- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ വിവാഹം കഴിച്ചത് ഹിന്ദുമത വിശ്വാസിയായ സ്ത്രീയെ'; അതൊരു തെറ്റായി എനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും മുതിർന്ന നടൻ നസറുദ്ദീൻ ഷാ; മറ്റ് മതവിഭാഗങ്ങളുമായുള്ള ആശയവിനിമയം പോലും കുറ്റകരമാകുന്ന അവസ്ഥയാണ് ഇപ്പോഴെന്നും വിമർശനം
മുംബൈ: ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സമ്പർക്കം പോലും ഇല്ലാതാക്കാനാണ് ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നതെന്ന് മുതിർന്ന നടൻ നസറുദ്ദീൻ ഷാ. മറ്റ് മതവിഭാഗങ്ങളുമായുള്ള വിവാഹ ബന്ധം മാത്രമല്ല, ആശയവിനിമയം പോലും കുറ്റകരമാകുന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹമെന്നത് മതപരിവർത്തനത്തിന് വേണ്ടിയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം സ്വന്തം ജീവിതം ഉദാഹരിച്ച് പറഞ്ഞു. താൻ വിവാഹം കഴിച്ചത് ഒരു ഹിന്ദു യുവതിയെ ആയിരുന്നെന്നും മക്കൾ വളരുന്നത് എല്ലാ മതങ്ങളെയും കുറിച്ച് പഠിച്ചാണെന്നും അദ്ദേഹം പറഞ്ഞു. തിയേറ്റർ ആർട്ടിസ്റ്റും നടിയുമായ രത്ന പതക് ഷായെയാണ് നസറുദ്ദീൻ ഷാ വിവാഹം ചെയ്തത്.
ഒരു അഭിമുഖത്തിലായിരുന്നു ഉത്തർപ്രദേശിൽ ലൗ ജിഹാദിന്റെ പേരിൽ നടക്കുന്ന സംഭവങ്ങളെ നസറുദ്ദീൻ ഷാ ശക്തമായ ഭാഷയിൽ വിമർശിച്ചത്. "ഇപ്പോൾ രാജ്യത്ത് തീരുമാനങ്ങളെടുക്കുന്ന രീതിയിൽ എനിക്ക് വലിയ രോഷമുണ്ട്. യു.പിയിൽ നടക്കുന്ന ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ നോക്കൂ. ഒന്നാമതായി ഈ പ്രയോഗത്തിന്റെ അർത്ഥം അതുണ്ടാക്കിയവർക്ക് പോലും അറിയില്ല. മുസ്ലിങ്ങൾ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്ന് ഞാൻ കരുതുന്നു," അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് നിയമം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സമ്പർക്കം ഇല്ലാതാക്കാൻ കൊണ്ടുവന്നതാണെന്നും നസറുദ്ദീൻ ഷാ പറഞ്ഞു."അവരുടെ ലക്ഷ്യം മറ്റു മത വിശ്വാസികളുമായുള്ള വിവാഹം ഇല്ലാതാക്കുക മാത്രമല്ല. അവർ തമ്മിലുള്ള ആശയ വിനിമയം കൂടി റദ്ദ് ചെയ്യുക എന്നതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞങ്ങൾ കുട്ടികളെ എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിച്ചിട്ടുണ്ട്. അവരേതെങ്കിലും പ്രത്യേക മതവിശ്വസത്തിൽ പെടുന്നവരാണെന്ന് ഞങ്ങളവരോട് ഒരിക്കലും പറഞ്ഞിട്ടില്ല. മതത്തിന്റെ പേരിലുള്ള ഈ വിഭാഗീയതകളൊക്കെ ഒരു ദിവസം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു ഹിന്ദു വിശ്വാസിയായ സ്ത്രീയെയാണ് ഞാൻ വിവാഹം ചെയ്തത്. അതൊരു തെറ്റായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്റെ അമ്മ തികച്ചും പരമ്പരാഗത കെട്ടുപാടുകളിൽ വളർന്ന വ്യക്തിയാണ്. അവർക്ക് വിദ്യാഭ്യാസവുമില്ല. എന്നിട്ടും ഒരാളുടെ മതം മാറ്റുന്നതിനോട് അവർക്ക് വിയോജിപ്പുണ്ടായിരുന്നു. അവർ ചോദിച്ചത് ചെറുപ്പം മുതൽ ശീലിച്ചുവരുന്ന കാര്യങ്ങൾ ഒരാൾക്ക് എങ്ങിനെ മാറ്റാൻ സാധിക്കും എന്നാണ്," നസറുദ്ദീൻ ഷാ പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് ഉത്തർപ്രദേശ് സർക്കാർ ലൗ ജിഹാദ് നിയമം പാസാക്കുന്നത്. നിയമം പാസാക്കിയതിന് പിന്നാലെ നടന്ന നിരവധി അറസ്റ്റുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
മറുനാടന് ഡെസ്ക്