- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന്റെ മറവിൽ ആനുകൂല്യം നൽകാതെ രവി പിള്ള പിരിച്ചു വിട്ടത് 286 തൊഴിലാളികളെ; സൗദി നിയമം അനുസരിച്ച് കിട്ടേണ്ടത് ലക്ഷക്കണക്കിന് രൂപ; ശതകോടീശ്വരൻ പിണങ്ങുമെന്ന ഭയത്തിൽ ഒന്നും ചെയ്യാതെ മോദി സർക്കാർ; ആർപി ഗ്രൂപ്പിന്റെ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളി
കൊല്ലം: സൗദിയിലെ നാസ്സർ അൽ ഹാജ്രി കമ്പനിയിലെ മുൻ തൊഴിലാളികൾ ആർ.പി ഗ്രൂപ്പിന്റെ കൊല്ലം ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. വർഷങ്ങളായി ജോലി ചെയ്തിരുന്ന 163 തൊഴിലാളികളാണ് കമ്പനി സേവന ആനുകൂല്യങ്ങൾ നൽകാത്തത്തിന്റെ പേരിൽ പ്രതിഷേധത്തിനായി എത്തിയത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ പ്രതിഷേധം വാർത്തയാക്കിയില്ല. ശതകോടീശ്വരനായ ആർപി ഗ്രൂപ്പിന് മുന്നിലെ പ്രതിഷേധം ആയതു കൊണ്ടാണ് ഇതെന്ന് എല്ലാം നഷ്ടപ്പെട്ടവരും കരുതുന്നു.
കോവിഡ് കാലത്ത് ഇന്ത്യക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് സൗദി കമ്പനിയുടെ നടപടി നേരത്തെ തന്നെ ചർച്ചയായിരുന്നു. സൗദി അറേബ്യയിലെ അൽ-ഖോബാർ കേന്ദ്രമായുള്ള നാസ്സർ എസ് അൽ-ഹജ്രി കോർപറേഷനിൽ ജോലി ചെയ്തവരെയാണ് കോവിഡ് മറവിൽ ആനുകൂല്യം പോലും നൽകാതെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ജോലി നഷ്ടമായത് മലയാളികൾ അടക്കം 286 ഇന്ത്യക്കാർക്കാണ്. അർഹമായ ആനുകൂല്യങ്ങൾ നൽകാതെ മടക്കി അയച്ചതിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് നിവേദനം നൽകിയിരുന്നു. എങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ പ്രതിഷേധം.
രവി പിള്ളയുടെ നേതൃത്വത്തിലാണ് ഈ കമ്പനിയും പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൊല്ലത്തേക്ക് പ്രതിഷേധം എത്തിയത്. തൊഴിലാളികൾക്കായി ് അന്താരാഷ്ട്ര അഭിഭാഷക സംഘടനയായ ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സിന്റെ (എൽബിബി) ഇന്ത്യ ചാപ്റ്റർ ആണ് പരാതികൾ നൽകിയത്. സൗദി അറേബ്യയിലെ തൊഴിൽ നിയമമനുസരിച്ചു ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ആനുകൂല്യത്തിന് അർഹരാണിവർ. ഈ ആനുകൂല്യം ലഭ്യമാകുന്നതിന് നിയമനടപടികളടക്കം സഹായം നൽകാൻ സൗദിയിലെ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകണമെന്ന് എൽബിബി ഇന്ത്യ ചാപ്റ്റർ കൺവീനർ അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ നിവേദനത്തിൽ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. ഈ സാഹചര്യത്തിലാണ് സമരം.
ആർപി ഗ്രൂപ്പിന്റെ ഓഫീസിന് മുന്നിലെ സമരത്തിലും ആനുകൂല്യങ്ങൾ വേണമെന്ന ആവശ്യമാണ് ഉയർന്നത്. കമ്പനി പ്രതിനിധിയായി എത്തിയ വ്യക്തി പരാതിക്കാരുമായി സംസാരിച്ചു. വർഷങ്ങളായി തങ്ങൾ രാപകൽ കഷ്ടപ്പെട്ടതിന്റെ ആനുകൂല്യങ്ങൾ നൽകാത്ത പക്ഷം ഫെബ്രുവരി 10 ന് സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധ മാർച്ച് നടത്തുമെന്നും. തുടർന്ന് ആർ.പി ഗ്രൂപ്പിന്റെ ഓഫീസിലും ഉടമയുടെ വീടിനുമുൻപിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും തൊഴിലാളികൾ വ്യക്തമാക്കി. തുടർന്ന് പ്രധാനമന്തിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് തൊഴിലാളികൾ പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി, മുഖ്യമന്ത്രി, സൗദിയിലെ ഇന്ത്യൻ അംബാസഡർ, നോർക്ക തുടങ്ങിയവർക്ക് പരാതി നൽകിയിട്ട് മൂന്നു മാസത്തിലധികം കഴിഞ്ഞെങ്കിലും അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്. 11 സംസ്ഥാനങ്ങളിൽ നിന്നായി നിരവധി തൊഴിലാളികളാണ് സാമ്പത്തിക അനുകൂല്യങ്ങൾ തട്ടിച്ച കമ്പനിക്കെതിരെ നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ, വേതന മോഷണമുൾപ്പടെയുള്ള സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ എൽബിബി ജൂലൈയിൽ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി ഉന്നയിക്കപ്പെട്ടാൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വിദേശ രാജ്യങ്ങളിലെ തൊഴിൽ തർക്കങ്ങളുൾപ്പെടെ പരിഹരിക്കാൻ സംവിധാനമുണ്ടെന്ന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇതിനനുസൃതമായ ഇടപെടൽ വിദേശകാര്യമന്ത്രാലത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇതാണ് നടക്കാതെ പോകുന്നത്. രവി പിള്ളയുടെ സ്വാധീനത്തിന്റെ കരുത്താണ് ഇതിന് കാരണമെന്നാണ് പ്രതിഷേധക്കാരുടെ പരാതി.
188 മലയാളികളും ബീഹാർ(39) തമിഴ്നാട്(38),യുപി(17),ഒഡീഷ(4) എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസി തൊഴിലാളികളുമാണ് വഞ്ചിക്കപ്പെട്ടത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും നിവേദനം നൽകി. റിക്രൂട്ട്മെന്റ് ഏജന്റുമാർവഴി വിസയ്ക്കു പണം നൽകി നേടിയ ജോലി നഷ്ടപ്പെട്ടവരിൽ 27 വർഷംവരെ അവിടെ ജോലിചെയ്തവരുമുണ്ട്. ഇവരെല്ലാം തന്നെ 50 വയസോ അതിലധികമോ പ്രായമുള്ളവരുമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരാണ് ആനുകൂല്യം നേടിയെടുക്കാൻ പ്രതിഷേധത്തിനായി കൊല്ലത്ത് എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