- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
19 വയസുണ്ടായിരുന്ന ഞാൻ 46 വയസുള്ള ബീമാപ്പള്ളിക്കാരനെയാണ് ആദ്യം വിവാഹം ചെയ്തത്; അത് ഡിവോഴ്സ് ആയ ശേഷം അജിത്തിനെ വിവാഹം ചെയ്തു; പിരിഞ്ഞ ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കൾ; അജിത്തിന് ഡിവോഴ്സ് കിട്ടിയിരുന്നു എന്നതിന് തെളിവ് മുൻ ഭാര്യയുടെ വാക്കുകൾ; നസിയയെ കുറിച്ചോർത്ത് ദുഃഖിക്കുന്ന ആനാവൂർ അറിയാൻ
തിരുവനന്തപുരം: പേരൂർക്കടയിൽ സിപിഎം ലോക്കൽകമ്മിറ്റി അംഗമായ പിതാവ് മകളുടെ കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തിൽ പല കഥകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അനുപമയേയും ഭർത്താവ് അജിത്തിനേയും സദാചാര വിചാരണ നടത്തുന്നവിധമായിരുന്നു ആ കഥകളിൽ അധികവും. സുഹൃത്തിന്റെ ഭാര്യയുമായി ഒളിച്ചോടിയാണ് അജിത്ത് ആദ്യഭാര്യയായ നസിയയെ വിവാഹം ചെയ്തതെന്നും അവരിൽ അജിത്തിന് രണ്ട് കുട്ടികളുണ്ടെന്നുമായിരുന്നു പ്രചരിച്ച കഥകളിലെ പ്രധാന കണ്ടെത്തൽ. ഇതുപയോഗിച്ച് വലിയ തോതിതിൽ സൈബർ അറ്റാക്കും നടന്നു. ഇതിനെ എല്ലാം ചെറുത്ത് തോൽപ്പിച്ചാണ് ആ കുട്ടിയെ അജിത്തും അനുപമയും സ്വന്തമാക്കിയത്.
തുടക്കത്തിൽ ഉണ്ടായ വ്യാജ സദാചാര കഥകളിൽ ആരും സത്യം തേടി പോയില്ല. മാധ്യമങ്ങൾ പോലും ഇതിന് ശ്രമിച്ചില്ല. തന്നെ വിശ്വസിച്ച് ഇറങ്ങിവന്ന നസിയയേയും രണ്ട് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചാണ് അജിത്ത് അനുപമയെ വിവാഹം ചെയ്തതെന്നും കഥകളുണ്ടായിരുന്നു. അജിത്തും അനുപമയും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമ്പോൾ നസിയ മാധ്യമങ്ങളെ കണ്ടതോടെ കഥകൾക്ക് കൂടുതൽ പ്രചാരം ലഭിച്ചു. എന്നാൽ ആ പ്രചരണങ്ങളെ പറ്റി ആദ്യമായി നസിയ തന്നെ മറുനാടനോട് പ്രതികരിച്ചിരുന്നു. അജിത്തിന് കുട്ടികളില്ലെന്നും നസിയയെ അല്ലാതെ ആരേയും വിവാഹം ചെയ്തിരുന്നില്ലെന്നും ഇതോടെ വ്യക്തമായി. അതിന് ശേഷവും സൈബർ സഖാക്കൾ കള്ളക്കഥകൾ ചമച്ചു വിട്ടു.
