിക്ക് എലിയുടെ ശ്വാസകോശത്തിലെ വൈറസ് വ്യാപനം കുറയ്ക്കാൻ സാധിച്ചു. കോവിഡ് 19 ചികിത്സയുടെ ഫലപ്രാപ്തി വർധിപ്പിക്കാനും കോവിഡ് ചികിത്സ ലളിതമാക്കാനും നേസൽ ആന്റിബോഡിക്ക് കഴിയുമെന്നാണ് പഠനങ്ങളിൽ വ്യക്തമായതെന്ന് ഗവേഷകർ പറയുന്നു. കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ.

നേരത്തേയുള്ള പഠനങ്ങളിലും പ്രത്യേക ആന്റിബോഡി ചികിത്സയിലൂടെ മരണം തടയാനാകുമെന്നും ആശുപത്രിവാസം ഒഴിവാക്കാമെന്നും കണ്ടെത്തിയിരുന്നു.