തിരുവനന്തപുരം: അമ്മ തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥികളെ അവഹേളിച്ചുകൊണ്ട് നടൻ സിദ്ദിഖ് പുറത്തിറക്കിയ വോട്ട് അഭ്യർത്ഥനയുടെ പേരിൽ സംഘടനയിൽ വിള്ളൽ. 'ഔദ്യോഗിക പാനലിലെ ആരെയൊക്കെ തെരഞ്ഞെടുക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശവാദം ഉന്നയിക്കുന്നവരല്ല ഔദ്യോഗിക പാനിലിലെ ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കും എന്ന വീരവാദം മുഴക്കിയവരുമല്ല. അമ്മയുടെ തലപ്പത്ത് ഇരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിന് വേണ്ടി മത്സരിക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് മോഹന വാഗ്ദാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല. ഏറ്റെടുത്ത ജോലി ഭംഗിയായി നിർവ്വഹിച്ച് പരിചയമുള്ളവർ. ഞങ്ങളൊരുമിച്ച് കൈകോർത്താൽ ഇനിയും ഒരുപാട് നന്മകൾ അമ്മയിലെ അംഗങ്ങൾക്ക് ചെയ്യാനാവും എന്ന് പ്രതീക്ഷയുണ്ട്. തീരുമാനം നിങ്ങൾക്ക്'-ഇതാണ് സിദ്ദിഖിന്റെ വോട്ട് അഭ്യർത്ഥനാ കുറിപ്പിലുള്ളത്.

എതിർസ്ഥാനാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് വിമർശിച്ച് എക്സിക്യൂട്ടീവിലേയ്ക്ക് മൽസരിക്കുന്ന നടൻ നാസർ ലത്തീഫ് രംഗത്തെത്തി. നിരാലംബരായ കലാകാരന്മാർക്ക് വീട് നിർമ്മിച്ചു നൽകാൻ ഒരു കോടി രൂപയോളം മൂല്യമുള്ള 20 സെന്റ് സ്ഥലം അമ്മയ്ക്ക് സംഭാവന ചെയ്തെങ്കിലും ആ സ്ഥലം സ്വീകരിക്കാൻ അമ്മയിലെ അധികാരികൾ തയ്യാറായില്ലെന്ന് നാസർ ലത്തീഫ് മറുനാടനിലൂടെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

മറ്റുള്ളവരെ കരിവാരിത്തേയ്ക്കാൻ ഞാൻ പഠിച്ചിട്ടില്ല. മറ്റുള്ളവരെ സഹായിക്കാൻ കഴിവുണ്ടായിട്ടും അതിന് തയ്യാറാകാത്തവർ, സഹായിക്കാൻ തയ്യാറാകുന്നവരെ മോശക്കാരായി ചിത്രീകരിക്കണമെങ്കിൽ അത് അദ്ദേഹത്തിന്റെ അധ:പതനമെന്നേ പറയാൻ കഴിയൂ. ഞാൻ അമ്മയ്ക്ക് 20 സെന്റ് ഭൂമി സംഭാവന ചെയ്തത് സത്യമാണ്. അത് ജനറൽ സെക്രട്ടറി ഇടവേള ബാബുവിനും ബാബുരാജിനും അറിയാം. അന്ന് ഞാൻ നൽകിയ ആധാരത്തിന്റെ കോപ്പി ഇടവേള ബാബുവിന്റെ കൈയിൽ ഇപ്പോഴുമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ നിരന്തരം ബന്ധപ്പെട്ടത് ബാബുരാജാണ്. എന്നാൽ അമ്മ ഭാരവാഹികൾ പിന്നീട് എന്തുകൊണ്ടാണ് സ്ഥലം ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറിയതെന്ന് അറിയില്ല. ചിലപ്പോൾ അതുമൂലം സംഘടനയിൽ എനിക്കെന്തെങ്കിലും സ്ഥാനമാനങ്ങൾ ലഭിക്കുമോ എന്ന് ഭയത്താലായിരിക്കാമെന്നും നാസർ ലത്തീഫ് പറഞ്ഞു.

