കാസർകോട്: വീണ്ടും കാസർഗോഡ് കേന്ദ്രീകരിച്ച് ബ്ലാക് മെയിൽ തട്ടിപ്പ്. ഭർത്താവും ഭാര്യയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. വ്യാപാരിയെ ബ്ലാക്ക്മെയിൽ ചെയ്ത് മൂന്നുലക്ഷം രൂപ തട്ടിയെടുക്കുയാണ് ചെയ്തത്. സംഘത്തിലെ യുവതി പൊലീസ് പിടിയിലായി. പണവും കണ്ടെടുത്തു. ബുധനാഴ്ച രാവിലെ 11.30 മുതൽ രാത്രി 11.15 വരെയാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.

മുളിയാർ ബാലനടുക്കത്തെ ഫർണിച്ചർ വ്യാപാരി മുഹമ്മദ് ഫൈസലിന്റെ പരാതിയിലാണ് കേസ്. നുള്ളിപ്പാടിയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നസീമ(32)യാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് അബ്ദുൾ കലാം(35), കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ എന്നിവർക്കായി അന്വേഷണമാരംഭിച്ചു. ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാവിലെ ബന്ധുവായ നസീമ 5000 രൂപ തന്ന് സഹായിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസലിനെ നുള്ളിപ്പാടിയിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയപ്പോൾ നസീമയുടെ ഭർത്താവായ അബ്ദുൾ കലാമും മറ്റു രണ്ട് സഹായികളും മർദിക്കുകയും നസീമയോടൊപ്പം നിർത്തി ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

15 ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്നും അല്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. വൈകുന്നേരം നാലോടെ ഇദ്ദേഹത്തെ കർണാടകഭാഗത്തേക്ക് കൊണ്ടുപോയി. 15 ലക്ഷം രൂപ നല്കാനാവില്ലെന്ന് ഫൈസൽ ഉറപ്പിച്ചുപറഞ്ഞതോടെ അബ്ദുൾ കലാം ഇദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. ഫൈസലിന്റെ വാഹനം അപകടത്തിൽപ്പെട്ടുവെന്നും അടിയന്തരമായി പണമെത്തിക്കണമെന്നുമാണ് പറഞ്ഞത്.

പണമെത്തിക്കാമെന്നേറ്റ ബന്ധുക്കൾ സംശയത്തെത്തുടർന്ന് വിവരം പൊലീസിലറിയിച്ചു. പണം വാങ്ങാൻ നസീമയെയും മാതാവിനെയുമാണ് അബ്ദുൾ കലാം ചുമതലപ്പെടുത്തിയിരുന്നത്. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. പണം നല്കിയെന്നുറപ്പിച്ചശേഷം രാത്രി 11.15-ഓടെ ഫൈസലിനെ കറന്തക്കാട്ട് ഇറക്കിവിട്ടു. ഫൈസലിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ നുള്ളിപ്പാടിയിലെ വീട്ടിൽനിന്നാണ് നസീമയെ അറസ്റ്റുചെയ്തത്.

ഇവരുടെ പക്കൽനിന്ന് പണം കണ്ടെത്തി. മുഹമ്മദ് ഫൈസലിന്റെ കാറും കൈവശമുണ്ടായിരുന്ന 32,000 രൂപയും മൊബൈൽ ഫോണും അക്രമികൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.