കോഴിക്കാട്: ശബരിമലയിലെ യുവതീ പ്രവേശനത്തോടൊപ്പം കേരള നവോത്ഥാനവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും ലിംഗ സമത്വവും, ഭരണഘടനാ ധാർമ്മികതയുമൊക്കെ സമൂഹത്തിൽ വ്യാപകമായി ചർച്ചചെയ്യപ്പെടുന്ന കാലമാണിത്. അപ്പോഴാണ് കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ഒരു മത പണ്ഡിതൻ തന്നെ രംഗത്ത് എത്തുന്നത്. ഇ കെ വിഭാഗം സമസ്തയുടെ യുവജനവിഭാഗമായ എസ്‌കെഎസ്എഫ്എഫിന്റെ സംസ്ഥാന നേതാവായ നാസർ ഫൈസി കൂടത്തായി ആണ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയിലെ വനിതാ സാന്നിധ്യത്തെ വിമർശിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്.

യാത്ര കാലികമായ ഒരു പൊതു വിഷയം ഉയർത്തിപ്പിടിച്ചെങ്കിലും വനിതകളുടെ പ്രദശർനം ഒഴിവാക്കേണ്ടതായിരുന്നെന്ന് ഫൈസി പറയുന്നത്. മേലിൽ ഇത് ശ്രദ്ധിക്കണമെന്നും അദ്ദേഹം ലീഗിനെ ഉപദേശിക്കുന്നുണ്ട്. മലബാറിലെ അറിയപ്പെടുന്ന പ്രാംസഗികനും മതപണ്ഡിതനുമായ നാസർ ഫൈസി ഇത്രയും കടുത്ത സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകമാണ്്. ലീഗിനോട് ചേർന്നു നിൽക്കുന്ന ഇകെ വിഭാഗം സമസ്തയുടെ നേതാവാണെങ്കിലും കാന്തപുരത്തെ തോൽപ്പിക്കുന്ന സ്ത്രീവിരുദ്ധതതാണ് പലപ്പോഴും നാസർ ഫൈസി പ്രകടിപ്പിക്കാറുള്ളത്.

കോഴിക്കോട് ഫാറൂഖ് കോളജിൽ കുട്ടികൾ ഇടകലർന്ന് ഇരുന്ന വിഷയത്തിലൊക്കെ അങ്ങേയറ്റം സ്്ത്രീവിരുദ്ധ നിലപാടാണ് ഫൈസി എടുത്തിട്ടുള്ളത്. മലപ്പുറത്ത് ചില മുസ്ലിം പെൺകുട്ടികൾ ഫ്ളാഷ് മോബ് കളിച്ചപ്പോഴും സ്ത്രീകൾ പരസ്യമായി നൃത്തം ചെയ്യരുത് എന്ന നിലപാടാണ് ഇദ്ദേഹം എടുത്തത്. എന്നാൽ തിരുകേശം തട്ടിപ്പാണെന്ന പറഞ്ഞ് കാന്തപുരത്തെ വെല്ലുവിളിച്ച് പുരോഗമവാദിയാവാനും ഫൈസി ശ്രമിക്കുന്നുണ്ട്.

ഫൈസിയുടെ പോസ്റ്റ് വൻ വിവാദമായിട്ടും യൂത്ത് ലീഗ് അടക്കമുള്ള സംഘടനകൾ പ്രതികരിച്ചിട്ടില്ല. നേരത്തെ വനിതാലീഗ് സമ്മേളനം എന്നു പറഞ്ഞ് പുരഷന്മാർ മാത്രം ഇരിക്കുന്ന ലീഗിന്റെ സമ്മേളനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ യൂത്ത് ലീഗിൻെ റപരിപാടിക്ക് സ്ത്രീകൾ എത്തിയതിനെ വിമർശിക്കുന്നവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. അതേസമയം ആ പോസ്റ്റിലെ നാസർ ഫൈസി വരുത്തിയ അക്ഷരത്തെറ്റുകളും പരിഹസിക്കപ്പെടുന്നുണ്ട്. ശ്്ളാഘനീയം എന്നതിൽ ശക്ക് പകരം ഷ യാണ് ഫൈസി അടിച്ചുവിട്ടത്. സ്വാഭാവികത സോഭാവികയായി. തെറ്റുകൂടാതെ മലയാളം എഴുതാൻ പഠിച്ചിട്ടുപോരെ സ്ത്രീകളെ ഭരിക്കാൻ വരൽ എന്നാണ് ചിലർ നാസർ ഫൈസിയെ പരിഹസിക്കുന്നത്.

നാസർ ഫൈസി കൂടത്തായിയുടെ പോസ്റ്റ് ഇങ്ങനെയാണ്:

സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര തികച്ചും കാലികമായ ഒരു പൊതു വിഷയം ഉയർത്തിപ്പിടിച്ചു കൊണ്ടാണ്. വർഗ്ഗീയതക്കെതിരെ സമരവുമായി മുസ്ലിം യുവതയെ കരുത്തുറ്റതാക്കുന്നു ഈ യാത്ര. പാർട്ടിയുടെ എല്ലാ നാഡീഞരമ്പുകളും ഇളകി സജ്ജമായ ഹരിതമയം. ഷ്ളാഘനീയമാണ് സംഘാടനം.എന്നാൽ സോഭാവികതയുടെ സീമകൾ അതിലംഘിച്ചുകൊണ്ടുള്ള വനിതകളുടെ പ്രദർശനം ഒഴിവാക്കേണ്ടതായിരുന്നു. വലിയൊരു നന്മയുടെ ശ്രദ്ധയെ വഴിതിരിക്കാൻ ഇത്തരം അരുതായ്മകൾ ഇടവരുത്തുന്നുണ്ട്. ഇനിയെങ്കിലും ശ്രദ്ധിച്ചെങ്കിൽ...

രജീഷ് പാലവിളയൊപ്പോലുള്ള എഴുത്താർ നാസർ ഫൈസിയുടെ മനോഗതിയെ രൂക്ഷമായി വിമർശിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്.

രാജീഷ് പാലവിളയുടെ പോസ്റ്റ് ഇങ്ങനെ:

നാസർ താങ്കളുടെ മനസ്സിലിരുപ്പ് മാത്രമല്ല മലയാളവും വളരെ മോശമാണ്. വനിതാലീഗ് സമ്മേളനത്തിന്റെ വേദികൾപോലും സ്ത്രീവിമുക്തമായി കാണുന്ന കേരളത്തിന് യൂത്ത് ലീഗിന്റെ റാലിയിൽ സ്ത്രീകളെ കണ്ടപ്പോൾ താങ്കൾക്ക് തോന്നിയ അസ്വാഭാവികതയിൽ യാതൊരതിശയോക്തിയുമില്ല.ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇജ്ജാതി മനുഷ്യരുടെ ഇടയിലാണല്ലോ ജീവിക്കേണ്ടത് എന്നോർത്തുള്ള ലജ്ജമാത്രമേയുള്ളൂ.നവോത്ഥാനത്തിന്റെ മതിലൊക്കെ പണിയുന്നത് ഇങ്ങനെ കുടത്തിലിരിക്കുന്നവർക്കൊക്കെ ബാധകമാകുമോ ആവോ?