ദുരിതമനുഭവിക്കുന്ന കലാകാരന്മാർക്ക് ആശ്വാസമാകുന്നതിനാണ് എന്റെ 20 സെന്റ് സ്ഥലം ഞാൻ കൈമാറിയത്. പത്ത് കുടുംബങ്ങൾക്കെങ്കിലും രണ്ട് സെന്റിൽ വീതം വീട് നിർമ്മിച്ചുനൽകണമെന്നായിരുന്നു എന്റെ ആഗ്രഹം. അഞ്ചോ അഞ്ചര ലക്ഷമോ ചെലവഴിച്ച് 500- 550 സ്‌ക്വയർ ഫീറ്റിലെ ഒരു ചെറിയ വീടാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. രണ്ട് നിലകളിലായി വീടുകൾ നിർമ്മിച്ച് രണ്ട് കുടുംബങ്ങൾക്ക് നൽകണമെന്നായിരുന്നു ഞാൻ നിർദ്ദേശിച്ചിരുന്നത്. അങ്ങനെ ചെയ്താൽ പത്തുപേർക്ക് പകരം 20 പേരെ താമസിപ്പിക്കാൻ കഴിയും. വീടില്ലാത്ത കൂടുതൽപേർക്ക് അതിലൂടെ ആശ്വാസമാകാൻ സാധിക്കുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. എന്നാൽ താൻ ഫ്ളാറ്റ് ഉണ്ടാക്കാൻ പറഞ്ഞു എന്നായി പിന്നീടുള്ള ചർച്ച. അതിന്റെ പേരിൽ മനഃപൂർവം വിവാദങ്ങളുണ്ടാക്കി ആ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു ചിലരെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടിയിലധികം രൂപ വിലവരുന്ന 20 സെന്റ് സ്ഥലം അമ്മയ്ക്ക് സംഭാവന ചെയ്യാൻ മുന്നോട്ടുവന്ന ഒരാളെ മനഃപൂർവം കരിവാരി തേയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി ദൈവം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മ എന്തുകൊണ്ട് ആ പ്രോജക്ട് ഉപേക്ഷിച്ചു എന്നൊരു മറുപടി പോലും എനിക്ക് ലഭിച്ചിട്ടില്ല. അതിനെ തുടർന്നാണ് ഞാനെന്റെ സ്വന്തം നിലയിൽ പാവപ്പെട്ട കലാകാരന്മാർക്ക് ഭൂമി നൽകുകയും അവിടെ അഞ്ചുപേർക്ക് വീട് നിർമ്മിച്ച് നൽകുകയും ചെയ്തത്. ഇതൊക്കെ അറിയാമായിരുന്നിട്ടും സിദ്ദിഖ് ഇങ്ങനെയൊക്കെ പറഞ്ഞതിൽ വിഷമമുണ്ട്. ഞാനെന്റെ സ്വന്തം സഹോദരനെ പോലെ കണ്ട ഒരാളാണ് സിദ്ദിഖ്. സിനിമയിൽ അദ്ദേഹത്തിന്റെ തുടക്കകാലം മുതൽ എനിക്ക് അദ്ദേഹത്തോട് സൗഹൃദമുണ്ട്.

മണിയൻപിള്ള രാജുവും ലാലും വിജയ് ബാബുവും താനും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്നപ്പോഴൊന്നും ഒരു പാനലും പൂർണമായും ജയിച്ചിട്ടില്ല. മുമ്പ് ബാലചന്ദ്ര മേനോനൊക്കെ പാനലിന് പുറത്തുനിന്ന് വിജയിച്ചവരാണ്. മണിയൻപിള്ള രാജു ഒക്കെ ഉറപ്പായും ജയിച്ചുവരേണ്ടവരാണെന്നും നാസർ ലത്തീഫ് മറുനാടനോട് പറഞ്ഞു.