ബി എസ് സി നേഴ്സിങ് പഠിച്ച അജിത്ത് പേരൂർക്കടയിലെ ആശുപത്രിയിൽ പി ആർ ഒ ആയി ജോലി നോക്കുകയാണ്. നല്ലൊരു ഡാൻസർ കൂടിയായ അജിത്ത് സിനിമയ്ക്കും നൃത്ത സംവിധാനം നിർവ്വഹിച്ചു. കുട്ടിയെ തേടിയുള്ള യാത്ര കാരണം തൽകാലം ജോലിയിൽ നിന്ന് വിട്ടു നിന്നു. അങ്ങനെയുള്ള അജിത്തിനെ ജോലി ഇല്ലാത്തവനായി പോലും ചിത്രീകരിച്ചു. കുട്ടിയെ കിട്ടിയതോടെ സിപിഎമ്മിന് അജിത്തിനോട് പക കൂടുകയാണ്. ഡിവൈഎഫ്ഐയുടെ മുൻ മേഖലാ പ്രസിഡന്റ് കൂടിയായ അജിത്തിനെ മറ്റൊരു ഭാര്യയുള്ളവനായി ചിത്രീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുമ്പ് നസിയ പറഞ്ഞത് വീണ്ടും പ്രസിദ്ധീകരിക്കുന്നത്.
വിവാദങ്ങളിൽ നസിയ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ തന്റെ ആദ്യഭർത്താവ് അജിത്തിന്റെ സുഹൃത്തായിരുന്നില്ല. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്തൊമ്പത് വയസുണ്ടായിരുന്ന ഞാൻ നാൽപത്തിയാറ് വയസുള്ള ബീമാപ്പള്ളിക്കാരനെയാണ് വിവാഹം ചെയ്തത്. അയാളും അജിത്തും തമ്മിൽ യാതൊരു പരിചയവുമുണ്ടായിരുന്നില്ല. ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. അത് ഡിവോഴ്സ് ആയ ശേഷമാണ് അജിത്തിനെ വിവാഹം ചെയ്തതെന്നും നസിയ പറഞ്ഞു.
തനിക്ക് അജിത്തിലോ മുൻഭർത്താവിലോ കുട്ടികളില്ല. കുട്ടികളെ ഉപേക്ഷിച്ചാണ് അജിത്ത് പോയതെന്ന തരത്തിൽ പ്രചരിക്കുന്ന കഥകളൊക്കെ തെറ്റാണ്. ആ പ്രചരണങ്ങളിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും നസിയ മറുനാടനോട് പറഞ്ഞു. പിരിഞ്ഞശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം സന്ദേശങ്ങളയച്ചിരുന്നു. എന്നാൽ അനുപമയും ഞാനുമായി നല്ല ബന്ധത്തിലല്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉണ്ടായശേഷം എന്നെ കുറിച്ച് പരാമർശങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ മാധ്യമങ്ങളെ കാണേണ്ട സാഹചര്യം ഉണ്ടായത്. ഇല്ലെങ്കിൽ ഞാൻ ഈ വിഷയത്തിൽ പങ്കാളിയാകുമായിരുന്നില്ല. അവരുടെ ജീവിതത്തിൽ ഇടപെടാൻ എനിക്ക് താൽപര്യമില്ല.- നസിയ പറയുന്നു. ഇതിൽ നിന്നു തന്നെ ഡിവോഴ്സ് നടന്നുവെന്ന് വ്യക്തമാണ്.
പിരിഞ്ഞ ശേഷവും അജിത്ത് തന്നോട് മോശമായിട്ടൊന്നും പെരുമാറിയിട്ടില്ല. എന്റെ അവസ്ഥയിൽ അയാൾക്ക് വിഷമമുണ്ടെന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. താനാണ് അയാളെ സമാധാനിച്ചിരുന്നതെന്നും നസിയ കൂട്ടിച്ചേർത്തു. പേരൂർക്കട ദത്ത് വിവാദം ആളിക്കത്തിയ സമയത്താണ് അജിത്ത് ആദ്യഭാര്യയേയും രണ്ട് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചാണ് അനുപമയെ വിവാഹം ചെയ്തതെന്നും ആദ്യഭാര്യ അജിത്തിന്റെ സുഹൃത്തിന്റെ ഭാര്യ ആയിരുന്നെന്നുമൊക്കെയുള്ള പ്രചരണങ്ങൾ ആരംഭിച്ചത്. അത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും നിരവധിപേർ അത് വിശ്വസിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നസിയ രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് അജിത്തും അനുപമയും.
മറുനാടന് മലയാളി ബ്യൂറോ