2012 ന് ശേഷം ആദ്യമായാണ് അമ്മയിലേയ്ക്ക് മൽസരം നടക്കുന്നത്. പാനലിന് പുറത്തുനിന്നും മൽസരിക്കുന്നവരെ എന്ത് വില കൊടുത്തും പരാജയപ്പെടുത്താൻ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് മോഹൻലാൽ നേതൃത്വം നൽകുന്ന പാനൽ. അതിന് വേണ്ടി ട്രഷറർ സിദ്ദിഖിന് പുറമേ മോഹൻലാലും സ്വമേധയാ നോട്ടീസ് ഇറക്കി പ്രചരണമാരംഭിച്ചിട്ടുണ്ട്. പ്രസിഡന്റായി മോഹൻലാലും ജന. സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എതിരില്ലാതെ ജയിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കുമാണ് മൽസരം നടക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരുടെ പോസ്റ്റിലേയ്ക്ക് മണിയൻപിള്ള രാജു അടക്കം മൂന്നുപേരും 11 അംഗ എക്സിക്യൂട്ടീവിലേയ്ക്ക് 14 പേരുമാണ് മൽസരിക്കുന്നത്.

മോഹൻലാലിന്റെ പാനലിൽ നിന്ന് ശ്വേതാ മേനോനും ആശാ ശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ. ലാലിന്റെ പിന്തുണയിലും ഇവർക്ക് വിജയമുറപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നുണ്ട്. മണിയൻപിള്ള രാജുവിന്റെ ജനകീയ പരിവേഷമാണ് ഇതിന് കാരണം. അമ്മയുടെ രൂപീകരണത്തിൽ അടക്കം നിർണ്ണായക പങ്കുവഹിച്ച മണിയൻപിള്ളയ്ക്ക് എല്ലാ നടീ നടന്മാരുമായും അടുത്ത ബന്ധമുണ്ട്. ഇതെല്ലാം മണിയൻപിള്ളയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചെറിയ മുൻതൂക്കം നൽകുന്നുണ്ട്. ഔദ്യോഗിക പാനലിലുള്ളവരെ ജയിപ്പിക്കാൻ മോഹൻലാൽ അടക്കമുള്ളവർ പരസ്യമായി തന്നെ രംഗത്തുണ്ട്. എന്നാൽ ശ്വേതാ മേനോന് പ്രചരണത്തിൽ മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന സംശയം ഔദ്യോഗിക പക്ഷത്തുള്ളവർക്ക് പോലുമുണ്ട്.

ഔദ്യോഗിക പാനലിനെ മണിയൻപിള്ള രാജു തോൽപ്പിച്ചാൽ അത് മോഹൻലാലിന് വലിയ തിരിച്ചടിയാകും. ഇതൊഴിവാക്കാനാണ് തിരക്കിട്ടെ പ്രചരണങ്ങൾ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്നത്. മണിയൻപിള്ളയുടെ സ്വീകാര്യത ഈ ശ്രമങ്ങളെ തോൽപ്പിക്കുമെന്ന ആശങ്ക ലാൽ ക്യാമ്പിലുണ്ട്. എക്‌സിക്യൂട്ടീവിലേക്കും മത്സരമുണ്ട്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നാസർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്. ഇതിൽ നടനും സംവിധായകനുമായ ലാലിന്റെ സ്ഥാനാർത്ഥിത്വമാണ് ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി. ലാലും നസാർ ലത്തീഫും വിജയ് ബാബുവുമാണ് ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നവർ.

ഇതിൽ ഹണി റോസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്ന് ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. സംഘടനയുടെ ജനറൽ ബോഡി യോഗം നടക്കുന്ന ക്രൗൺപ്ലാസ ഹോട്ടലിൽ നാളെ രാവിലെ 11 മുതൽ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. തുടർച്ചയായി രണ്ടാംവട്ടമാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി മത്സരിക്കാൻ മുകേഷും ജഗദീഷും പത്രിക നൽകിയിരുന്നു. ഇവർ രണ്ടു പേരും പത്രിക പിൻവലിച്ചു. മുകേഷ് മത്സരിക്കുന്നതു കൊണ്ടാണ് താൻ പത്രിക നൽകിയതെന്നായിരുന്നു ജഗദീഷും മണിയൻപിള്ളയും തുടക്കത്തിൽ പറഞ്ഞിരുന്നത്. മുകേഷ് പിൻവലിച്ചതോടെ ജഗദീഷ് പിന്മാറി. എന്നാൽ മണിയൻപിള്ള ഏവരേയും ഞെട്ടിച്ച് മത്സര രംഗത്ത് തുടരുകയായിരുന്നു.